ആലത്തൂർ : ബസുകൾ നിർത്താനും യാത്രക്കാർക്ക് കടന്നുപോകാനും കഴിയാത്തവിധം സ്ഥലപരിമിതി. മുകളിൽനിന്ന് കോൺക്രീറ്റ് കട്ടകൾ പൊട്ടിവീഴുകയും മഴക്കാലത്ത് ചോരുകയും ചെയ്യുന്ന, നാൽപതുവർഷം പഴക്കമുള്ള വ്യാപാരസമുച്ചയം. ശൗചാലയ നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ ‘ശങ്ക’ തീർക്കാൻ ഇടമില്ല. ആലത്തൂർ ഗ്രാമപ്പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെ സ്ഥിതിയാണിത്.
കഴിഞ്ഞവർഷം നവംബറിൽ കെട്ടിടത്തിന്റെ ഇടനാഴിയിലേക്ക് സൺഷെയ്ഡിന്റെ വലിയൊരു ഭാഗത്തെ കോൺക്രീറ്റ് അടർന്നുവീണിരുന്നു. തൃശ്ശൂർ-പാലക്കാട് റൂട്ടിലെ ബസുകൾ നിശ്ചിതസമയത്ത് കടത്തിവിടുന്ന ചുമതലയുള്ളയാൾ ഇരിക്കുന്ന ഭാഗത്തേക്കാണ് ഇത് പതിച്ചത്. ബസ് നിർത്തിയ ഭാഗത്തേക്ക് ഇദ്ദേഹം പോയതിനാൽ ദേഹത്ത് വീണില്ല.
കോർട്ട് റോഡിൽനിന്ന് ആളുകൾ ബസ് സ്റ്റാൻഡിലേക്കും തിരിച്ചും കടന്നുപോകുന്ന ഇടനാഴിയാണിത്. വ്യാപാരസമുച്ചയത്തിന്റെ താഴത്തെനിലയിൽ കടകളാണ്. മുകൾനിലയിൽ മാവേലിസ്റ്റോറും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. കെട്ടിടത്തിന്റെ പല ഭാഗത്തും ചോർച്ചയുണ്ട്. എട്ടുവർഷംമുൻപ് ഷീറ്റുമേഞ്ഞെങ്കിലും ചോർച്ച തടയാനായില്ല. വാർക്കയിലും സൺഷെയ്ഡിലും വെള്ളമിറങ്ങി കമ്പി തുരുമ്പിച്ച ഭാഗത്തെ കോൺക്രീറ്റാണ് ഇളകിവീഴുന്നത്.
ആലോചന നടത്തി, നടപടിയില്ല
വ്യാപാരസമുച്ചയം പൊളിച്ചുപണിയാനും ബസ് സ്റ്റാൻഡ് വികസിപ്പിക്കാനും ശൗചാലയം ഉൾപ്പെടെയുള്ള സൗകര്യമേർപ്പെടുത്താനും ഗ്രാമപ്പഞ്ചായത്ത് നാലുവർഷംമുൻപ് ആലോചന നടത്തിയിരുന്നു. പ്രാഥമിക രൂപരേഖയും തയ്യാറാക്കി. നിലവിലെ വ്യാപാരികളെ ഒഴിപ്പിക്കുക, പണിതീരുംവരെ താത്കാലിക കടമുറി നൽകുക, പണി തീരുമ്പോൾ പുതിയമുറി അനുവദിക്കുക തുടങ്ങിയ കാര്യങ്ങളിൽ ധാരണയിലെത്താനായില്ല. പുതിയകെട്ടിടംപണിക്ക് കോടികൾ ആവശ്യമായതിനാൽ ഗ്രാമവികസന വകുപ്പിൽനിന്ന് വായ്പയെടുക്കാനാണ് ഗ്രാമപ്പഞ്ചായത്ത് ആലോചിച്ചത്. ഇതിന്റെ ബാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമാനം ഉണ്ടാവാതിരുന്നതിനാൽ തുടർനടപടിയുണ്ടായില്ല.
Published: 25 Nov 2026, 03:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented