ബ്ലൂഫ്ലാഗ് പദവിക്കുളള നടപടികൾ വേഗത്തിലാക്കി
പുറത്തൂർ : ബ്ലൂഫ്ലാഗ് പദവിനേടി വിനോദസഞ്ചാരഭൂപടത്തിൽ ഇടംപിടിക്കാനൊരുങ്ങി കൂട്ടായി കാശ്മീർ ബീച്ച്. രാജ്യാന്തര നിലവാരത്തിലുള്ള അംഗീകാരമായ ബ്ലൂഫ്ലാഗ് നേടുന്നതിനുള്ള നടപടികൾ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വേഗത്തിലാക്കി.
കേരളത്തിൽ കാപ്പാട്, കണ്ണൂർ ജില്ലയിലെ ചാൽ എന്നീ ബീച്ചുകൾക്ക് മാത്രമാണ് ഇപ്പോൾ ഈ പദവിയുള്ളത്. കൂട്ടായിക്ക് ഈ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലെ 18-ാമത്തെ ബ്ലൂഫ്ലാഗ് ബീച്ചായി മാറും. കൂടുതൽ ടൂറിസം ഫണ്ടുകൾ ഈ മേഖലയിൽ ചെലവഴിക്കാനാകും. പദ്ധതിയുടെ ഭാഗമായി ബീച്ചിൽ ഒരുക്കേണ്ട സൗകര്യങ്ങളും നടപ്പാക്കേണ്ട പ്രവർത്തനങ്ങളും നേരിട്ട് മനസ്സിലാക്കുന്നതിനായി മംഗലം പഞ്ചായത്തധികൃതരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമുൾപ്പെടുന്ന സംഘം കാപ്പാട്, ചാൽ ബീച്ചുകൾ സന്ദർശിച്ച് പഠനം നടത്തി. ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജുക്കേഷനാണ് (എഫ്.ഇ.ഇ.) ലോകോത്തര നിലവാരത്തിലുള്ള ബീച്ചുകൾക്ക് ബ്ലൂഫ്ലാഗ് അംഗീകാരം നൽകുന്നത്. കടൽജലത്തിന്റെ ഗുണനിലവാരം, ശുചിത്വം, പരിസ്ഥിതിസംരക്ഷണം, സുരക്ഷ, സന്ദർശകർക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്ന ബീച്ചുകൾക്കാണ് അംഗീകാരം ലഭിക്കുക.
കൂട്ടായി കാശ്മീർ ബീച്ച് ബ്ലൂഫ്ലാഗ് അംഗീകാരത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് മംഗലം പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് സി.പി. കുഞ്ഞുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 2024-ൽ പദ്ധതിക്ക് തുടക്കമിട്ടത്. പിന്നീട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനായുള്ള നടപടികൾ ഏകോപിപ്പിച്ചു. ബീച്ചിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ പ്രധാന ചുമതല ഡി.ടി.പി.സി.ക്കാണ്. അംഗീകാരത്തിനുള്ള നിർണായകഘട്ടമായ കടൽജല പരിശോധന ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
സന്ദർശകർക്കായി ആവശ്യമായ പാർക്കിങ് സൗകര്യം, ശുചിത്വസംവിധാനങ്ങൾ, മറ്റു അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ മലപ്പുറത്തിന്റെ തീരദേശ വിനോദസഞ്ചാരമേഖലയിൽ വലിയ കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ. കടലുണ്ടിമുതൽ പൊന്നാനിവരെയുള്ള തീരപ്രദേശത്തെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനും ഇതുവഴി സാധിക്കും. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.എം. റംല, വൈസ് പ്രസിഡന്റ് എ.കെ. സെലീം, സെക്രട്ടറി കെ. ബീരാൻകുട്ടി, പി. ഷറഫുദ്ദീൻ, കെ. വരുൺ, സലാം താണിക്കാട്, മോനുട്ടി പൊയിലിശ്ശേരി, കെ. അബ്ദുറഹ്‌മാൻ, പി. ഷബീബ് എന്നിവർ ഇതുസംബന്ധിച്ച പഠനസംഘത്തിലുണ്ടായിരുന്നു.
Published: 08 Sept 2026, 03:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented