കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന്‌

To advertise here,

പള്ളിക്കൽ : അസൗകര്യങ്ങളുടെ വീർപ്പുമുട്ടലിൽനിന്നും പള്ളിക്കൽ വില്ലേജോഫീസിന് മോചനമാകുന്നു. പുതുതായി നിർമിച്ച പള്ളിക്കൽ വില്ലേജോഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 11-ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും.

വില്ലേജ് ഓഫീസുകളിൽനിന്നുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിൽ പള്ളിക്കൽ വില്ലേജിനെയും ഉൾപ്പെടുത്തിയിരുന്നു. അതിന്റെ ഫലമായാണ് കൂടുതൽ സൗകര്യങ്ങളോടെയുള്ള പുതിയ ഓഫീസ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. കാക്കഞ്ചേരി-കൊട്ടപ്പുറം റോഡിനോടുചേർന്നുള്ള സർക്കാർ വക മൂന്നു സെന്റ് സ്ഥലത്ത് 1986-ൽ നിർമിച്ച കെട്ടിടത്തിലായിരുന്നു പള്ളിക്കൽ വില്ലേജ് ഓഫീസ് ഞെങ്ങിഞെരുങ്ങി പ്രവർത്തിച്ചിരുന്നത്. 600 ചതുരശ്ര അടി പോലും തറവിസ്തീർണമില്ലാത്ത കെട്ടിടം. ഓഫീസിനു മുൻഭാഗത്ത് വാഹനത്തിരക്കേറിയ പൊതുമരാമത്ത് റോഡും മറ്റു മൂന്നു വശങ്ങളിൽ സ്വകാര്യവ്യക്തികളുടെ സ്ഥലവും. സൗകര്യങ്ങളോടെയുള്ള കെട്ടിടനിർമാണത്തിന് സ്വകാര്യ വ്യക്തികളിൽനിന്നും മതിയായ സ്ഥലം വിട്ടുകിട്ടണമെന്ന സ്ഥിതിവന്നു. സ്ഥലം വിട്ടുകിട്ടുന്നതിനുവേണ്ട പരിശ്രമങ്ങൾ പലതലത്തിൽ നടന്നു.

ഒടുവിൽ വില്ലേജോഫീസിനോട് ചേർന്നുകിടക്കുന്ന സ്ഥലത്തിന്റെ ഉടമകളായ പെരിഞ്ചീരി ഉമ്മാദിയക്കുട്ടി, ഒറ്റപ്പിലാക്കൽ അബ്ദുൽ ലത്തീഫ് എന്നിവർ സൗജന്യമായി ഒരു സെന്റ് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായതോടെയാണ് പ്രശ്നത്തിന് പരിഹാരം കാണാനായത്. കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു. 45 ലക്ഷം രൂപ ചെലവിൽ നിർമിതികേന്ദ്രയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്. 2025 സെപ്റ്റംബർ 15 മുതൽ കാവുംപടിയിലെ ഒരു വാടക കെട്ടിടത്തിലാണ് ഓഫീസ് താത്കാലികമായി പ്രവർത്തിച്ചിരുന്നത്. 25.96 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതും എഴുപതിനായിരത്തിലധികം ആളുകൾ താമസിക്കുകയും ചെയ്യുന്ന പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് മുഴുവനായും ഉൾക്കൊള്ളുന്നതാണ് പള്ളിക്കൽ വില്ലേജ്. സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പള്ളിക്കലിൽ വില്ലേജ് വിഭജനം എന്നത് ദശാബ്ദങ്ങളായുള്ള ആവശ്യമാണ്. ഉദ്ഘാടനച്ചടങ്ങിന്റെ സംഘാടകസമിതി രൂപവത്കരണയോഗം പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ സാബിറ പുളിയമ്പലത്ത് ചെയർമാനും പള്ളിക്കൽ വില്ലേജ് ഓഫീസർ ആലിസ് മാത്യു കൺവീനറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. സക്കീർ ട്രഷററുമായി സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു.