കല്പറ്റ: മനസ്സുകളില്‍ ആര്‍ദ്രതയുടെ വിത്തുമുളപ്പിച്ച കവി റഫീക്ക് അഹമ്മദിന് പത്മപ്രഭാ പുരസ്‌കാരം സമ്മാനിച്ചു. പുതുമയാര്‍ന്ന ബിംബങ്ങളും പദങ്ങളും മലയാളഗാനശാഖയ്ക്കു സമ്മാനിച്ച കവിക്ക് മലയാള സാഹിത്യ-ഗാനരചനാ മേഖലയിലെ പ്രമുഖരും സാഹിത്യാസ്വാദകരായ സദസ്സും ഒത്തുചേര്‍ന്ന പ്രൗഢഗംഭീരമായ വേദിയിലായിരുന്നു ആദരം.

To advertise here,

ആധുനികവയനാടിന്റെ ശില്പികളിലൊരാളായ എം.കെ. പത്മപ്രഭാ ഗൗഡറുടെ ഓര്‍മ്മകള്‍ നിറഞ്ഞ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലെ വേദിയില്‍ എഴുത്തുകാരനും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറാണ് പുരസ്‌കാരം സമര്‍പ്പിച്ചത്. 75,000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലുപതിച്ച ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.

നിര്‍വികാരത പടര്‍ന്ന കാലത്ത് വൈകാരികവിശുദ്ധിയുടെ മൂല്യത്തെ പുനഃസ്ഥാപിക്കുന്നവയാണ് റഫീക്ക് അഹമ്മദിന്റെ രചനകളെന്ന് കെ. ജയകുമാര്‍ പറഞ്ഞു. മനുഷ്യന്റെ നന്മയ്ക്കുവേണ്ടിയുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രാര്‍ഥനയാണ് ലോകത്തുള്ള ഓരോ കവിതയും. ജീവിതത്തിന്റെ സൗന്ദര്യത്തെയും വികാരങ്ങളുടെ വിശുദ്ധിയെയും വീണ്ടെടുക്കാന്‍ നിയുക്തനാണ് കവി. ആ അര്‍ഥത്തില്‍ റഫീക്ക് അഹമ്മദ് ചെയ്യുന്നതും അതുതന്നെയാണ്. നമ്മുടെ കാലഘട്ടത്തില്‍ അവശ്യംവേണ്ട ജീവിതസൗന്ദര്യത്തിന്റെയും ജീവിതവിശ്വാസത്തിന്റെയും വീണ്ടെടുപ്പാണ് റഫീക്ക് അഹമ്മദിന്റെ കവിതകളെന്നും അദ്ദേഹം പറഞ്ഞു. സംസാരപ്രിയനും സംഭാഷണഗരിമയുള്ള വ്യക്തിയുമായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് പറഞ്ഞ കെ. ജയകുമാര്‍ അദ്ദേഹവുമായുള്ള ആത്മബന്ധവും സദസ്സുമായി പങ്കുവെച്ചു.

ഓരോ രാഷ്ട്രീയ, സാംസ്‌കാരിക, പൊതുപ്രവര്‍ത്തകനും സ്വാര്‍ഥതവെടിഞ്ഞ് സാമൂഹികപ്രതിബദ്ധതയോടെ ഇടപെട്ടാലേ സാമൂഹികമുന്നേറ്റം ഉണ്ടാകുകയുള്ളൂവെന്ന് പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തിയ വി.കെ. ശ്രീരാമന്‍ പറഞ്ഞു. ഒരു നാടിനെ മഹിതമാക്കുന്നത് പ്രതിഭാശാലികളായ മനുഷ്യരും കലാകാരന്മാരും ഉണ്ടാകുമ്പോഴാണ്. എഴുത്തുകാരന്റെ സാമൂഹികബന്ധങ്ങളില്‍നിന്നാണ് സാഹിത്യകൃതികള്‍ ഉണ്ടാവുന്നത്. സമൂഹത്തെ അറിയുന്നതാണ് സാഹിത്യകാരന്റെ പ്രഥമവും പ്രധാനവുമായ യോഗ്യത. അതില്ലാത്തവര്‍ എഴുതുമ്പോള്‍ എഴുത്തിന്റെ കനം കുറഞ്ഞുപോകും. സാമൂഹികബന്ധങ്ങള്‍ ശിഥിലമാകുമ്പോള്‍ നല്ല സാഹിത്യകാരന്മാര്‍ ഉണ്ടാവുന്നില്ല. സ്വാര്‍ഥതയെ മറികടക്കുന്നവനാണ് സാഹിത്യകാരന്‍. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന 'പുലിയിറക്കം' എന്ന കവിത വായിച്ചപ്പോഴാണ് റഫീക്ക് അഹമ്മദെന്ന എഴുത്തുകാരനെ തിരിച്ചറിഞ്ഞതെന്നും കവിയുടെ നാട്ടുകാരനെന്ന നിലയില്‍ക്കൂടി പുരസ്‌കാരലബ്ധിയില്‍ അഭിമാനിക്കുന്നുവെന്നും വി.കെ. ശ്രീരാമന്‍ പറഞ്ഞു.

പത്മപ്രഭാ ഗൗഡര്‍ സോഷ്യലിസ്റ്റായിരുന്നു. പത്മപ്രഭാ പുരസ്‌കാരച്ചടങ്ങില്‍ മുന്‍പും പങ്കെടുത്തിട്ടുണ്ട്. ഇതൊരു പ്രസംഗവേദി മാത്രമല്ല, പലയാളുകളെയും കാണാനും സംവദിക്കാനും കഴിയുന്ന രീതിയിലേക്ക് ഇങ്ങനെയൊരു സഭ വിന്യസിപ്പിക്കുന്നതിലൂടെ പത്മപ്രഭാ ഗൗഡര്‍ വീണ്ടും വീണ്ടും ജനഹൃദയങ്ങളില്‍ ശാശ്വതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയര്‍മാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. ഓര്‍ത്തിരിക്കാവുന്ന മനോഹരമായ ഒട്ടേറെ ഗാനങ്ങളുടെ രചയിതാവാണ് റഫീക്ക് അഹമ്മദെന്ന് അദ്ദേഹം പറഞ്ഞു. കവി രചിച്ച 'മരണമെത്തുന്ന നേരത്ത്' എന്നു തുടങ്ങുന്ന ഗാനം ദുഃഖഗാനമായാണ് പലരും കരുതുന്നതെങ്കിലും മനോഹരമായ പ്രണയഗാനമാണതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബഹുമുഖപ്രതിഭയും ശ്രദ്ധേയനായ ഗാനരചയിതാവുമാണ് റഫീക്ക് അഹമ്മദെന്നും എന്തുകൊണ്ടും അര്‍ഹമായ കരങ്ങളിലാണ് പത്മപ്രഭാ പുരസ്‌കാരം എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ പുരസ്‌കാരജേതാവിനെ പൊന്നാടയണിയിച്ചു. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കെ. ജയകുമാറിനെ എം.വി. ശ്രേയാംസ്‌കുമാറും പി.വി. ചന്ദ്രനും ചേര്‍ന്ന് പൊന്നാടയണിയിച്ചു.

എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ഷീലാ ടോമി, ബി.കെ. ഹരിനാരായണന്‍ എന്നിവര്‍ ചടങ്ങില്‍ പുരസ്‌കാരജേതാവിന് ആശംസകള്‍ അറിയിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി. ചാത്തുക്കുട്ടി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സി.വി. ഉഷ നന്ദിയും പറഞ്ഞു.

കവിതയൊഴുകിയ സായാഹ്നം

കല്പറ്റ: നനയാന്‍തോന്നിക്കുന്ന മഴയാണ് റഫീക്ക് അഹമ്മദിന്റെ കവിത. പത്മപ്രഭാ പുരസ്‌കാരസമര്‍പ്പണ വേദിയിലും അദ്ദേഹത്തിന്റെ കവിതയൊഴുകി. പുരസ്‌കാരജേതാവ് റഫീക്ക് അഹമ്മദിന് ആശംസകള്‍നേര്‍ന്ന് സംസാരിച്ച എഴുത്തുകാരായ സുഭാഷ് ചന്ദ്രന്‍, ബി.കെ. ഹരിനാരായണന്‍, ഷീലാ ടോമി എന്നിവരും കവിതചൊല്ലി.

''മരണമെത്തുന്ന നേരത്ത് നീ എന്റെ അരികില്‍ ഇത്തിരി നേരം ഇരിക്കണേ...

കനലുകള്‍ കോരി മരവിച്ച വിരലുകള്‍ ഒടുവില്‍ നിന്നെത്തലോടി ശമിക്കുവാന്‍..'' റഫീക്ക് അഹമ്മദ് എന്ന പേരുകേള്‍ക്കുമ്പോള്‍ ഈ വരികളാണ് എല്ലാവരുടെയും മനസ്സില്‍ ആദ്യമെത്തുക. ''പ്രണയമേ നിന്നിലേക്കു നടന്നൊരെന്‍ വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍...'' റഫീക്ക് അഹമ്മദിന്റെ 'മരണമെത്തുന്ന നേരത്ത്' എന്നകവിത സുഭാഷ് ചന്ദ്രന്‍ ചൊല്ലി.

''മഴകൊണ്ടുമാത്രം മുളയ്ക്കുന്നവിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍, പ്രണയത്തിനാല്‍മാത്രമെരിയുന്ന ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍...'' കവിതചൊല്ലുമ്പോള്‍ സ്വകാര്യതയില്‍ പൊട്ടിക്കരയുന്ന മനസ്സാണ് തന്റേതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു. ഈ കവിത എപ്പോഴൊക്കെ വായിക്കുമ്പോഴും ചൊല്ലുമ്പോഴും തനിക്ക് സാന്ത്വനംലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റഫീക്കിന്റെ കവിതകള്‍ ഹൃദയംദഹിപ്പിക്കുന്ന അമ്‌ളമഴയും സിനിമാഗാനങ്ങള്‍ കുളിരുലാവുന്ന നനുത്തമഴയുമാണ്. അക്ഷരങ്ങള്‍കൊണ്ട് റഫീക്ക് അഹമ്മദ് മഴപെയ്യിക്കുകയാണ് -സുഭാഷ് പറഞ്ഞു.

''ഉമ്മുക്കുലുസു മരിച്ചന്നുരാത്രിയില്‍

ഉമ്മ തനിച്ചു പുറത്തുനിന്നു,

ഉറ്റവരൊക്കെയും പോയിരുന്നു

മുറ്റമോ ശൂന്യമായ് തീര്‍ന്നിരുന്നു...''

റഫീക്ക് അഹമ്മദിന്റെ 'തോരാമഴ' കവിതയും സുഭാഷ് ചന്ദ്രന്‍ ആലപിച്ചു.

ആശംസകള്‍ റഫീക്ക് അഹമ്മദിനായിക്കുറിച്ച താന്‍തന്നെ രചിച്ച കവിതചൊല്ലിക്കൊണ്ടാണ് ബി.കെ. ഹരിനാരായണന്‍ പങ്കുവെച്ചത്. കവിതയിലൂടെ, പാട്ടിലൂടെ തനിക്ക് അദ്ദേഹവുമായുള്ള ആത്മബന്ധം പങ്കുവെക്കുകയാണെന്ന് സദസ്സിനോടുചൊല്ലി ഹരിനാരായണന്‍ കവിതയിലേക്കുകടന്നു.

''ചെമ്പകച്ചോട്ടില്‍ ഇരുട്ടത്ത് പിന്‍പറ്റി വന്നവര്‍ ഞങ്ങള്‍ പകച്ചിടുമ്പോള്‍,

ചിമ്മിനി കൊള്ളിച്ചു വിളക്കിന്റെ വെട്ടമായ് മുന്‍പില്‍ ഒരാള്‍ നടന്നിരുന്നു...'' എന്ന് റഫീക്ക് അഹമ്മദിനെ സൂചിപ്പിച്ചുകൊണ്ട് കവിത അവസാനിക്കുമ്പോള്‍ അത് കവിക്ക് അര്‍ഹിക്കുന്ന ആദരവായി.

റഫീക്ക് അഹമ്മദിന്റെ മാവോപ്പേടിയെന്ന കവിതയായിരുന്നു നോവലിസ്റ്റ് ഷീലാ ടോമി ആലപിച്ചത്.

''പുല്‍പ്പടര്‍പ്പുകളില്‍ വീണുകിടക്കുന്ന, ഇപ്പോള്‍ നിലവിലില്ലാത്ത അക്ഷരങ്ങള്‍...''

വരികളിലൊളിപ്പിച്ച ആശയഗാംഭീര്യത്തെ സദസ്സും കൈയടികളോടെ സ്വീകരിച്ചു.

വയലാര്‍, ഒ.എന്‍.വി., പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍തമ്പി എന്നിവരെപ്പോലെ സിനിമാഗാനരംഗത്ത് സുപരിചിതനായ റഫീക്ക് അഹമ്മദ് സ്വകീയമായ രചനാശൈലിയുടെ ഉടമയാണ്. സത്യം തുറന്നുപറയുന്നവര്‍ ആക്രമിക്കപ്പെടുന്നകാലത്ത് സത്യം തുറന്നുപറയുന്ന ചുരുക്കംചില കവികളില്‍ ഒരാളാണ് അദ്ദേഹമെന്നും ഷീലാ ടോമി പറഞ്ഞു.

കവിതയും സോഷ്യലിസവും എക്കാലവും നിലനില്‍ക്കും -റഫീക്ക് അഹമ്മദ്

കല്പറ്റ: കവിതയെയും നീതിയെയും സോഷ്യലിസത്തെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ എക്കാലത്തും നിലനില്‍ക്കുമെന്ന് പത്മപ്രഭാ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് പറഞ്ഞു.

ഉദാരീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും കാലത്തിനുശേഷം ചിന്താ-സാംസ്‌കാരികലോകത്ത് അനാഥമായി അലയുന്ന ആശയമായി സോഷ്യലിസം മാറി. അതിനെല്ലാമപ്പുറത്ത് ഇതൊരു കാവ്യനീതിയുടെ ആശയമാണ്, സോഷ്യലിസത്തില്‍ മാനുഷികതയുണ്ട്. അടിസ്ഥാനപരമായി നീതിയെക്കുറിച്ചുള്ള ഉത്കണ്ഠയും ആകാംക്ഷയും എല്ലാ എഴുത്തിലുമുണ്ട്.

ഈ ലോകം കുറേക്കൂടി സുന്ദരമായിരുന്നെങ്കില്‍ എന്ന ആശയത്തിന്റെ വിത്ത് എല്ലാ കവിതയിലുമുണ്ട്. തുല്യമായ അവകാശമുണ്ടാവുകയെന്നത് പ്രാഥമികമായ ചിന്തയാണ്. പ്രോത്സാഹനവും തിരസ്‌കാരവും ഒരുപോലെയാണ് കാണുന്നതെന്നും തന്റെ അസ്തിത്വം കവിതയിലാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാഗാനങ്ങള്‍ രൂപഭാവങ്ങളില്‍ മാറ്റംവരുന്നെങ്കിലും കാലത്തെ അതിജീവിക്കും. എഴുതിക്കഴിഞ്ഞ കവിതകളോട് എനിക്ക് അതിരില്‍ക്കവിഞ്ഞ അടുപ്പമില്ല. കവിതയുടെ ചട്ടക്കൂടില്‍ത്തന്നെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. എന്നും പൂക്കള്‍ വിരിയുന്ന സമാധാനമുള്ള സോഷ്യലിസ്റ്റ് ലോകമാണ് എല്ലാ കവികളും സ്വപ്നംകാണുന്നത്.

സമത്വവാദം ഭരണഘടനയില്‍നിന്നുപോലും നീക്കാന്‍ താത്പര്യപ്പെടുന്നവരാണ് ഇന്നുള്ളത്. പത്മപ്രഭാ ഗൗഡരെപ്പോലെയുള്ള ആദ്യകാല സോഷ്യലിസ്റ്റിന്റെ വലുപ്പം ഇതെല്ലാം വ്യക്തമാക്കുന്നു. സോഷ്യലിസ്റ്റായ വലിയ മനുഷ്യന്റെപേരിലുള്ള പുരസ്‌കാരം ഏറെ പ്രസക്തിയും പ്രാധാന്യവുമുള്ളതാണ്. ജീവിതകാലം മുഴുവന്‍ സമത്വത്തിനായി പ്രയത്‌നിച്ച എം.കെ. പത്മപ്രഭാ ഗൗഡരുടെപേരിലുള്ള പുരസ്‌കാരം ലഭിക്കുമ്പോള്‍ അതിനു മറ്റെല്ലാ പുരസ്‌കാരങ്ങളെക്കാളും പ്രസക്തിയും മൂല്യവുമുണ്ട്. എം.പി. വീരേന്ദ്രകുമാറുമായുള്ള അടുപ്പവും അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് വയനാട്ടിലെത്തിയതും സൂചിപ്പിച്ച കവി എം.പി. വീരേന്ദ്രകുമാറിന്റെ ഓര്‍മ്മകള്‍ക്കുമുന്‍പില്‍ സ്മരണാഞ്ജലിയുമര്‍പ്പിച്ചാണ് മറുപടിപ്രസംഗം നടത്തിയത്.