അടൂർ : കേരളം പിറന്ന അതേദിവസം ജനനം. പേരിലും കേരളമുണ്ട്. കേരളത്തിന് എഴുപത് വയസ്സ് തികയുമ്പോൾ നാടിന്റെ സമപ്രായക്കാരനായി എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ് അടൂർ തെങ്ങമം കൈതയ്ക്കൽ ജയശ്രീനിവാസിൽ കേരളകുമാരൻ നായർ.

To advertise here,

കേരളപ്പിറവി ദിനത്തിൽ ജനിച്ചതുകൊണ്ടു മാത്രമല്ല, കേരളം എന്ന് പേരിനൊപ്പം ജീവിതം ചേർത്തുവെച്ചതുകൊണ്ടും ഇദ്ദേഹം നാട്ടിൽ വേറിട്ട വ്യക്തിത്വമാണ്. 1956 നവംബർ ഒന്നിനാണ് പെരിങ്ങനാട് പുത്തൻചന്തയിൽ റേഷൻ വ്യാപാരം നടത്തുന്ന റിട്ട.ജവാൻ കേരളകുമാരൻനായരുടെ ജനനം. അമ്മയുടെ കുടുംബവീടായ ശൂരനാട് മേലേവീട്ടിലായിരുന്നു ജനനം. കർഷകനും സ്വാതന്ത്ര്യസമരത്തോട് അനുഭാവം പുലർത്തിയിരുന്നയാളുമായ മുത്തച്ഛൻ നാരായണൻ നായരാണ് കേരളകുമാരൻ എന്ന് പേരിട്ടത്.എന്നാൽ, വീട്ടിലും നാട്ടിലും വിജയൻപിള്ളയെന്നാണ് അറിയപ്പെടുന്നത്. സൈനികസേവന കാലത്ത് കെ.കെ. നായരായി. സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാർ വിളിച്ചത് കേരളൻ എന്നും. അന്നൊക്കെ പേര് മാറ്റണമെന്ന ചിന്തയുണ്ടായിരുന്നു. കാലം കടന്നുപോയപ്പോൾ ആ പേരിന്റെ പ്രത്യേകതയും പ്രാധാന്യവും തിരിച്ചറിഞ്ഞു. പേര് കേൾക്കുമ്പോൾ പലരും കൗതുകത്തോടെ ചോദ്യം ചോദിക്കാൻ തുടങ്ങി. അതോടെ പേര് മാറ്റണമെന്ന ആഗ്രഹം ഉപേക്ഷിച്ചു.കോൺഗ്രസ് അടൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയും പള്ളിക്കൽ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ കേരളകുമാരൻ വർഷങ്ങൾക്കുമുമ്പ് പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. അന്ന് പ്രചാരണ പോസ്റ്ററുകളിലും നോട്ടീസുകളിലും പതിവുപേരിനൊപ്പം ഔദ്യോഗിക പേരായ കേരളകുമാരൻ എന്നുകൂടി ചേർത്തു. ഇതോടെയാണ് നാട്ടിൽ ഇങ്ങനെയൊരു പേരുകൂടി തനിക്കുണ്ടെന്ന കാര്യം കൂടുതൽ പേർ അറിഞ്ഞതെന്ന് അദ്ദേഹം പറയുന്നു.കേരളപ്പിറവിദിനത്തിൽ ജനിച്ചതുകൊണ്ടാണ് കേരളകുമാരൻ എന്ന പേര് ലഭിച്ചതെന്ന് അറിയുന്നവർ കുറവാണ്.

 

വർഷങ്ങൾക്കുമുമ്പ്, ആരോഗ്യവകുപ്പ് ജീവനക്കാരിയായ ഭാര്യ ഇന്ദിരാമ്മയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ എത്തിയപ്പോൾ കൗതുകകരമായ ഒരനുഭവമുണ്ടായി. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലം. തന്റെ പേരുകേട്ട ഒരു സെക്രട്ടേറിയറ്റ് ജീവനക്കാരൻ കേരളപ്പിറവി ദിനത്തിലാണോ ജനിച്ചത്? എന്ന് ചോദിച്ചു.തന്റെ ഓർമയിൽ പേരിന്റെ പിന്നിലെ കാരണത്തെക്കുറിച്ച് ഒരാൾ നേരിട്ട് ചോദിച്ച ആദ്യ അനുഭവം അതായിരുന്നുവെന്ന് കേരളകുമാരൻ പറയുന്നു.