കർഷകർ പ്രതിഷേധത്തിന് ഒരുങ്ങുന്നു
വ്യാഴാഴ്ച കളക്ടറുടെ ചേംബറിൽ യോഗം
രണ്ടാംവിള ഉപേക്ഷിക്കേണ്ടിവന്നേക്കും
ആലത്തൂർ : മലമ്പുഴ അണക്കെട്ടിൽനിന്ന് ഇപ്പോൾ കൃഷിക്ക് വെള്ളം തുറന്നുവിടാനാവില്ലെന്ന് അധികൃതർ. ബുധനാഴ്ച ചേർന്ന മലമ്പുഴ കനാൽ പദ്ധതി ഉപദേശകസമിതിയോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 17,050 ഹെക്ടറിൽ ജലസേചനത്തിനുള്ള മലമ്പുഴ ഇടതുകനാൽ തുറക്കണമെന്ന് കർഷകപ്രതിനിധികൾ ആവശ്യപ്പെട്ടു.
കൽമണ്ഡപം നെറുകക്കാട്ടിൽ കനാലിനുകുറുകേ പാലം നിർമിക്കുന്നതിനാൽ കനാൽ തുറക്കാനാകില്ലെന്ന് എൻജിനിയർമാർ വിശദീകരിച്ചു. പാലം വാർക്കുന്നതിനായി തൂണ് നാട്ടി കമ്പികെട്ടലും തട്ടടിക്കലും പുരോഗമിക്കുകയാണ്. നിർമാണാവശ്യത്തിനായി കനാലിനുകുറുകേ ബണ്ട് നിർമിച്ചിട്ടുമുണ്ട്. ഡാമിൽ ജലശേഖരം പകുതിയേയുള്ളൂ. ശാഖാ, കാഡ കനാലുകൾ വൃത്തിയാക്കിയിട്ടുമില്ല. ഇക്കാരണത്താൽ ഡാം തുറക്കാനാകില്ലെന്ന് ജലസേചനവിഭാഗം എൻജിനിയർമാർ വിശദീകരിച്ചു. ഇതോടെ രണ്ടാംവിള കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
കർഷകപ്രതിനിധികൾ കളക്ടറുടെ സാന്നിധ്യത്തിൽ ജലസേചന, പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി പ്രശ്നം ചർച്ചചെയ്തെങ്കിലും കനാൽ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. വ്യാഴാഴ്ച കളക്ടറുടെയും എ. പ്രഭാകരൻ എം.എൽ.എ.യുടെയും സാന്നിധ്യത്തിൽ കർഷകരും ഉദ്യോഗസ്ഥരും പ്രശ്നം വീണ്ടും ചർച്ചചെയ്യും.
പോത്തുണ്ടി ഡാം തുറക്കണം
നെന്മാറ : മഴ മാറിയതോടെ പാടങ്ങളിൽ വെള്ളമില്ലാത്തതിനാൽ പോത്തുണ്ടി ഡാമിൽനിന്ന് കൃഷിക്ക് വെള്ളം തുറന്നുവിടണമെന്ന് നെന്മാറ കൃഷിഭവനുകീഴിലെ പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. വിത്തനശ്ശേരി, വെള്ളറ, തച്ചൻപൊറ്റ, കൊല്ലങ്കോട്ടുകുളമ്പ്, നടക്കാട്, പഴതറക്കാട്, ചാണ്ടിച്ചാല, നെന്മാറപ്പാടം തുടങ്ങിയ ഭാഗങ്ങളിലാണ് നെൽക്കൃഷി വെള്ളമില്ലാത്തതിനാൽ ഉണക്കുഭീഷണിയിലേക്കു നീങ്ങുന്നത്.
പോത്തുണ്ടി പദ്ധതി മുൻ ഉപദേശകസമിതിയംഗം പി.വി. ചാമുക്കുട്ടൻ, കർഷകസമിതി പ്രസിഡന്റ് എം. മുരളീധരൻ, കെ. രാമചന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ, വി. രാജൻ, ബി. വിശ്വംഭരൻ, എം. ശിവൻ തുടങ്ങിയവർ സംസാരിച്ചു.
‘അണക്കെട്ടുകൾ തുറക്കണം’
പാലക്കാട് : ഉണക്കുഭീഷണി നേരിടുന്ന നെൽക്കൃഷിയെ രക്ഷിക്കാൻ ജില്ലയിൽ അണക്കെട്ടുകൾതുറന്ന് വെള്ളമെത്തിക്കണമെന്ന് ദേശീയ കർഷകസംരക്ഷണ സമിതി ആവശ്യപ്പെട്ടു. മഴക്കുറവും കനത്തചൂടുംമൂലം നെൽച്ചെടികൾ ഉണങ്ങാൻ സാധ്യതയുണ്ടെന്നും പറഞ്ഞു. അടുത്തമാസത്തെ വിളവെടുപ്പിനുമുൻപ് അണക്കെട്ടിൽനിന്നുള്ള ജലസേചനം ആവശ്യപ്പെട്ട് സമിതി ഭാരവാഹികളായ പാണ്ടിയോട് പ്രഭാകരൻ, വി. വിനോദ് കാട്ടിൽ, സി. മുരളീധരൻ തുടങ്ങിയവർ ചേർന്ന് ജില്ലാ കളക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ, മലമ്പുഴഡാം എക്സിക്യുട്ടീവ് എൻജിനിയർ എന്നിവർക്ക് നിവേദനം നൽകി.
Published: 10 Sept 2026, 04:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented