കരുനാഗപ്പള്ളി : കുലശേഖരപുരം, ആലപ്പാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ടി.എസ്.കനാലിനു കുറുകേ പാലം നിർമിക്കാനുള്ള പൈലിങ് തുടങ്ങി. കാട്ടിൽക്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യമുയർന്നിട്ട് വർഷങ്ങളായിരുന്നു. ഇതിനായി 2016-ൽ കർമസമിതി രൂപവത്കരിക്കുകയും ഒട്ടേറെ നിവേദനങ്ങൾ നൽകുകയും ചെയ്തു. 2017-18ലെ ബജറ്റിൽ കാട്ടിൽക്കടവ് പാലം നിർമിക്കാൻ 20 കോടി രൂപ അനുവദിച്ചു. 2019-ൽ കിഫ്ബി മുഖേന പാലം നിർമിക്കുന്നതിനായി 30.89 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഇതിന് ഭരണാനുമതിയും നൽകി. 2022 അവസാനത്തോടെ സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായി.

To advertise here,

ടി.എസ്.കനാലിൽനിന്ന്‌ ആറുമീറ്റർ ഉയരത്തിലാണ് ആദ്യം രൂപകല്പന ചെയ്തിരുന്നത്. പിന്നീട് വലിയ മത്സ്യബന്ധന ബോട്ടുകൾക്കുകൂടി കടന്നുപോകാൻ സാധിക്കുംവിധം ഉയരം കൂട്ടി. ഇതോടെ പാലത്തിന്റെ നിർമാണച്ചെലവ് 44.89 കോടിയായി.

2023 ജൂണിൽ ടെൻഡർ ചെയ്തെങ്കിലും ഒരാൾമാത്രമേ പങ്കെടുത്തുള്ളൂ. ഇക്കാരണത്താൽ അംഗീകാരം ലഭിച്ചില്ല. വീണ്ടും ടെൻഡർ ചെയ്യാനായി ശ്രമിച്ചപ്പോൾ കിഫ്ബി മാനദണ്ഡത്തിൽ മാറ്റം വരുത്തുകയും പി.ഇ.ഡി. എന്ന നടപടിക്രമം പൂർത്തിയായിട്ട്‌ ടെൻഡർ ചെയ്താൽ മതിയെന്ന് കിഫ്ബി നിർദേശിക്കുകയും ചെയ്തു. തീരദേശ പരിപാലന നിയന്ത്രണചട്ടം അനുസരിച്ചുള്ള അനുമതി ലഭിക്കാനും കാലതാമസം നേരിട്ടു. ടെൻഡർ ചെയ്യാനുള്ള നടപടികൾ നീണ്ടതോടെ എം.എൽ.എ. ആവശ്യപ്പെട്ടതനുസരിച്ച്‌ കിഫ്ബി 2024 നവംബറിൽ യോഗം ചേരുകയും അനുമതി കൊടുക്കുകയും ചെയ്തു.

2025 മാർച്ചിൽ ടെൻഡർ ചെയ്തു. ഒറ്റ ടെൻഡർമാത്രമായതിനാൽ 2026 ജനുവരിയിൽ വീണ്ടും ടെൻഡർ ചെയ്യുകയും 15.84 ശതമാനം കൂടുതൽ തുകയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ടെൻഡർ നൽകുകയും ചെയ്തു.

2026 ഫെബ്രുവരിയിൽ ടെൻഡർ കമ്മിറ്റി അംഗീകാരം നൽകി. കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡിവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമാണച്ചുമതല. പാലം യാഥാർഥ്യമാക്കുന്നതിന്റെ സുപ്രധാന നിർമാണപ്രവർത്തനങ്ങളാണ് പൈലിങ് പ്രവൃത്തിയോടെ ആരംഭിച്ചതെന്ന് സി.ആർ. മഹേഷ് എം.എൽ.എ. പറഞ്ഞു.

സി.ആർ. മഹേഷ് എം.എൽ.എ., കുലശേഖരപുരം പഞ്ചായത്ത് പ്രസിഡന്റ് പി.ഡി. അരുൺരാജ്, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ തൃദീപ്, ജില്ലാപഞ്ചായത്ത്‌ അംഗം വരുൺ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.ഉല്ലാസ്, ശ്രീജ ശശാങ്കൻ, കർമസമിതി ഭാരവാഹികളായ കൃഷ്ണദാസ്, രവിദാസ്, കരയോഗം ഭാരവാഹികളായ വിധു, ബിനു വണ്ടിത്തറയിൽ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ, കരാർ കമ്പനി ഉദ്യോഗസ്ഥർ, കെ.ബി.ഡി. കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.