ചടയമംഗലം : എം.സി. റോഡിനോട് ചേർന്നുള്ള ചടയമംഗലത്തെ പൊതുചന്ത നശിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. പലതവണ ചന്ത പുനരാരംഭിക്കുന്നതിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഏറ്റവും ഒടുവിൽ ഓണത്തിനോടനുബന്ധിച്ച് ഒരാഴ്ച മത്സ്യക്കച്ചവടം ഉൾപ്പെടെ നടത്തി പ്രവർത്തനം വിപുലീകരിക്കാൻ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ആരും തിരിഞ്ഞുനോക്കാനില്ലാതെ അനാഥമായ ചന്ത നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. മത്സ്യവിപണന സ്റ്റാൾ തെരുവ്നായകൾ കൈയടക്കി. ഇറച്ചി സ്റ്റാളും പ്രവർത്തിക്കുന്നില്ല. ചന്തയും പരിസരവും സമൂഹവിരുദ്ധരുടെ താവളമായി. ചന്തയുടെ പ്രാന്തപ്രദേശം മാലിന്യംനിറഞ്ഞ് ദുർഗന്ധവുമുണ്ട്.
2008-ൽ ചന്തയിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാന്റും തകർന്നു. പട്ടണത്തിലടക്കം നൂറോളം തെരുവുവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിച്ച ബയോഗ്യാസ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനമാണ് പാളിയത്. വൈദ്യുതിസംവിധാനവും തകർന്നു. മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്ത പ്ലാന്റാണിത്. ഇതിനോട് ചേർന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2014-15 കാലത്ത് നിർമിച്ച കാർഷിക വിപണന കേന്ദ്രം നാഥനില്ലാത്ത അവസ്ഥയിലാണ്. ചന്തയുടെ സ്ഥലം അനധികൃത വാഹന പാർക്കിങ് ഇടമായി മാറിയിരിക്കുകയാണ്. പഞ്ചായത്തുവക സ്ഥലം ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്നിട്ടും ഇതിനായി ഇനിയും ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേസമയം ചന്ത കോമ്പൗണ്ടിൽ പഞ്ചായത്തുവക വ്യാപാര സമുച്ചയം, സബ് ആർ.ടി.ഒ. ഓഫീസ്, പോലീസ് സ്റ്റേഷൻ, കുടുംബശ്രീ കാര്യാലയം, ഹോമിയോ ഡിസ്പെൻസറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ചടയമംഗലം ഗ്രാമപ്പപഞ്ചായത്ത് ഓഫീസിന്റെ കൺവെട്ടത്ത് പ്രവർത്തിച്ചിരുന്ന ചന്തയാണ് ശാപമോക്ഷത്തിനായി കാത്തിരിക്കുന്നത്. ഒരു ദേശമാകെ ചന്തയുടെ വികസനത്തിനായി വലിയ മുറവിളി കൂട്ടിയിട്ടും അധികൃതർ മുഖംതിരിഞ്ഞു നിൽക്കുന്നതായാണ് ആക്ഷേപം. ചന്തയുടെ കാര്യക്ഷമമായ പ്രവർത്തനം എത്രയുംവേഗം നടപ്പാക്കാൻ അടിയന്തര ശ്രമം വേണമെന്ന ആവശ്യവും ശക്തമായി.
Published: 02 Oct 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented