കരിപ്പൂർ : കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നുള്ള 14 സൗദി സർവീസുകൾ ഞായറാഴ്‌ചയും മുടങ്ങി. അതിനിടെ, യാത്രക്കാർക്ക് ആശ്വാസമായി സൗദി എയർലൈൻസ് നേരിട്ടുള്ള ദമാം-കോഴിക്കോട് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ഇത് തിങ്കളാഴ്‌ച തുടങ്ങുമെന്നാണ് അറിയിപ്പ്. എയർബസ് എ-321 വിഭാഗത്തിൽപ്പെട്ട വിമാനമാണ് സൗദി ഉപയോഗിക്കുക. സൗദി സമയം ഒരുമണിക്ക് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 8.45-ന് കോഴിക്കോട്ടെത്തും. തിരിച്ച് 9.55-ന് കോഴിക്കോടുവിട്ട് 12.35-ന് ദമാമിൽ എത്തും.

To advertise here,

 

സൗദിയിലേക്ക് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികൾ ഒക്ടോബർ 24 വരെ സർവീസ് താത്‌കാലികമായി നിർത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ റിയാദ് ഉൾപ്പെടെയുളള നഗരങ്ങളിലുള്ളവർക്ക് കേരളത്തിലേക്കു മടങ്ങാൻ പുതിയ ഷെഡ്യൂൾ സഹായിക്കും. റിയാദ് വിമാനത്താവളം താത്‌കാലികമായി അടച്ച സാഹചര്യത്തിൽ അവിടെനിന്നുള്ളവർ ബഹ്‌റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങൾ വഴിയാണ് ഇപ്പോൾ മടങ്ങുന്നത്. അതുകൊണ്ടുതന്നെ സൗദിയുടെ ദമാം ഷെഡ്യൂളിന് കോഴിക്കോട്ടേക്കും തിരിച്ചും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

അതിനിടെ, ഫ്ളൈനാസും ദമാമിൽനിന്ന് മുംബൈയിലേക്കും ഡൽഹിയിലേക്കും സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈയിലേക്കുള്ള വിമാനം രാത്രി 8.55-ന് പുറപ്പെട്ട് പുലർച്ചെ 3.05-നാണ് എത്തുക. ഒക്ടോബർ 18, 21, 23 തീയതികളിലാണ് ഈ സർവീസ്. തിരിച്ച് മുംബൈയിൽനിന്ന് ദമാമിലേക്ക് പുലർച്ചെ നാലിന് പുറപ്പെടും. 19, 22, 24 തീയതികളിലാണ് ഈ സർവീസ്. ഡൽഹി-ദമാം വിമാനം പുലർച്ചെ 4.15-നാണ് പുറപ്പെടുക. ഒക്ടോബർ 19, 20, 22, 25 തീയതികളിലാണിത്. ദമാമിൽനിന്ന് ഡൽഹിയിലേക്കുള്ള ഫ്ളൈനാസ് വിമാനം രാത്രി 8.20-ന് പുറപ്പെടും. 18, 19, 21, 24 തീയതികളിലാണിത്.