കൊട്ടിയം : വീട്ടിൽ കുടുംബത്തോടൊപ്പം ആഹാരം കഴിച്ചുകൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും മിന്നലേറ്റു. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി(28), മകൻ ആദിദേവ്(അഞ്ച്) എന്നിവർക്കാണ് മിന്നൽകാരണം പൊള്ളലേറ്റത്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

To advertise here,

മിന്നലേറ്റ് വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. വൈദ്യുത വയറുകൾ കത്തിപ്പോയി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്, മഴ കുറഞ്ഞ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. ശ്രീദേവിയും ആദിദേവും മറ്റു രണ്ട് മക്കളും ഭർത്തൃമാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടായി. അവിടെെവച്ചാണ് അമ്മയ്ക്കും കുഞ്ഞിനും മിന്നലേറ്റത്. ഇരുവരുടെയും നിലവിളികേട്ട് കുട്ടികളും നന്ദിനിയും അടുക്കളയിൽ എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തുകിടക്കുന്നതാണ് കണ്ടത്. ബഹളംകേട്ട് അയൽവാസികളും എത്തി.

ഇരുവരെയും ആദ്യം നെടുമ്പന ടി.ബി. ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. അമ്മയെയും കുഞ്ഞിനൊപ്പം അതേ ആശുപത്രിയിലേക്കു കൊണ്ടുപോകുകയായിരുന്നു

തിങ്കളാഴ്ച ഉച്ചമുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് മഴയുണ്ടായിരുന്നു. രണ്ടുമണി കഴിഞ്ഞതോടെ മഴ അല്പം ശമിച്ചെങ്കിലും മിന്നലും ഇടിയുമുണ്ടായി. കുറച്ചുനാൾ മുൻപും ഇതേഭാഗത്ത് ഒരു വീട്ടിൽ മിന്നലേറ്റിരുന്നതായി പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു.