ഒറ്റപ്പാലം : ഒറ്റപ്പാലം-ചെർപ്പുളശ്ശേരി റോഡിന്റെ നവീകരണം വൈകുന്നതിനെതിരേ വരോട് സെന്ററിൽ നാട്ടുകാർ റോഡുപരോധിച്ചു. വരോട് ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. നാട്ടുകാരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടാകുന്ന സാഹചര്യമുണ്ടായി. പ്രതിഷേധം ഒരു മണിക്കൂർ നീണ്ടതോടെ പ്രതിഷേധക്കാരിൽ പത്തുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി. ശേഷം, ഗതാഗതം പുനഃസ്ഥാപിച്ചു.
റോഡുനവീകരണം മന്ദഗതിയിലായതുമൂലം പൊടിശല്യം രൂക്ഷമാണെന്നും സഞ്ചരിക്കാനാകാത്ത സ്ഥിതിയാണെന്നുമാരോപിച്ച് ചൊവ്വാഴ്ച 10 മണിയോടെയാണ് റോഡുപരോധം തുടങ്ങിയത്. 11 മണിവരെ ഉപരോധം തുടർന്നു. നിർമാണച്ചുമതലയുള്ളവരെത്തി എന്ന് പണിപൂർത്തിയാകുമെന്ന ഉറപ്പുനൽകാതെ പിന്മാറില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. ഇതിനിടെ, ഒറ്റപ്പാലം ഭാഗത്തുനിന്ന് മുരുക്കുംപറ്റ റോഡിലേക്ക് പ്രവേശിക്കാനൊരുങ്ങിയ ഇരുചക്രയാത്രികനെ പ്രതിഷേധക്കാരിൽ ഒരാൾ തടയുകയും ചവിട്ടി മറിച്ചിടുകയും ചെയ്തു.
പിന്നീട് പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. നിർമാണച്ചുമതലയുള്ള ഉദ്യോഗസ്ഥരിൽ ആരുമെത്താതായതോടെ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കാൻ ശ്രമം നടത്തി. കൂട്ടായ്മയുടെ കൺവീനർ വി.കെ. മോഹനനെ അറസ്റ്റുചെയ്യാൻ ശ്രമിക്കവെ പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന്, മോഹനനും കൂട്ടായ്മയുടെ ചെയർമാനും കൗൺസിലറുമായ മുഹമ്മദലി നാലകത്തുമുൾപ്പെടെ 10 പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽവിട്ടു.
നാലാംമൈൽമുതൽ ഒറ്റപ്പാലം പട്ടണംവരെയുള്ള ഭാഗത്താണ് ഇനിയും ആദ്യഘട്ട ടാറിങ് പോലും നടത്താത്തത്. കൺവീനർ വി.കെ. മോഹനൻ ഉദ്ഘാടനംചെയ്തു.
ചെയർമാൻ മുഹമ്മദലി നാലകത്ത് അധ്യക്ഷനായി.
Published: 25 Nov 2026, 03:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented