വിതുര : അപകടവളവുകളും അമിതവേഗവും തൊളിക്കോട്-പൊന്മുടി റോഡിൽ അപകടം പതിവാകുന്നു.

To advertise here,

പൊന്മുടിയിലേക്കുള്ള പ്രധാനപാതയായതിനാൽ വാഹനങ്ങളുടെ അമിതവേഗമാണ് കൂടുതൽ വിനയാകുന്നത്. അപകടങ്ങൾ പെരുകിയതോടെ സുരക്ഷാസംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടവയിൽ കൂടുതലും. ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിൽ മരിച്ച കെ. വേണു നായിഡുവെന്ന 72-കാരനാണ് ഒടുവിലെ ഇര. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ഇയാളെ പിന്നിൽനിന്നു വന്ന കാർ ഇടിച്ചുതെറിപ്പിച്ചശേഷം നിർത്താതെ പോകുകയായിരുന്നു.

കഴിഞ്ഞ മാസം 13-ന് സ്കൂട്ടർ യാത്രക്കാരനായ ഷൈജുവിന്റെ മരണത്തിനു കാരണം അമിതവേഗത്തിൽ വന്ന കാറാണ്. രണ്ടാഴ്ചമുമ്പ് സ്വരാജ് കവാടത്തിനു സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കൾക്ക് പരിക്കേറ്റിരുന്നു.

2018-ൽ കെ.പി.എസ്.എം. ജങ്ഷനിൽ നടന്ന അപകടത്തിൽ മുല്ലച്ചിറ സ്വദേശി, അതേവർഷം പൂങ്കാവനം ജങ്ഷനിലുണ്ടായ അപകടത്തിൽ മേമല പുലിക്കുഴി സ്വദേശി, 2019-ൽ പേരയത്തുപാറയിലുണ്ടായ അപകടത്തിൽ പൊൻപാറ സ്വദേശിയായ പോലീസുകാരൻ, ആ വർഷംതന്നെ വിതുര വേളാങ്കണ്ണി പള്ളിക്കു മുന്നിൽ നടന്ന അപകടത്തിൽ തോട്ടുമുക്ക് സ്വദേശി, 2020-ൽ ചുള്ളിമാനൂരിന് സമീപം നടന്ന അപകടത്തിൽ തോട്ടുമുക്ക് സ്വദേശി, 2021-ൽ പേരയത്തുപാറയിലുണ്ടായ അപകടത്തിൽ വിതുര ശിവക്ഷേത്രം സ്വദേശിയായ സാമൂഹികക്ഷേമവകുപ്പ് ഉദ്യോഗസ്ഥൻ, ആ വർഷംതന്നെ പതിനെട്ടാംകല്ല് കുരിശ്ശടി ജങ്ഷനിലുണ്ടായ അപകടത്തിൽ കൊപ്പം നെല്ലിക്കുഴി സ്വദേശിയായ യുവതി തുടങ്ങി നിരവധി പേരാണ് മരിച്ചത്.