എരമംഗലം : പെരുമ്പടപ്പ് പഞ്ചായത്ത് കെ.എസ്.ആർ.ടി.സി.യുമായി ചേർന്നു നടപ്പാക്കുന്ന ഗ്രാമവണ്ടിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. രാവിലെ 7.30 മുതൽ വൈകുന്നേരം ആറുവരെ ഏകദേശം 140 കിലോമീറ്റർ വരുന്ന യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. പെരുമ്പടപ്പ് പഞ്ചായത്തിനുപുറമേ പൊന്നാനി നിയോജകമണ്ഡലത്തിലെ വെളിയങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലും പെരുമ്പടപ്പിന്റെ അതിർത്തി പഞ്ചായത്തായ തൃശ്ശൂർ ജില്ലയിലെ പുന്നയൂർക്കുളം, അണ്ടത്തോട് ഉൾപ്പെടുത്തിയുള്ള യാത്രാറൂട്ടാണ് കെ.എസ്.ആർ.ടി.സി.ക്ക് പഞ്ചായത്ത് കൈമാറിയത്. ഇതിനായി ഓരോ മാസവും ഏകദേശം 80,000 രൂപവരെ പഞ്ചായത്ത് കെ.എസ്.ആർ.ടി.സി.ക്ക് നൽകണം. സ്ത്രീകൾക്ക് സൗജന്യയാത്രയാണ് ഗ്രാമവണ്ടിയിൽ.
രാവിലെ 7.30-ന് പൊന്നാനിയിൽനിന്ന് എടുക്കുന്ന ഗ്രാമവണ്ടി കുണ്ടുകടവ് ജങ്ഷൻ വഴി കുണ്ടുകടവ് പാലം കഴിഞ്ഞാൽ വെളിയങ്കോട്-എടക്കഴിയൂർ റോഡിലൂടെ മാരാമുറ്റം, പഴഞ്ഞി, വെളിയങ്കോട് ഗവ. ഹയർസെക്കൻഡറി സ്കൂൾ വഴി അയിരൂരിൽ നിന്ന് പാലപ്പെട്ടി പോയി തിരിച്ച് പുത്തൻപള്ളി, ആൽത്തറയിൽ 8.40-ഓടെ അവസാനിക്കുന്ന രീതിയിലാണ് ആദ്യഘട്ട സർവീസ്.
പിന്നീട് ആൽത്തറയിൽനിന്ന് എടുത്ത് പുത്തൻപള്ളി വഴി പാലപ്പെട്ടിയിലൂടെ അണ്ടത്തോട് പോകും. അവിടുന്ന് തിരിച്ച് അയ്യോട്ടിച്ചിറ, അയിരൂർ വഴി എരമംഗലത്ത് എത്തും. തുടർന്ന് എരമംഗലം, എ.ഇ.ഒ. ഓഫീസ്, ചെറവല്ലൂർ വഴി ചങ്ങരംകുളം എത്തും. തുടർന്ന് ഇതേ വഴികളിൽ സർവീസ് തുടരുന്ന രീതിയിലാണ് റൂട്ട് ക്രമപ്പെടുത്തിയിരിക്കുന്നത്. ഗ്രാമവണ്ടി സർവീസ് തുടങ്ങിയാൽ ഗ്രാമപ്രദേശങ്ങളിൽ വിദ്യാർഥികൾ, ജീവനക്കാർ, മറ്റു തൊഴിലാളികൾ എന്നിവർക്ക് ഉൾപ്പെടെ ഏറെ ആശ്രയമാവും. പെരുമ്പടപ്പ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമവണ്ടിക്കായി നടന്ന ശ്രമങ്ങൾക്ക് കെ.പി. നൗഷാദ് അലി എം.എൽ.എ.യുടെ പിന്തുണയിൽ അനുമതി വേഗത്തിൽ ലഭിക്കാൻ സഹായകമായി.
കഴിഞ്ഞദിവസം കെ.എസ്.ആർ.ടി.സി. ഗ്രാമവണ്ടിയുടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഗ്രാമവണ്ടിക്ക് അയിരൂരിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ, അംഗങ്ങളായ പൊറാടത്ത് കുഞ്ഞിമോൻ, കെ.ടി. റസാഖ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് ജോയിന്റ് ഡയറക്ടറുടെ അനുമതി കൂടി ലഭിച്ചാലുടൻ കേരളപ്പിറവി ദിനത്തിൽ ഗ്രാാമവണ്ടി നിരത്തിൽ ഇറക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാർ പറഞ്ഞു.
Published: 20 Oct 2026, 03:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented