നിലമ്പൂർ : വർക്കിങ് പ്ലാനില്ലാത്തതിനാൽ വിപണിയിൽ നിലമ്പൂർ തേക്കിന്റെ ലഭ്യത കുറഞ്ഞേക്കും. പത്തുവർഷത്തേക്ക് തേക്കുതോട്ടങ്ങളുമായി ബന്ധപ്പെട്ടുണ്ടാക്കുന്ന വനം വകുപ്പിന്റെ വർക്കിങ് പ്ലാൻ നിർമാണം വൈകുന്നതാണ് തടിലഭ്യതക്കുറവിന് വഴിയൊരുക്കുക.

To advertise here,

ഇക്കാരണത്താൽ വനം വകുപ്പിന്റെ നെടുങ്കയം, അരുവാക്കോട് ഡിപ്പോകളിൽ തേക്ക് ലേലങ്ങൾ പ്രതിസന്ധിയിലായേക്കും. വനം വകുപ്പിന്റെ കീഴിൽ ജില്ലയിലെ പ്രധാന തടി ഡിപ്പോകളായ അരുവാക്കോട്, നെടുങ്കയം ഡിപ്പോകളിൽ മൂന്നുമാസത്തേക്കുള്ള തടികൾ മാത്രമാണ് സ്റ്റോക്കുള്ളത്.

 

രണ്ടു ഡിപ്പോകളിലും ഇനി ലേലംചെയ്യാനുള്ളത് 600 ഘനമീറ്ററിൽ താഴെ തടികളും. ഇ-ലേലങ്ങളിലൂടെ വനം വകുപ്പിന് ഓരോവർഷവും കോടിക്കണക്കിനു രൂപയുടെ റവന്യൂ വരുമാനം കിട്ടുന്ന മേഖലകൂടിയാണിത്.

2025-ൽ തയ്യാറാക്കേണ്ട വർക്കിങ് പ്ലാനാണ് ഇപ്പോൾ വൈകിയിരിക്കുന്നത്. ഇക്കാരണത്താൽ ഈ വർഷം നിലമ്പൂർ നോർത്ത്, സൗത്ത് ഡിവിഷനുകളിൽ തേക്ക് പ്ലാന്റേഷനുകളുടെ അടക്കിമുറി നടക്കില്ല. 2014-ലെ വർക്കിങ് പ്ലാനിന്റെ കാലാവധി 2024-ൽ അവസാനിച്ചു.

 

പ്ലാൻ കാലാവധി അവസാനിച്ചാലും മാനേജ്മെന്റ് പ്ലാനിലൂടെ രണ്ടുവർഷംകൂടി ലിസ്റ്റ് അടിസ്ഥാനത്തിൽ തേക്ക് പ്ലാന്റേഷനുകളിൽ അടക്കിമുറി നടത്തിയിരുന്നു. ഇതുകഴിഞ്ഞാൽ പുതിയ വർക്കിങ് പ്ലാൻ പ്രകാരമേ അടക്കിമുറി നടക്കുകയുള്ളൂ.

വർക്കിങ് പ്ലാൻ തയ്യാറാക്കി കേന്ദ്ര വനം കാര്യാലയത്തിന്റെ അനുമതിവാങ്ങി ഇ-ടെൻഡർ വിളിച്ച് ഡിസംബറിനുമുൻപ് പ്ലാന്റേഷനുകളിൽ അടക്കിമുറി നടത്തിയാൽ മാത്രമേ ഡിപ്പോകളിലെ ലേലം നടത്താനാകുകയുള്ളൂ.

 

പരിഹാരത്തിന് പാലക്കാട്ടെ തടികൾ

പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ശ്രമംതുടങ്ങിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ വിവിധ വനം റെയ്ഞ്ചുകളിൽനിന്ന് അടക്കിമുറിയിലൂടെ ലഭിക്കുന്ന മരങ്ങൾ വാളയാർ ഡിപ്പോയിൽ നൽകിയശേഷം 1000 ഘനമീറ്റർ തേക്കുതടികൾ നിലമ്പൂർ അരുവാക്കോട് ഡിപ്പോയിൽ എത്തിക്കാൻ പാലക്കാട് സി.സി.എഫിന്റെ നേതൃത്വത്തിൽ നടപടിതുടങ്ങിയിട്ടുണ്ട്. നിലമ്പൂർ, വഴിക്കടവ് റെയ്ഞ്ചിലെ തൊട്ടാവാടി പൊട്ടിയിലെ 1972 തേക്ക് പ്ലാന്റേഷനിലെ അടക്കിമുറി തോട്ടത്തി​ലെ തേക്കുതടികളുണ്ട്. ഇവയുൾപ്പെടെയുള്ള 1000 ഘനമീറ്റർ തടി നെടുങ്കയം ഡിപ്പോയിൽ എത്തിച്ചാൽ താത്‌കാലിക പരിഹാരമാകും. അരുവാക്കോട് ഡിപ്പോയിലേക്ക് എത്തേണ്ട ഈ തടികൾ നെടുങ്കയം ഡിപ്പോയിലേക്കു മാറ്റുന്നതും എതിർപ്പിനിടയാക്കിയേക്കും.

വനം പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ ട്രീ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. വനത്തിനുള്ളിലെ തേക്ക് പ്ലാന്റേഷനുകൾ അടക്കിമുറി നടത്തുമ്പോൾ ഈ പ്ലാന്റേഷനുകളിൽ തേക്ക് 50 ശതമാനത്തിൽ താഴെയാണെങ്കിൽ അടക്കിമുറി ഒഴിവാക്കണമെന്ന് ട്രീ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.

 

തേക്ക് അടക്കിമുറിയുടെപേരിൽ മറ്റു മരങ്ങൾ മുറിച്ചുതള്ളുന്നത് വനം പരിസ്ഥിതി സന്തുലനാവസ്ഥയ്ക്ക് വലിയപ്രതിസന്ധിയുണ്ടാക്കുന്നതാണ്. ട്രീ കമ്മിറ്റിയുടെ നിർദേശപ്രകാരം വഴിക്കടവ് റെയ്ഞ്ചിലെ തൊട്ടാവാടി പൊട്ടി 1972 തേക്ക് പ്ലാന്റേഷനിലെ അടക്കിമുറി 50 ഹെക്ടറിൽനിന്ന് 15 ഹെക്ടറായി വെട്ടിക്കുറച്ചിരുന്നു.