തിരൂർ : പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനായി തിരൂർ പോലീസ് സ്റ്റേഷനിൽ ഉമ്മയുടെ കൂടെയെത്തിയ കുരുന്നുകൾക്ക് പോലീസ് സ്റ്റേഷനുള്ളിൽ കയറി കാണാനുള്ള ആഗ്രഹം സഫലമാക്കി പോലീസുകാർ. തിരൂർ സ്വദേശികളായ ആയിഷ ഹന, ഫാലിയ മെഹക്ക് എന്നീ കുരുന്നുകളാണ് പോലീസ് സ്റ്റേഷൻ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചത്.

To advertise here,

ഈ വിവരം തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിനോട് അറിയിച്ചു.

 

ഒട്ടും മടി കൂടാതെ അദ്ദേഹം കുട്ടികളെ സ്നേഹത്തോടെ സ്വീകരിച്ച് അവരുടെ ആഗ്രഹം നിറവേറ്റി. കുട്ടികളുടെ പഠനകാര്യവും മറ്റു കുശലാന്വേഷണങ്ങളും നടത്തി. കുട്ടികൾ ഫോട്ടോ എടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇൻസ്പെക്ടർ കുട്ടികളുടെ കൂടെ ഫോട്ടോ എടുത്തതിനുശേഷം പോലീസ് സ്റ്റേഷന്റെ എല്ലാ പ്രവർത്തനങ്ങളും പറഞ്ഞുകൊടുക്കാൻ നിർദേശിച്ചു.

തുടർന്ന് പോലീസ് സ്റ്റേഷൻ ജനമൈത്രി കോഡിനേറ്ററായ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി പോലീസ് വാഹനത്തിൽ കയറ്റി. കൂടാതെ പോലീസ് സ്റ്റേഷന്റെ ദൈനംദിനപ്രവർത്തനങ്ങളും ലോക്കപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ കാണിച്ചുകൊടുക്കുകയും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു.

പോലീസ് മാമന്മാരോട് അതിയായ സന്തോഷം പ്രകടിപ്പിച്ചാണ് കുട്ടികളും അവരുടെ രക്ഷിതാക്കളും സ്റ്റേഷനിൽനിന്ന്‌ മടങ്ങിയത്. കുട്ടികളോട് പോലീസ് സ്റ്റേഷന്റെ ദൈനംദിനപ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുക്കുന്നതിൽ പോലീസ് ഉദ്യോഗസ്ഥരായ പി. ഷനോജ്, സൈജു എന്നിവരുമുണ്ടായിരുന്നു.