നെയ്യാറ്റിൻകര : നിർമാണത്തിലിരിക്കുന്ന കന്നിപ്പുറം പാലത്തിന്റെ കോടതിയിൽനിന്നുള്ള അപ്രോച്ച് റോഡിലൂടെ കടന്നുപോകണമെങ്കിൽ കുറച്ച് പണിപ്പെടേണ്ടിവരും. ജല അതോറിറ്റി പൈപ്പിടാനായി വെട്ടിപ്പൊളിച്ചതോടെ റോഡാകെ ചെളിക്കുളമാണ്. വെട്ടിപ്പൊളിച്ചതല്ലാതെ പൈപ്പിടൽ പൂർത്തീകരിച്ചിട്ടുമില്ല. ദുരിതത്തിലാണ് നാട്ടുകാരും യാത്രികരും.

To advertise here,

നെയ്യാറിന് കുറുകെ കന്നിപ്പുറത്ത് പാലം പണിയുകയാണ്. ഈ പാലത്തിലേക്ക്‌ കോടതിറോഡിൽനിന്നും തേവിയൽ റോഡിൽ നിന്നുമായി അപ്രോച്ച് റോഡ് നിർമിക്കണം. റോഡ് നിർമിക്കുന്നതിന് മുൻപായി ജല അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചിരുന്നു.

മഴ പെയ്തതോടെ റോഡാകെ ചെളി നിറഞ്ഞ സ്ഥിതിയാണ്. ഒരാഴ്ച മുൻപാണ് ജല അതോറിറ്റി പൈപ്പിടാനായി കോടതിയിൽനിന്നുള്ള അപ്രോച്ച് റോഡ് വെട്ടിപ്പൊളിച്ച് തുടങ്ങിയത്. എന്നാൽ, പൈപ്പിടൽ മന്ദഗതിയിലായതോടെ കോടതി ജീവനക്കാർക്ക് ഉൾപ്പെടെ ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്.

കോടതിമുതൽ കന്നിപ്പുറം വരെ 600 മീറ്റർ ദൂരമാണ് അപ്രോച്ച് റോഡിനുള്ളത്. ഈ ഭാഗമത്രയും പൈപ്പിടാനായി ഒരാഴ്ചയിലേറെ സമയമെടുത്തിട്ടും പണികൾ പൂർത്തീകരിക്കാൻ ജല അതോറിറ്റിക്കായില്ല.

നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഏതാനും ദിവസം പൊതു അവധിയായിരുന്നിട്ടും ഈ ദിവസങ്ങളിലും പൈപ്പിടൽ മന്ദഗതിയിലായിരുന്നു. പൈപ്പിടൽ പൂർത്തീകരിക്കാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരുമെന്നതിനാൽ യാത്ര ദുരിതപൂർണമാകും. പൈപ്പിടലിന്റെ പേരിൽ കോടതിയിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളവിതരണം നിലച്ചിരിക്കുകയാണ്.

പൈപ്പിടൽ വേഗത്തിൽ പൂർത്തീകരിച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഗാന്ധിമിത്ര മണ്ഡലം സെക്രട്ടറി ബിനു മരുതത്തൂർ ആവശ്യപ്പെട്ടു.