തരിശുനിലം വിളനിലമാക്കി ക്ലബ് പ്രവർത്തകർ
ചാത്തന്നൂർ :ഉത്‌പാദനച്ചെലവ് വർധിക്കുകയും ലാഭം കുറയുകയും ചെയ്തതോടെ പലരും നെൽക്കൃഷിയിൽനിന്ന് പിൻവാങ്ങുമ്പോൾ, നാടിന്റെ പച്ചപ്പുകാക്കാൻ നടയ്ക്കൽ ഏലായിൽ വീണ്ടും വിത്തെറിഞ്ഞ് ഒരുകൂട്ടം കർഷകപ്രേമികൾ.
തുടർച്ചയായ ഏഴാംവർഷമാണ് നടയ്ക്കൽ ഏലായിൽ രണ്ടാംവിള നെൽക്കൃഷി ആരംഭിക്കുന്നത്. 2020-ൽ സംസ്ഥാനസർക്കാരിന്റെ 'സുഭിക്ഷകേരളം' പദ്ധതിയുടെ ഭാഗമായി വർഷങ്ങളോളം തരിശുകിടന്ന പത്തേക്കർ സ്ഥലത്താണ് നടയ്ക്കൽ ഗാന്ധിജി ആർട്‌സ്, സ്‌പോർട്‌സ് ക്ലബ് ആൻഡ് ലൈബ്രറി പ്രവർത്തകർ വിത്തെറിഞ്ഞ് കൃഷി പുനരുജ്ജീവിപ്പിച്ചത്.
പ്രതിസന്ധികളോട് പൊരുതി കൃഷി
:തൊഴിലാളിക്ഷാമം, ഉയർന്ന കൂലി, കാട്ടുപന്നിശല്യം എന്നിവ കാരണം മേഖലയിലെ കർഷകർ നെൽക്കൃഷിയിൽനിന്ന് അകന്നുനിൽക്കുന്ന സാഹചര്യത്തിലാണ് ഈ കാർഷികമുന്നേറ്റം. തുലാമഴയുടെ കുറവുമൂലം ഏലായിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതും വലിയ വെല്ലുവിളിയായി. കാലാവസ്ഥാവ്യതിയാനം കാരണം ഇത്തവണ നടീലിനു പകരം വിതയ്ക്കുകയാണ് ചെയ്തത്. ഉമ, ഔഷധഗുണമുള്ള രക്തശാലി എന്നീ വിത്തിനങ്ങളാണ് ഇത്തവണ കൃഷിയിറക്കിയത്. ഭക്ഷ്യസുരക്ഷയ്‌ക്കൊപ്പം കുടിവെള്ളക്ഷാമത്തിനു ശാശ്വതപരിഹാരം കാണുന്നതിനും പ്രദേശത്തെ ആവാസവ്യവസ്ഥയും കാർഷികസംസ്‌കാരവും സംരക്ഷിക്കുന്നതിനും ഏലാസംരക്ഷണം അനിവാര്യമാണെന്ന് ഇവർ പറയുന്നു.
സഹായധനം കുടിശ്ശിക
:തുടക്കകാലത്ത് ത്രിതല പഞ്ചായത്തുകളുടെയും സർക്കാരിന്റെയും ശക്തമായ ധനസഹായം ലഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗ്രാമപ്പഞ്ചായത്തിന്റെ സഹായംമാത്രമാണ് ലഭിക്കുന്നത്. എന്നാൽ, കഴിഞ്ഞവർഷത്തെ സഹായധനംപോലും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പ്രവർത്തകർ പറയുന്നു. കൃഷി മുന്നോട്ടുകൊണ്ടുപോകാൻ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യമാണ്:
മണ്ണിലിറങ്ങി ഉദ്യോഗസ്ഥരും
:കൃഷിയോടുള്ള അടങ്ങാത്ത അഭിനിവേശംകൊണ്ട് ജോലിത്തിരക്കുകൾക്കിടയിലും മണ്ണിലിറങ്ങുകയാണ് ഇതിനു പിന്നിലെ നേതൃത്വം. ലൈബ്രറി പ്രവർത്തകരായ മുൻ ഇത്തിക്കര ബി.ഡി.ഒ. ശരച്ചന്ദ്രക്കുറുപ്പ്, ചിറക്കര വില്ലേജ് അസിസ്റ്റന്റ് ഗിരീഷ്‌കുമാർ നടയ്ക്കൽ, എസ്.കെ.എം. കാലിത്തീറ്റ കൊല്ലം ഡിപ്പോ മാനേജർ പി.വി. അനിൽകുമാർ എന്നിവരാണ് ഏലായിലെ കൃഷിക്ക് നേതൃത്വം നൽകുന്നത്. വരുംദിവസങ്ങളിൽ കൃഷി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.
Published: 02 Oct 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented