പുളിക്കൽ : പുളിക്കൽ ഗവ. ആയുർവേദ ചികിത്സാകേന്ദ്രത്തിനായി ഒന്നേകാൽ കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ആരോഗ്യ-കുടുംബക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. സംസ്ഥാനസർക്കാരിന്റെ പദ്ധതിയിൽ തുക വകയിരുത്തിയാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിച്ചത്. ചികിത്സാകേന്ദ്രത്തിൽ മികച്ച ഭൗതികസാഹചര്യങ്ങൾ ഒരുക്കിയതോടെ സ്ഥാപനത്തെ ആയുർവേദ ആശുപത്രിയായി ഉയർത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

To advertise here,

ടി.പി. അഷ്‌റഫലി എം.എൽ.എ. അധ്യക്ഷനായി. ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷാനവാസ് തയ്യിൽ പ്രവർത്തനറിപ്പോർട്ടും പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഗോപൻ മുക്കുളത്ത് സാങ്കേതികറിപ്പോർട്ടും അവതരിപ്പിച്ചു. പരേതനായ ടി.പി. കൃഷ്ണൻ നായർ പുതിയേടത്തുപറമ്പിൽ സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. അദ്ദേഹത്തിന്റെ സ്‌മരണാർഥം ഭാര്യ ശാന്തകുമാരി അമ്മയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ. മുഖ്യാതിഥിയായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ റോസ്‌ന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൈപ്പങ്ങൽ അഹമ്മദ്, ബ്ലോക്ക്പഞ്ചായത്തംഗങ്ങളായ ഫസീല നാസർ, പി. സാജിത, മുനീർ വില്ലുകാരൻ, ജില്ലാപഞ്ചായത്തംഗം ഷജിനി ഉണ്ണി, വാർഡംഗം കുഞ്ഞുമുഹമ്മദ്, പഞ്ചായത്ത് സെക്രട്ടറി ഒ. വിനോദ്കുമാർ, മെഡിക്കൽ ഓഫീസർ ഡോ. ലത എന്നിവർ പ്രസംഗിച്ചു.