കാളികാവ് : ചിങ്കക്കല്ല് പുഴയിൽ വ്യാഴാഴ്ച ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. നാട്ടിൽ മഴയില്ലാതിരുന്ന സമയത്താണ് മൂന്നരയോടെ പുഴയിൽ അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തിയത്.
പുഴയുടെ ഉത്ഭവസ്ഥലമായ കോഴിപ്ര മലവാരത്തിൽ ശക്തമായ മഴപെയ്തതാണ് മലവെള്ളപ്പാച്ചിലിനു കാരണമെന്നാണ് കരുതുന്നത്. കഠിനമായ ചൂടിൽ നീരൊഴുക്ക് കുറഞ്ഞ് ചെറുചോലകൾ ഉൾപ്പെടെ വരണ്ടനിലയിലായിരുന്ന പുഴ ചുരുങ്ങിയ സമയത്തിനുള്ളിൽ നിറഞ്ഞൊഴുകി. കിലോമീറ്ററുകൾ താണ്ടിയെത്തിയ മലവെള്ളം ജനവാസമേഖലയായ വള്ളിപ്പൂളയുടെ താഴ്ഭാഗത്തേക്കും ഒഴുകിയെത്തി. വലിയ തോതിലാണ് മലവെള്ളം എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ വരൾച്ചയിലായിരുന്ന പുഴയ്ക്കും സമീപത്തെ കാർഷിക മേഖലയ്ക്കും ആശ്വാസമായെങ്കിലും മലവാരങ്ങളിലെ മഴയിൽ പുഴയിൽ പെട്ടെന്ന് വലിയ തോതിൽ നീരൊഴുക്കുണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഒരാഴ്ച മുൻപ് സമീപത്തെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് ആറുപേർ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചിങ്കക്കല്ല് പുഴയിലും സമാന രീതിയിൽ പെട്ടെന്ന് മലവെള്ളമെത്തിയത്. കോട്ടപ്പുഴ ദുരന്തത്തെ തുടർന്ന് പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം കുറഞ്ഞത് അപകടസാധ്യത ഇല്ലാതാക്കി. മലവെള്ളപ്പാച്ചിലിന്റെ സാധ്യത കണക്കിലെടുത്ത് പുഴയോരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ജാഗ്രത തുടരണമെന്ന് നാട്ടുകാർ പറഞ്ഞു.
Published: 02 Oct 2026, 03:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented