തേഞ്ഞിപ്പലം : ഗ്രാമപ്പഞ്ചായത്തിലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാനായി ഉദ്യോഗസ്ഥർ പ്രശ്നബാധിതപ്രദേശങ്ങൾ സന്ദർശിച്ചു. ചേളാരി, പാണമ്പ്ര, കോഹിനൂർ, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പരാതികളുള്ള പ്രദേശങ്ങളാണ് സന്ദർശിച്ചത്.

To advertise here,

തേഞ്ഞിപ്പലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കൊപ്പമാണ് എൻ.എച്ച്.എ.ഐ. പ്രോജക്ട് കൊച്ചിൻ ഡെപ്യൂട്ടി ജനറൽ മാനേജർ സി. രോഹിത്, എൻ.എച്ച്. ലെയ്സൺ ഓഫീസർ പി.പി.എം. അഷ്‌റഫ്‌, എ.എൽ.ഒ. ഗോപാലകൃഷ്ണൻ എന്നിവർ പാത സന്ദർശിച്ചത്.

ചേളാരിയിലെ ജങ്ഷൻ വികസനം, സർവകലാശാല എൻ.ഒ.സി. നൽകുമ്പോഴുള്ള യൂണിവേഴ്സിറ്റി ബസ്‌സ്റ്റോപ്പ് നിർമാണം, കോഹിനൂർ ചെനക്കൽ റോഡിന്റെ കണക്ടിവിറ്റി പൂർത്തീകരണം, പാണമ്പ്ര പള്ളിക്ക് ഇരുവശങ്ങളിലുമുള്ള അഴുക്കുചാൽ നിർമാണം, കോഹിനൂരിലെ അഴുക്കുചാൽ പൂർത്തീകരിക്കൽ, കോഹിനൂരിൽ ഫൂട്ഓവർ ബ്രിഡ്ജ് സ്ഥാപിക്കൽ, ചേളാരി സ്കൂളിലേക്കുള്ള പ്രവേശനത്തിന്റെ വീതികൂട്ടൽ എന്നീ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ ധാരണയിലെത്തി.

 

തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശരീഫ അസീസ്, വൈസ് പ്രസിഡന്റ് പി.വി. അൻവർ, സ്ഥിരംസമിതി അധ്യക്ഷ എൻ.വി. ഷഹാന, എ.കെ. സൈനുൽ ആബിദ്, റീജ മധു, സുധീഷ് കുട്ടൻ, സംഘടനകളെ പ്രതിനിധീകരിച്ച് സി. സൈതലവി, മുഹമ്മദ് പാലായിൽ, തോമസ് ഓടക്കൽ, ജോൺസൺ കളത്തൂർ എന്നിവരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.