ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനത്തിലാണ് പുതിയ പ്രതീക്ഷ

To advertise here,

പുറത്തൂർ : തവനൂർ നിയോജകമണ്ഡലത്തിലെ പുറത്തൂർ സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്താനുള്ള നടപടിയുണ്ടാകുമെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് തീരദേശവാസികൾ നോക്കിക്കാണുന്നത്. തിരുവനന്തപുരത്ത് നടന്ന തവനൂർ നിയോജകമണ്ഡലത്തിലെ ആരോഗ്യകേന്ദ്രങ്ങളുടെ അവലോകനയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് കിടത്തിച്ചികിത്സാസൗകര്യമുള്ള ഒരു സർക്കാർ ആശുപത്രിപോലുമില്ലാത്ത നിയോജകമണ്ഡലമാണ് തവനൂർ എന്ന കാര്യം വി.എസ്. ജോയ് എം.എൽ.എ. യോഗത്തിൽ ഉന്നയിച്ചിരുന്നു. ഇക്കാര്യം ആരോഗ്യവകുപ്പ് പരിഗണിച്ചു.

ഒരിക്കൽ കൈയെത്തുംദൂരത്തിലാണ് പുറത്തൂരിന് താലൂക്ക് ആശുപത്രി പദവി നഷ്ടപ്പെട്ടത്. ഒരുപതിറ്റാണ്ടുമുൻപ്‌ തിരൂർ താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയപ്പോൾ പുറത്തൂരിനെയായിരുന്നു ആ പദവിയിലേക്കു കണ്ടിരുന്നത്. എന്നാൽ അവസാനനിമിഷം കുറ്റിപ്പുറം ആശുപത്രി​യെ താലൂക്ക് ആശുപത്രിയാക്കി പ്രഖ്യാപിക്കുകയായിരുന്നു. അന്നുമുതലേ ഈ പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു താലൂക്ക് ആശുപത്രി പദവി വേണമെന്നത്. റോഡിന്റെ ഇരുഭാഗത്തായി 1.10 ഏക്കർ സ്ഥലമാണ് ആശുപത്രിക്കുള്ളത്.

86 ബെഡ് സ്‌പേസുള്ള ആശുപത്രിയിൽ കോവിഡിനുശേഷം കിടത്തിച്ചികിത്സ പുനരാരംഭിച്ചിരുന്നില്ല.

സംസ്ഥാനത്തിനുതന്നെ മാതൃകയായി ജനകീയകൂട്ടായ്‌മയിലൂടെ കെട്ടിടം നിർമിച്ച ആശുപത്രി വേണ്ടത്ര ജീവനക്കാരില്ലാതെ ഇപ്പോൾ ശ്വാസംമുട്ടുകയാണ്.

തിരൂർ ബ്ലോക്ക്പഞ്ചായത്തിനു കീഴിലാണ് പുറത്തൂർ സി.എച്ച്.സി. പ്രവർത്തിക്കുന്നത്. പ്രദേശത്തെ മത്സ്യത്തൊഴിലാളികളും കർഷകത്തൊഴിലാളികളുമുൾപ്പെടെ നിരവധി സാധാരണക്കാർ ആശ്രയിക്കുന്ന കേന്ദ്രമാണിത്. പുറത്തൂർ, മംഗലം, തൃപ്രങ്ങോട് പഞ്ചായത്തുകളാണ് ഈ ആശുപത്രിയുടെ പരിധിയിൽ വരുന്നത്.

ആശുപത്രിയുടെ കിഴക്കുഭാഗത്ത് കാലാഹരണപ്പെട്ട സ്റ്റാഫ് ക്വാർട്ടേഴ്സ് സ്ഥിതിചെയ്യുന്നിടത്താകും പുതിയ കെട്ടിടമുയരുക.

താലൂക്ക് ആശുപത്രിയായി ഉയർത്തുമ്പോൾ

പുറത്തൂരിന് താലൂക്ക് ആശുപത്രി പദവി ലഭിക്കുമ്പോഴുണ്ടാകുന്ന പ്രധാന നേട്ടം 24 മണിക്കൂർ സേവനമാണ്. അതോടൊപ്പം അത്യാഹിതവിഭാഗവും പ്രവർത്തിക്കും.

ഗൈനക്കോളജി വിഭാഗം, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം, ലാബുകൾ, ഐ.സി.യു. സൗകര്യം എന്നിവയുണ്ടാകും.

നിലവിൽ രാത്രിസമയങ്ങളിൽ അത്യാവശ്യമായി ഡോക്ടറെ കാണണമെങ്കിൽ തിരൂർ ജില്ലാ ആശുപത്രിയിൽത്തന്നെ പോകണം. നാട്ടുകാർ ഏറെക്കാലം അനുഭവിച്ച പ്രയാസത്തിനാണ് ഇപ്പോൾ അറുതിയാകാൻപോകുന്നത്. പുറത്തൂരിനെ താലൂക്ക് ആശുപത്രിയാക്കി മാറ്റണമെന്ന ആവശ്യത്തിൽ മാതൃഭൂമി വാർത്ത നൽകിയിരുന്നു.