കരുളായി : വനപാതയിലൂടെയുള്ള യാത്ര സുരക്ഷിതമാക്കുന്നതിനായി ചെറുപുഴ-നെടുങ്കയം വനപാതക്കരികിലെ അടിക്കാടുകൾ വെട്ടിമാറ്റി.

To advertise here,

രണ്ടുകിലോ മീറ്ററിലേറെയുള്ള റോഡിന്റെ ഇരുവശങ്ങളിലും ആൾപൊക്കത്തിൽ കാടുകൾ വളർന്നിരുന്നു.

ഇതുമൂലം റോഡരികിൽ ആനയടക്കമുള്ള വന്യജീവികൾ നിന്നാൽ കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി റോഡരികിൽ സ്ഥിരമായി ആനകളെ കണ്ടിരുന്നു. ഇത് നെടുങ്കയം പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്കും നെടുങ്കയം, മുണ്ടക്കടവ്, പുലിമുണ്ട, മാഞ്ചീരി എന്നിവിടങ്ങളിലെ യാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.

ഇത് പരിഹരിക്കുന്നതിനാണ് നെടുങ്കയം ആദിവാസി വനസംരക്ഷണസമിതിയും നെടുങ്കയം സൗഹൃദ കൂട്ടായ്മയും ചേർന്ന് അടിക്കാടുകൾ നീക്കംചെയ്തത്.

കാടുകൾ നീക്കിയതോടെ റോഡിലൂടെ സഞ്ചരിക്കുന്നവർക്ക് ദൂരക്കാഴ്ച ലഭിക്കുകയും വന്യമൃഗങ്ങളുണ്ടെങ്കിൽ ദൂരെനിന്നുതന്നെ കാണാനുമാകും. നെടുങ്കയം ട്രൈബൽ വില്ലേജിലെ ഷൈജു, രജനീഷ്, സുജിത്ത് ബാബു, രാജേഷ്, നെടുങ്കയം ആദിവാസി വനസംരക്ഷണ സമിതി സെക്രട്ടറി എ.എസ്. ദീപു എന്നിവർ നേതൃത്വംനൽകി.