അടൂർ : യാത്രക്കാർക്ക് ആശ്വാസമാകേണ്ട കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലെ ടേക്ക് എ ബ്രേക്ക് ശൗചാലയം ദുരിതകേന്ദ്രമാകുന്നു. ശൗചാലയത്തിലെ ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകുന്നതോടെ സ്റ്റാൻഡ് പരിസരമാകെ രൂക്ഷമായ ദുർഗന്ധം.

To advertise here,

 

മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകളുടെയും ഈച്ചകളുടെയും ശല്യവും വർധിച്ചു. യാത്രക്കാരുടെയും സമീപത്തെ വ്യാപാരികളുടെയും ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യത്തിലും പ്രശ്നത്തിന് പരിഹാരമില്ലെന്നാണ് നാട്ടുകാരുടെ പരാതി.ദിവസേന നൂറുകണക്കിന് ആളുകൾ ഉപയോഗിക്കുന്ന ശൗചാലയത്തിൽനിന്നുള്ള മലിനജലം സമീപത്തെ ചെറിയ നീർച്ചാലിലൂടെയാണ് പുറത്തേക്ക് ഒഴുകുന്നത്. ശൗചാലയത്തിനുസമീപവും പരിസരത്തും മലിനജലം കെട്ടിക്കിടക്കുകയാണ്. ഇതോടെ പ്രദേശം കൊതുകുകളുടെയും ഈച്ചകളുടെയും താവളമായി മാറി. സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്കും ഇതുവഴി കടന്നുപോകേണ്ടിവരുന്നത് ദുരിതം ഇരട്ടിയാക്കുന്നു. ശൗചാലയം ഉപയോഗിക്കാതെ പുറത്തുതന്നെ മൂത്രവിസർജനം നടത്തുന്നതായും പരാതിയുണ്ട്.

 

ഇത് സ്റ്റാൻഡ് പരിസരത്തെ ശുചിത്വപ്രശ്നം കൂടുതൽ രൂക്ഷമാക്കുന്നു. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കും വ്യാപാരികൾക്കും വിട്ടുമാറാത്ത പനിയും ശ്വാസതടസ്സവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുന്നതായി നാട്ടുകാർ പറയുന്നു.പലതവണ കെ.എസ്.ആർ.ടി.സി. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. രണ്ടാഴ്ചമുൻപ് ഡിപ്പോയിലെ ഓഫീസ് ജീവനക്കാർ ഉപയോഗിക്കുന്ന ശൗചാലയത്തിൽനിന്നും മലിനജലം പുറത്തേക്ക് ഒഴുകി കെട്ടിക്കിടന്നിരുന്നു. ഡിപ്പോ അധികൃതർ അറ്റകുറ്റപ്പണികൾ നടത്തി അന്ന് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും സമാനമായ സാഹചര്യം ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നു.പ്രതിദിനം നൂറുകണക്കിന് യാത്രക്കാർ വന്നുപോകുന്ന ബസ് സ്റ്റാൻഡിൽ ഇത്തരത്തിൽ മലിനജലം ഒഴുകിപ്പരക്കുന്നത് ഗുരുതരമായ പൊതുജനാരോഗ്യപ്രശ്നമായി മാറുകയാണ്. സ്കൂൾ കുട്ടികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന വഴിയിൽ മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ടാങ്ക് അടിയന്തരമായി വൃത്തിയാക്കി മലിനജല നിർമാർജനത്തിന് ശാശ്വത സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം