വളാഞ്ചേരി : പെയിൻ ആൻഡ് പാലിയേറ്റീവ് വളാഞ്ചേരി യൂണിറ്റിന്റെ പരിചരണകേന്ദ്രത്തിലെ പ്രവർത്തനങ്ങൾ നേരിൽ കാണാനും ബന്ധപ്പെട്ടവരുമായി സംവദിക്കാനും വിദേശപ്രതിനിധികളെത്തി.

To advertise here,

കെനിയ, ബംഗ്ലാദേശ്, ഘാന, കാനഡ, അയർലൻഡ്‌, റൗണ്ട എന്നീ ആറു രാജ്യങ്ങളിൽനിന്നുള്ള പത്ത് പ്രതിനിധികളാണ് വളാഞ്ചേരിയിലെത്തിയത്.

ലോകാരോഗ്യസംഘടനയുടെ സഹകരണകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ സംഘടിപ്പിച്ച മാസ്റ്റർക്ലാസിന്റെ ഭാഗമായ ഫീൽഡ് സന്ദർശനത്തോടനുബന്ധിച്ചായിരുന്നു സംഘമെത്തിയത്. നഗരസഭാധ്യക്ഷ ഹസീന വട്ടോളിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും പാലിയേറ്റീവ് വൊളന്റിയർമാരും ക്ലിനിക് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. സംഘാടനം, രോഗീപരിചരണം, സാമ്പത്തികസമാഹരണം, മാനസിക-സാമൂഹിക പിന്തുണ, ക്ലിനിക്കിന്റെ ദൈനംദിന പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിദേശപ്രതിനിധികൾ ചോദിച്ചറിഞ്ഞു.

കേസ്ഷീറ്റുകളുൾപ്പെടെ രോഗികളെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി സൂക്ഷിക്കുന്നതും തുടർചികിത്സ നൽകുന്നതും പ്രതിനിധികളുടെ പ്രത്യേക അഭിനന്ദനത്തിനിടയാക്കി.

പാലിയേറ്റീവ് സെക്രട്ടറി ഡോ. മുജീബ് റഹ്മാൻ, ക്ലിനിക് സെക്രട്ടറി വി.പി.എം. സാലിഹ്, ഡോ. ഷജീബ, എൻ. അബ്ദുൽ ജബ്ബാർ, ഐ.എം.എ. പ്രതിനിധികളായ ഡോ. കെ.ടി. റിയാസ്, ഡോ. അബ്ദുറഹ്മാൻ, നഴ്‌സുമാരായ ഷരീഫ, സഫിയ എന്നിവർ സംഘത്തിന് പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു.

വൈസ്‌ ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, കുഞ്ഞാപ്പു പാലാറ, എൻ. മൂസ്സ, നാസർ, ശബാബ വക്കരത്ത് എന്നിവരും വിവിധ കൗൺസിലർമാരും ഒപ്പമുണ്ടായിരുന്നു.