നെയ്യാറ്റിൻകര : പത്ത് മാസത്തെ ശമ്പളക്കുടിശ്ശിക നൽകാത്തതിനെത്തുടർന്ന് ആറാലുംമൂട് കേരള ഓട്ടോമൊബൈൽസിലെ ജീവനക്കാർ എം.ഡി.യെ ഓഫീസിൽ കയറാനനുവദിക്കാതെ തടഞ്ഞുവെച്ചു. 2026 ജനുവരി മുതലുള്ള ശമ്പളമാണ് ലഭിക്കാനുള്ളത്.
വ്യാഴാഴ്ച 12.30-നാണ് എം.ഡി. വി.എസ്. രാജീവ് കെ.എ.എല്ലിലെത്തിയത്. കാറിൽ നിന്നിറങ്ങിയയുടനെ ജീവനക്കാർ മുദ്രാവാക്യം വിളിയുമായി തടയുകയായിരുന്നു.
കെ.എ.എല്ലിൽ 53 തൊഴിലാളികളും 30 ദിവസവേതനക്കാരും നാല് മാനേജ്മെന്റ് ജീവനക്കാരുമാണ് ഉള്ളത്. ഇതിൽ സ്ഥിരംതൊഴിലാളികൾക്ക് പത്ത് മാസത്തെയും ദിവസവേതന തൊഴിലാളികൾക്ക് എട്ട് മാസത്തെയും മാനേജ്മെന്റ് ജീവനക്കാർക്ക് 13 മാസത്തെയും ശമ്പളക്കുടിശ്ശിക നൽകാനുണ്ട്. 2025-ലെ അവസാന മൂന്നുമാസത്തെ ശമ്പളം ഈ ഓണക്കാലത്ത് നൽകിയിരുന്നു. സർക്കാർ അനുവദിച്ച ഗ്രാന്റ് കൊണ്ടാണിത് നൽകിയത്.
ഐ.എൻ.ടി.യു.സി., സി.ഐ.ടി.യു., എ.ഐ.ടി.യു.സി., എസ്.ടി.യു. എന്നീ തൊഴിലാളിസംഘടനകളുടെ നേതൃത്വത്തിലാണ് ജീവനക്കാർ വ്യാഴാഴ്ച പ്രതിഷേധിച്ചത്. ഉപരോധം തുടർന്നതോടെ നെയ്യാറ്റിൻകര പോലീസ് സ്ഥലത്തെത്തി. ഈ മാസം 30-ന് കുറച്ചു മാസത്തെ ശമ്പളക്കുടിശ്ശിക നൽകാമെന്ന ഉറപ്പിനെത്തുടർന്നാണ് രണ്ടു മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. സംഘടനാനേതാക്കളായ സജികുമാർ, വി.കെ. രാജേഷ്, ഇ.പി. സന്തോഷ്കുമാർ, എ.കെ. രാജേഷ്, ഷിബുകുമാർ, ഷിജി, രാജേഷ്ബാബു, നിതീഷ്കുമാർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.
പി.എഫ്. ഫണ്ടിൽ തുടങ്ങിയ പ്രതിസന്ധി
:നിലവിൽ ഇലക്ട്രിക് ഓട്ടോറിക്ഷകളും സ്കൂട്ടറുകളും നിർമിക്കുന്ന കെ.എ.എല്ലിൽ ഐ.എസ്.ആർ.ഒ.യ്ക്കുവേണ്ടിയുള്ള സ്പെയർ പാർട്സുകളും നിർമിക്കുന്നുണ്ട്. ജീവനക്കാരുടെ പി.എഫ്. കുടിശ്ശികയിൽ തുടങ്ങിയ കെ.എ.എല്ലിലെ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരം കാണാനായില്ല. നിലവിൽ കെ.എ.എല്ലിലെ പ്ലാന്റ് സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇതിന് പുറമേ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് കെ.എ.എല്ലിലെ സ്ഥലം സ്വകാര്യകമ്പനിക്ക് പാട്ടത്തിന് നൽകാനും തീരുമാനമായിട്ടുണ്ട്. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനായി കൊണ്ടുവന്ന പദ്ധതികൾ വിജയിക്കാത്തതാണ് കെ.എ.എല്ലിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്നത്.
Published: 23 Oct 2026, 01:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented