വട്ടംകുളത്തിന്റെ മുഖച്ഛായ മാറും

To advertise here,

എടപ്പാൾ : വട്ടംകുളത്തിന്റെ മുഖച്ഛായ മാറ്റാൻ ഗ്രാമപ്പഞ്ചായത്ത് ആവിഷ്‌കരിച്ച വി-സ്‌ക്വയർ പദ്ധതി യാഥാർഥ്യത്തിലേക്ക്.

ഓഡിറ്റോറിയം, ഷീ ഹോസ്റ്റൽ, ഷോപ്പിങ് കോംപ്ലക്സ്, പകൽവീട് തുടങ്ങിയ പദ്ധതികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് വി-സ്‌ക്വയർ പദ്ധതി.

വട്ടംകുളം അങ്ങാടിയിൽ മലബാർ മാർക്കറ്റിങ് സൊസൈറ്റിയുടെ കീഴിലുള്ള അടയ്ക്കാമാർക്കറ്റ് നിന്നിരുന്ന സ്ഥലമാണ് വി-സ്‌ക്വയറായി മാറുന്നത്. അടയ്ക്കാകച്ചവടത്തിൽ തകർച്ച നേരിട്ട കാലത്ത് പൂട്ടിയ മാർക്കറ്റും കെട്ടിടവും ഏറെക്കാലം അനാഥമായിക്കിടന്നു. പിന്നീടാണ് സ്ഥാപനവും സ്ഥലവുംകൂടി ഗ്രാമപ്പഞ്ചായത്ത് വാങ്ങിയത്.

നേരത്തേ ഇവിടെ ഓഡിറ്റോറിയം നിർമിക്കാൻ കരാർകൊടുത്ത് പണി ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. പുതിയ ഭരണസമിതി വന്നശേഷമാണ് പദ്ധതി പരിഷ്‌കരിച്ച് വി-സ്‌ക്വയറാക്കി വീണ്ടും പണിയാരംഭിച്ചത്.

പൊതുപരിപാടികൾക്കും സാംസ്‌കാരിക കൂട്ടായ്‌മകൾക്കും വലിയ സമ്മേളനങ്ങൾക്കും വേദിയാക്കാവുന്നതാണ് ഇവിടെ നിർമിക്കുന്ന ഓഡിറ്റോറിയം. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്ങൽ, വൈസ് പ്രസിഡന്റ് എം.എ. നജീബ്, സ്ഥിരംസമിതി അധ്യക്ഷൻ കഴുങ്ങിൽ മജീദ്, ഇബ്രാഹിം മൂതൂർ, ടി.പി. ഹൈദരലി, എൻ. ചന്ദ്രബോസ്, അഹമ്മദ് മൂതൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിർമാണപുരോഗതി വിലയിരുത്തി. ഏതാനും മാസങ്ങൾക്കകം പണി പൂർത്തീകരിച്ച് നാടിനു സമർപ്പിക്കാനാണ് ശ്രമം.