‘അനാമയ’ ആരോഗ്യപദ്ധതി മന്ത്രി ഉദ്ഘാടനംചെയ്തു

To advertise here,

നടപ്പാക്കുക രണ്ടുമാസത്തിനകമെന്ന് മന്ത്രി മുരളീധരൻ

പുളിക്കൽ : തിരൂർ ജില്ലാ ആശുപത്രിയിൽ രണ്ടു മാസത്തിനുള്ളിൽ 24 മണിക്കൂർ സേവനം തുടങ്ങുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. ഇതിനായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ തിരൂരിലേക്ക് വിന്യസിക്കില്ലെന്നും പുതിയ നിയമനങ്ങളിലൂടെയാണ് സേവനം ഒരുക്കുകയെന്നും വ്യക്തമാക്കി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ‘അനാമയ’ ആരോഗ്യപദ്ധതി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഘട്ടംഘട്ടമായി ഇത് മറ്റ് ആശുപത്രികളിലേക്കും വ്യാപിപ്പിക്കും. താലൂക്ക് ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആവശ്യമായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിനാണ് ആരോഗ്യ വകുപ്പ് മുൻഗണനനൽകുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കാൻ താഴേത്തട്ടിലുള്ള ആശുപത്രികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തും. സ്റ്റാഫ് പാറ്റേൺ പുതുക്കിയശേഷം ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും ഘട്ടംഘട്ടമായി നിയമിക്കും. ഇതിന്റെ ആദ്യപടിയായി പുനലൂർ താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂർ സേവനംതുടങ്ങി. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾകൂടി പരിഗണിച്ചാണ് പുനലൂർ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

ടി.പി. അഷ്റഫലി എം.എൽ.എ. അധ്യക്ഷനായി. ടി.വി. ഇബ്രാഹിം എം.എൽ.എ. മുഖ്യാതിഥിയായി. ഡോ. എസ്. സന്തോഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്കംഗം ഫസീല നാസർ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്‌ദുറഹിമാൻ, വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ റോസ്‌ന, ഡി.എം.ഒ. ഡോ. വി. വിനോദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജസീന ആലുങ്ങൽ, ആർ.എസ്. അമീനകുമാരി, അനിത സുനി, എം.പി. മുഹമ്മദ്, പി.എ. നസീറ, പി. സാബിറ, വി. ആരിഫ തുടങ്ങിയവർ പ്രസംഗിച്ചു.