പൊന്നാനി : വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനിടാനായി റോഡുകളുടെ വശങ്ങൾ പൊളിച്ചുനീക്കി പൈപ്പിടൽ പൂർത്തിയാക്കിയെങ്കിലും റോഡിലൂടെയുള്ള യാത്രാദുരിതം ബാക്കിയായി.
കുണ്ടുകടവ് ജങ്‌ഷൻ മുതൽ കുണ്ടുകടവ് പാലമിറങ്ങി പുറങ്ങ് മുതൽ പുത്തൻപള്ളിവരെയുള്ള പൊന്നാനി–ആൽത്തറ–ഗുരുവായൂർ റോഡാണ് ഇത്തരത്തിൽ മാസങ്ങളായി തകർന്നുകിടക്കുന്നത്.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലൂടെയുള്ള യാത്ര അതിസാഹസികമായാണ്. റോഡിലെ ടാറിങ് ഇളകി മെറ്റലുംകല്ലും ഇളകിപ്പരന്നതിനാൽ ഇരുചക്രവാഹനയാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്.
പ്രത്യേകിച്ച് രാത്രികാലങ്ങളിൽ കുഴികൾ വ്യക്തമായിക്കാണാൻ കഴിയാത്തതും അപകടസാധ്യത ഉയർത്തുന്നു.
വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി യാത്രക്കാർക്കും റോഡരികിലെ കച്ചവടക്കാർക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. പൊടിശല്യം വ്യാപാരികൾക്കും സമീപവാസികൾക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നെന്നും പരാതിയുണ്ട്.
മാസങ്ങൾ പിന്നിട്ടിട്ടും റോഡ് പുനഃസ്ഥാപിക്കുന്ന നടപടി വൈകുന്നതിൽ നാട്ടുകാരിൽ അമർഷമുണ്ട്.
പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി പൊളിച്ച ഭാഗങ്ങൾ പുനഃസ്ഥാപിക്കുന്ന നടപടികളിൽ അപാകതകളുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. റോഡ് എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Published: 29 Sept 2026, 03:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented