കൊണ്ടോട്ടി : കെട്ടിട നിർമാണ ചട്ടങ്ങളിൽ കാതലായ മാറ്റം വരുത്തുമെന്നും അനധികൃത കെട്ടിടങ്ങൾക്ക് ചട്ടങ്ങളിൽ ഇളവ് നൽകി റെഗുലറൈസ് ചെയ്ത് പിഴയും നികുതിയും ചുമത്തി നഗരസഭകൾക്ക് വരുമാനം ഉണ്ടാക്കുന്ന നടപടിയെടുക്കുമെന്നും ഇതിനായി അദാലത്തുകൾ സംഘടിപ്പിക്കുമെന്നും തദ്ദേശമന്ത്രി കെ.എം. ഷാജി പറഞ്ഞു.

To advertise here,

നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യംവെച്ചുള്ള നഗരവികസന സൗന്ദര്യവത്കരണ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നഗരത്തിലെ വെള്ളക്കെട്ട് ഇല്ലാതാക്കുക, ലിങ്ക് റോഡുകൾ സ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, വലിയതോട്ടിലെ നീരൊഴുക്ക് സുഗമമാക്കുക തുടങ്ങിയ പദ്ധതികളാണ് ആദ്യഘട്ടത്തിലുള്ളത്.

 

കേന്ദ്രസർക്കാരിന്റെ നാഷണൽ ഹൗസിങ് ബാങ്ക് മുഖേന അർബൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് ഫണ്ടിൽനിന്ന് വായ്പയായി നഗരസഭയ്ക്ക് ലഭിച്ച 8.5 കോടി രൂപയും നഗരസഭാ വിഹിതം 1.5 കോടി രൂപയും ഉൾപ്പെടെ 10 കോടി രൂപയുടെ പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക.

 

ഇതിനുപുറമേ നഗരസഭയുടെ വികസന ഫണ്ട് രണ്ട് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.30 മാസമാണ് പ്രവൃത്തിയുടെ കാലയളവ്. പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ്‌ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ആണ് പ്രവൃത്തി ഏറ്റെടുത്ത് നടപ്പാക്കുന്നത്.കൊണ്ടോട്ടി റോട്ടറി ക്ലബ്ബും വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്‌പോൺസർ ചെയ്ത നഗരസഭാ വലിയതോടിനു കുറുകേയുള്ള പാലം പുനർനിർമ്മാണപ്രവൃത്തിയുടെ ഉദ്ഘാടനവും ശുചീകരണത്തൊഴിലാളികൾക്കും ഹരിതകർമസേനാംഗങ്ങൾക്കുമുള്ള യൂണിഫോം വിതരണവും മന്ത്രി നിർവഹിച്ചു. ടി.പി. അഷ്‌റഫലി എം.എൽ.എ. അധ്യക്ഷത വഹിച്ചു, ടി.വി. ഇബ്രാഹിം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ യു.കെ. മമ്മദിശ, ആയിഷ ബിന്ദു, ഇ.എം. റഷീദ്, കെ. റഷീദലി, സഫറുദ്ദീൻ കുനൂക്കര, കെ. ഖദീജ, നസ്‌റീന തരുവറ, ടി.കെ. അബ്ദുൾ അസീസ്, എട്ടിയകത്ത് ബഷീർ, കെ.കെ. ആലിബാപ്പു, പി.വി.എ. ലത്തീഫ്, അഹമ്മദ് കബീർ പുളിക്കൽ, അഷ്‌റഫ് മടാൻ, ചുക്കാൻ ബിച്ചു തുടങ്ങിയവർ പങ്കെടുത്തു.