അങ്ങാടിപ്പുറം : വയോജന ദിനാചരണത്തിനൊരുങ്ങുമ്പോൾ വൈലോങ്ങരയിലെ സാകേതം വൃദ്ധാശ്രമത്തിന് പറയാനുള്ളത് സ്‌നേഹത്തിന്റെയും കരുതലിന്റെയും കഥയാണ്. വൈലോങ്ങരയിൽ നിരത്തുവക്കിലെ ആറര ഏക്കർ സ്ഥലത്ത്, കുളവും പച്ചപ്പും നിറഞ്ഞ മങ്കട കോവിലകത്താണ് ‘സാകേതം’ ഉള്ളത്. വിവിധ ജില്ലകളിൽനിന്നായി ഇവിടേക്ക് എത്തിച്ചേർന്ന 25 വയോജനങ്ങൾക്ക് സാകേതം ഒരു അഭയകേന്ദ്രം മാത്രമല്ല, ഒരു കുടുംബമാണ്. ബന്ധുക്കളുണ്ടായിട്ടും ആരുമില്ലാത്തവരും മക്കൾക്കായി ജീവിതം മുഴുവൻ അധ്വാനിച്ചശേഷം ഒറ്റപ്പെട്ടുപോയവരും തികച്ചും അനാഥരായവരും വിരമിച്ച ഉദ്യോഗസ്ഥരുമെല്ലാം ഇവിടെ ഒരേ മനസ്സോടെ കഴിയുന്നു.
ഇവിടുത്തെ 16 മുത്തശ്ശിമാരെയും ഒൻപത് മുത്തച്ഛൻമാരെയും കാണാൻ വിദ്യാർഥികളും യുവാക്കളും വിവിധ സംഘടനകളുടെ പ്രവർത്തകരും പൊതുപ്രവർത്തകരുമെല്ലാം എത്താറുണ്ട്. 93 വയസ്സുള്ള പാറുക്കുട്ടിയമ്മയാണ് കൂട്ടത്തിലെ ഏറ്റവും മുതിർന്നയാൾ.
സാകേതം തുടങ്ങിയ കാലം മുതൽ ഇവിടെ കഴിയുന്ന സുബ്രഹ്മണ്യ അയ്യർക്ക് രണ്ടു പതിറ്റാണ്ടിന്റെ ഓർമ്മകളാണ് ഈ ഇടവുമായുള്ളത്.
ഭക്ഷണത്തിനും സാകേതത്തിൽ പ്രത്യേക കരുതലുണ്ട്. പല ദിവസങ്ങളിലും സദ്യയൊരുങ്ങും.
ഭക്ഷണവും വസ്ത്രവും മാത്രമല്ല, അന്തേവാസികളുടെ ഓരോ ആവശ്യവും കണ്ടറിഞ്ഞ് സഹായവുമായി എത്തുന്ന സംഘടനകളും ക്ലബ്ബുകളും സ്ഥാപനങ്ങളും വ്യക്തികളും ഏറെയാണ്. പഞ്ചായത്തിൽനിന്നും പൊതുജനങ്ങളിൽനിന്നും മികച്ച പിന്തുണയുമുണ്ട്.
അയൽവാസിയായ വത്സലയാണ് രണ്ടുപതിറ്റാണ്ടോളമായി അമ്മമാർക്കായി ഭക്ഷണമൊരുക്കുന്നത്. അടുക്കളയിൽ വത്സലയ്‌ക്കൊപ്പം കൂടുന്ന അമ്മമാരുമുണ്ട്.
സാകേതത്തിലെ മറ്റൊരു സജീവസാന്നിധ്യമാണ് തൊഴുത്തിലെ ആറു പശുക്കൾ. ചില അന്തേവാസികൾ പശുക്കൾക്ക് വെള്ളവും തീറ്റയും പരിചരണവും നൽകാൻ താത്പര്യം കാണിക്കാറുണ്ട്.
അങ്ങാടിപ്പുറത്തെയും സമീപ പഞ്ചായത്തുകളിലെയും പാലിയേറ്റീവ് കേന്ദ്രങ്ങളുടെ സേവനവും തൊട്ടടുത്ത ക്ലിനിക്കിലെ ഡോ. നിഖിൽ മാധവന്റെയും വിവിധ ആശുപത്രികളിലെ ഡോക്ടർമാരുടെയും പരിചരണവും ഇവർക്ക് കിട്ടുന്നുണ്ട്. മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കാറുണ്ട്.
സാകേതം ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിലാണ് വൃദ്ധാശ്രമം പ്രവർത്തിക്കുന്നത്. കെ.പി. വാസു പ്രസിഡന്റും ബി. രതീഷ് സെക്രട്ടറിയും വി.എസ്. ബാബു പ്രകാശ്
ഖജാൻജിയുമായ ഒൻപതംഗ കമ്മിറ്റിക്കാണ് ഭരണച്ചുമതല. കെ. ഭാസ്‌കരനാണ് മാനേജർ.
Published: 01 Oct 2026, 03:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented