കൊട്ടാരക്കര : ആരോപണങ്ങളിലും അന്വേഷണങ്ങളിലുംതട്ടി കിഫ്ബി നിശ്ചലമായപ്പോൾ കൊട്ടാരക്കരയിലെ ഒട്ടേറെ പദ്ധതികൾ പ്രഖ്യാപനത്തിലും കടലാസിലും ഒതുങ്ങുന്നു.
കൊട്ടാരക്കര ഐ.ടി. പാർക്ക്, സാംസ്‌കാരികകേന്ദ്രം, ഡ്രോൺ റിസർച്ച് പാർക്ക്, കൊട്ടാരക്കര ബൈപ്പാസ്, തിേയറ്റർ സമുച്ചയം തുടങ്ങിയ വമ്പൻ പദ്ധതികളാണ് വഴിമുട്ടിയത്. കിഫ്ബി പദ്ധതികൾ തുടരാനുള്ള സർക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ എന്നെന്നേക്കുമായി പദ്ധതികൾ ഇല്ലാതാകും.
കിഫ്ബി ഫണ്ടിൽ നിർമാണം തുടരുന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ പദ്ധതികൾ മുടങ്ങുമോയെന്ന ആശങ്കയും ഉയരുന്നു. 2025-26 ലെ ബജറ്റിലാണ് സർക്കാർ ഐ.ടി. പാർക്കിന്റെ പ്രഖ്യാപനം ഉണ്ടായത്. രവിനഗറിലെ കെ.ഐ.പി. കാംപസിൽ 80 കോടി രൂപ ചെലവിൽ കെട്ടിടനിർമാണത്തിന് ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ നൽകിത്. 1200 പേർക്ക് തൊഴിൽചെയ്യുന്നതിനുള്ള സൗകര്യമായിരുന്നു ലക്ഷ്യം.
കൊട്ടാരക്കര ഇ.ടി.സി. കാംപസാണ് ഡ്രോൺ റിസർച്ച് പാർക്കിനായി കണ്ടെത്തിയിരുന്നത്. ഡ്രോൺ പരിശീലനവും ഗവേഷണവും ലക്ഷ്യമിട്ട് കേന്ദ്ര ഇലക്‌ട്രോണിക്‌സ് മന്ത്രാലയം, ചെന്നൈ ഐ.ഐ.ടി. എന്നിവയുമായി ചേർന്നു തയ്യാറാക്കിയതായിരുന്നു പദ്ധതി.
കൊട്ടാരക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ബൈപ്പാസ് പദ്ധതി പ്രഖ്യാപിച്ചത്. എം.സി. റോഡിനു സമാന്തരമായി കരിക്കം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് പുലമൺ കോളേജ് ജങ്ഷനിൽ ഉയരപ്പാതയായി, ദേശീയപാത കടന്ന് മൈലം വില്ലേജ് ഓഫീസിനു മുന്നിലെത്തുന്ന രീതിയിലായിരുന്നു രൂപകല്പന. 300 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിയിൽ ഭൂമി ഏറ്റെടുക്കലിനായി 110 കോടി രൂപ അനുവദിച്ചിരുന്നു. സ്ഥലമെടുക്കൽ ഘട്ടംവരെ എത്തിയ പദ്ധതി സർക്കാർ മാറ്റത്തോടെ നിശ്ചലമായി.
നെടുവത്തൂർ കിള്ളൂരിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെയും കുടവട്ടൂർ മുരളിയുടെയും സ്മാരകമായി തിേയറ്റർ സമുച്ചയം നിർമാണം ഉദ്ഘാടനം നടത്തിയതും കിഫ്ബി ഫണ്ട് കണ്ടിട്ടാണ്. 33.5 കോടി രൂപ ചെലവിൽ അടങ്കൽ തയ്യാറാക്കിയ പദ്ധതിയും യാഥാർഥ്യമാകാൻ കിഫ്ബി തുടരണം.
കിഫ്ബി പദ്ധതികളും ഫണ്ടുകളും സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനമെടുക്കണമെന്നും വികസനം തുടരണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Published: 20 Oct 2026, 03:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented