പ്രായമായവർക്കും ഗർഭിണികൾക്കും ദുരിതം

To advertise here,

കരുവാരക്കുണ്ട് : ആരോഗ്യ ഉപകേന്ദ്രത്തിൽ സേവനം തേടിയെത്തുന്നവർക്ക് ആദ്യം വേണ്ടത് ആരോഗ്യം. കരുവാരക്കുണ്ട് പഞ്ചായത്തിലെ മാമ്പറ്റ വാർഡിലെ ആരോഗ്യ ഉപകേന്ദ്രം മൂന്നുപതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്നത് ഉയർന്നപ്രദേശത്താണ്. ഇവിടെയെത്തണമെങ്കിൽ കുത്തനെയുള്ള കയറ്റവും പടികളും കയറണം. പ്രായമായവർ, രോഗികൾ, ഗർഭിണികൾ, ശാരീരികബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. സേവനം തേടിയെത്തുന്ന ദുർബലർക്ക് നിലവിലെ പ്രവേശനപാത വലിയ തടസ്സമാണ്. 15 ൽ പരം ചവിട്ടുപടികൾ കയറിയല്ലാതെ ആരോഗ്യകേന്ദ്രത്തിലേക്ക് എത്താൻ വേറെ ഒരു മാർഗവുമില്ല. സേവനം തേടിയെത്തുന്നവർക്ക്

അടിയന്തരസാഹചര്യം നേരിട്ടാൽപോലും ആരോഗ്യ ഉപകേന്ദ്രത്തിലേക്ക് വാഹനം എത്താൻ കഴിയില്ല. 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ആരോഗ്യകേന്ദ്രം താഴ്‌ന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുൻപുണ്ടായിരുന്ന ആളുകളുടെ ആരോഗ്യം ഇപ്പോഴത്തെ ആളുകൾക്കില്ലെന്ന ആക്ഷേപവുമുണ്ട്.

എല്ലാവർക്കും സുഗമമായി എത്തിച്ചേരാവുന്ന സ്ഥലത്ത് കേന്ദ്രം സ്ഥാപിക്കുകയോ നിലവിലെ കെട്ടിടത്തിലേക്കുള്ള പ്രവേശനപാതയും അടിസ്ഥാനസൗകര്യങ്ങളും മെച്ചപ്പെടുത്തുകയോ വേണമെന്നാണ് ആവശ്യം. റോഡിൽനിന്ന് ആരോഗ്യകേന്ദ്രത്തിലേക്കുള്ള കുത്തനെയുള്ള കയറ്റവും പടികളും ഒഴിവാക്കി രോഗികൾക്കും വാഹനങ്ങൾക്കും സുഗമമായി എത്താവുന്ന സൗകര്യം ഒരുക്കണമെന്ന് ആർ.ജെ.ഡി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പും പഞ്ചായത്തും വിഷയത്തിൽ അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.