
പത്മപ്രഭാ സ്മാരകപുരസ്കാരം കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് കവി മധൂസൂദനൻനായർ സമ്മാനിക്കുന്നു. എഴുത്തുകാരൻ ഹാരിസ് നെന്മേനി, സംവിധായകൻ സത്യൻ അന്തിക്കാട്, എഴുത്തുകാരി ഷീജാ വക്കം, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, പത്മപ്രഭാ സ്മാരക ട്രസ്റ്റ് ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ് കുമാർ, എഴുത്തുകാരൻ കെ.വി. സജയ്, മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ, സ്വാഗതസംഘം ചെയർമാൻ എ.കെ. ബാബു പ്രസന്നകുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ പി.കെ. സത്താർ എന്നിവർ സമീപം.
വെറുപ്പിനെ വെറുപ്പുകൊണ്ടല്ല സ്നേഹംകൊണ്ടാണ് തോല്‍പ്പിക്കേണ്ടതെന്ന് കവി ആലങ്കോട് ലീലാകൃഷ്ണന്. പത്മപ്രഭാ സ്മാരകപുരസ്കാരം സ്വീകരിച്ചതിനുശേഷം മറുമൊഴി നടത്തുകയായിരുന്നു കവി. ഏതു വാക്കോതിയാലും പ്രശ്നമാകുന്ന കാലമാണിത്. ഏതു വാക്കിലും ജാതി, മതം, വര്‍ണം, വര്‍ഗം, വിദ്വേഷം തുടങ്ങിയവ ആരോപിക്കുകയാണ്. ഇന്ത്യയിലിന്ന് ഒരു വാക്കുപയോഗിക്കാന്‍ അനേകം ആളുകളുടെ അനുവാദം വാങ്ങണം.
കവികളെപ്പോലെ പ്രതിസന്ധി അനുഭവിക്കുന്നവരില്ല. ഏതു വാക്കില്‍നിന്നാണ് തോക്ക് വരുന്നത്, ഏതുവാക്കില്നിന്ന് വാള്, വിദ്വേഷം, വെറുപ്പ്, വംശവിദ്വേഷം വരുന്നതെന്ന് അറിയാനാവാത്ത അതിഭീകരകാലത്തിലൂടെയാണ് കവികള്‍ കടന്നുപോകുന്നത്. ആ കെട്ടകാലത്ത് കിട്ടുന്ന ആത്മവിശ്വാസത്തിന്റെ പത്മരാഗപ്രഭയാണ് തനിക്ക് പത്മപ്രഭാ പുരസ്കാരമെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരാണ് ഈ ലോകത്തെ ഇപ്പോഴും നയിക്കുന്നത്. മഹാത്മാഗാന്ധി, കാള്‍ മാര്‍ക്സ്, വിവേകാനന്ദന്, കാളിദാസന് എന്നിങ്ങനെയുള്ള മഹത്തുക്കളാണ് ഇപ്പോഴും ലോകത്തെ നയിക്കുന്നതെന്ന് കാണാം. ആ വിധത്തില്‍ പത്മപ്രഭാഗൗഡരും അദ്ദേഹത്തിന്റെ മഹാനായ പുത്രന് എം.പി. വീരേന്ദ്രകുമാറും ഇപ്പോഴും വയനാടിനെ നയിക്കുന്നു. ആ പാരമ്പര്യം എം.വി. ശ്രേയാംസ്കുമാറിലൂടെ ഇപ്പോഴും നിലനില്ക്കുന്നതിന്റെ അടയാളമാണ് വയനാടിന്റെ ഈ ഹൃദയോപഹാരം.
എന്റെയുള്ളിലെ കുട്ടിയെ ഞാനീ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നു. ചോരാന്‍ ഒരു സ്ഥലവും ബാക്കിയില്ലാത്ത പഴയ ഒരു ഓലപ്പുരയില്‍ ആകെ സമ്പാദ്യമായുണ്ടായിരുന്ന കുറച്ചു കവിതാപുസ്തകങ്ങള് നനയാതിരിക്കാന്‍ അതിന്റെ മുകളില്‍ കമഴ്ന്നുകിടന്നുവായിക്കുന്ന കുട്ടിയെ ഞാന്‍ ഓര്‍മിക്കുന്നു. ആ കുട്ടി കവിതകൊണ്ടാണ് ജീവിച്ചത്. സ്വപ്നങ്ങള്‍ സമ്മാനിച്ചത് കവിതയാണ്. എന്റെയച്ഛന് ഒരു പ്രസ് തൊഴിലാളിയായിരുന്നു. അവിടെ അച്ചടിക്കുന്ന പി. കുഞ്ഞിരാമന്‍നായരുടെയും ചങ്ങമ്പുഴയുടെയും കുമാരനാശാന്റെയും പുസ്തകങ്ങള്‍ അച്ഛന് കൊണ്ടുവരുമായിരുന്നു. അച്ഛന് തന്ന സ്വത്ത് അതുമാത്രമായിരുന്നു. അതല്ലാതെ എന്റെ കൈയില്‍ സമ്പാദ്യങ്ങളൊന്നുമില്ല. കമിഴ്ന്നുകിടന്നു മുട്ടുകുത്തി വായിക്കുമ്പോള്‍ മണ്ണെണ്ണവിളക്കിലെ കരി എന്റെ നാഭീനാളംവരെ പടര്ന്നുകിടക്കുന്നുണ്ടെന്നും അദ്ദേഹം സ്മരിച്ചു.
അധ്യാപകര്‍ സൃഷ്ടിച്ച ഒരാളാണു ഞാന്‍. മഹാപ്രതിഭകളെ വായിച്ച എളിയമനസ്സിന്റെ പ്രാര്‍ഥനകളാണ് എഴുതുന്നത്. ആന്തരികമായ അനാഥത്വത്തെ മറികടക്കാനുള്ള ശ്രമമാണിത്. മാതാപിതാക്കള്‍, ഏറെ പ്രോത്സാഹിപ്പിച്ച ഭാര്യാപിതാവ്, പ്രിയപ്പെട്ട ഗുരുനാഥര്‍, ഗുരുതുല്യനായ എം.പി. വീരേന്ദ്രകുമാര്‍, എം.ടി. വാസുദേവന്‍നായര്‍ തുടങ്ങിയവരോടുള്ള അടുപ്പം വിവരിച്ച കവി അവരില്ലായെന്ന നഷ്ടങ്ങളുടെ നടുക്കുനിന്നാണ് ഈ പുരസ്കാരം സ്വീകരിക്കുന്നതെന്നും പറഞ്ഞ് വികാരഭരിതനായി. വീരേന്ദ്രകുമാറുമായുള്ള ഗാഢബന്ധം പറഞ്ഞ്, അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എഴുതിയ 'സ്നേഹമേ തീര്ഥങ്കരാ നിന്റെ കൊടിയടയാളം' എന്ന കവിതയും ചൊല്ലി.
കവിത്വവും ഭാഷയും മഹാത്മാക്കളും പ്രകൃതിയും വാക്കിലൊഴുകിയ പ്രൗഢഗംഭീരമായ വേദിയിലായിരുന്നു കവിക്ക് ആദരം. പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളിലെ നിറഞ്ഞസദസ്സിനെ സാക്ഷിനിര്‍ത്തി പ്രൊഫ. വി. മധുസൂദനന്‍നായര്‍ 75,000 രൂപയും പ്രശസ്തിപത്രവും പത്മരാഗക്കല്ലുപതിച്ച ഫലകവും അടങ്ങുന്ന പുരസ്കാരം ആലങ്കോടിന് സമ്മാനിച്ചു.
മലയാളത്തിന്റെ മഹത്തായ പാരമ്പര്യത്തെ വഹിക്കുന്ന അക്ഷരം എങ്ങനെ പവിത്രീകരിക്കണമെന്ന് അറിയുന്ന കവിയാണ് ആലങ്കോടെന്ന് മധുസൂദനന് നായര്‍ പറഞ്ഞു. ശുദ്ധികൊടുക്കണമെന്നും അശുദ്ധിയും കാലുഷ്യവും അസ്വാസ്ഥ്യവും കൊടുക്കരുതെന്നും അദ്ദേഹത്തിനറിയാം. മലയാളത്തിന്റെ മഹത്തായ പാരമ്പര്യം വഹിച്ചുനടക്കുന്ന ചുമട്ടുകാരനാണ് അദ്ദേഹം. രാമായണവും മഹാഭാരതവും ഉള്‍പ്പെടെയുള്ള മഹാകാവ്യങ്ങള്‍ രചിക്കപ്പെട്ട അനുഷ്ടുപ്പ് വൃത്തത്തില്‍ എഴുതാന്‍കഴിയുന്ന അപൂര്‍വംപേരില്‍ ഒരാളാണ്. ഇതു ഹൃദയത്തില്‍നിന്നു പറയുന്നതാണ്. വാക്ക് എങ്ങനെ ഒതുക്കണമെന്നും കൊരുക്കണമെന്നും അറിയുന്ന വിദ്യ സ്വച്ഛന്ദമായി അറിയുന്നവനാണ് സിദ്ധകവിയെങ്കില് ആലങ്കോട് സിദ്ധകവിയാണ്. കാലാന്തരസ്ഥായിയായിരിക്കുന്നതാണ് നല്ല കവിതയെങ്കില്‍ ലീലാകൃഷ്ണന് ഭാവിയിലെ നല്ല കവിതയുടെ ഉടമയായിരിക്കുമെന്നും മധുസൂദനന്‍നായര്‍ പറഞ്ഞു.
ഒരാള്‍ക്ക് മഹത്ത്വമുണ്ടാകുന്നത് അവര്‍ ജീവജാലങ്ങളെയെല്ലാം ആത്മഭാവത്തോടെ സ്നേഹിക്കുമ്പോഴാണ്, അത്തരം പാഠം പത്മപ്രഭാഗൗഡരില്നിന്ന് മകന് എം.പി. വീരേന്ദ്രകുമാര്‍ ഉള്‍ക്കൊണ്ടു. ലാളിത്യത്തോടെ ജനസേവനം നടത്തുന്നവരാണ് വിവേകികള്‍. ആ പാരമ്പര്യം ഈ തലമുറയിലും പിന്തുടരുന്നുവെന്നും മധുസൂദനന്‍നായര്‍ പറഞ്ഞു.
പത്മപ്രഭാഗൗഡര്‍ ലാളിത്യത്തിന്റെ പ്രതീകമായിരുന്നുവെന്ന് പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തിയ സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞു. ലളിതജീവിതത്തിലൂടെയേ ജനശ്രദ്ധയാകര്ഷിക്കാനാവൂ. അദ്ദേഹത്തെക്കുറിച്ച് ഞാനറിഞ്ഞത് അദ്ദേഹത്തിന്റെ പരമ്പരയിലൂടെയാണ്. എത്ര ധനാഢ്യനായിരുന്നെങ്കിലും ലളിതമായി ജീവിക്കാനാണ് അദ്ദേഹം മക്കളെ പഠിപ്പിച്ചത്. അദ്ദേഹത്തിന്റെ മഹാനായ പുത്രന് എം.പി. വീരേന്ദ്രകുമാറിലൂടെ നമ്മളത് കണ്ടു. ആ പാരമ്പര്യം അടുത്തതലമുറകളും ഉള്‍ക്കൊണ്ടുവെന്നും സത്യന് അന്തിക്കാട് പറഞ്ഞു.
പത്മപ്രഭാ സ്മാരകട്രസ്റ്റ് ചെയര്മാന് എം.വി. ശ്രേയാംസ്കുമാര്‍ അധ്യക്ഷതവഹിച്ചു. മണ്ണിനെ, പ്രകൃതിയെ സ്നേഹിക്കുന്ന പ്രതികരണമുള്ള കവിയാണ് ആലങ്കോട് ലീലാകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. പിതാവ് എം.പി. വീരേന്ദ്രകുമാറുമായി ആലങ്കോടിനുണ്ടായിരുന്ന സൗഹൃദവും ആലങ്കോട് എം.പി. വീരേന്ദ്രകുമാറിനെക്കുറിച്ച് എഴുതിയ കവിത കേട്ടപ്പോള്‍ കണ്ണീരണിഞ്ഞതും അദ്ദേഹം പങ്കുവെച്ചു. മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന് അനുഗ്രഹപ്രഭാഷണം നിര്‍വഹിച്ചു. മലയാളത്തിന്റെ മുന്നിരകവികളില് ഒരാളും ഏതുവിഷയവും മനോഹരമായി അവതരിപ്പിക്കാനാകുന്ന മികച്ച പ്രഭാഷകനുമാണ് ലീലാകൃഷ്ണനെന്നും ബഹുമുഖപ്രതിഭയായ അദ്ദേഹം പത്മപ്രഭാ പുരസ്കാരത്തിന് എന്തുകൊണ്ടും അര്‍ഹനാണെന്നും പി.വി. ചന്ദ്രന് പറഞ്ഞു.
മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന് പുരസ്കാരജേതാവിനെ പൊന്നാടയണിയിച്ചു. ആലങ്കോട് രചിച്ച് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന 'നാട്ടുവഴികള്‍ നാട്ടഴകുകള്‍' എന്ന പുസ്തകം മധുസൂദനന്‍നായര്‍ ഷീജാ വക്കത്തിന് നല്കി പ്രകാശനംചെയ്തു. കെ.വി. സജയ്, ഹാരിസ് നെന്മേനി എന്നിവരും സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് എ.കെ. ബാബു പ്രസന്നകുമാര്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.കെ. സത്താര്‍ നന്ദിയും പറഞ്ഞു.
Content Highlights: Poet Alankode Leelakrishnan emphasizes overcoming hate with love while accepting the Padmaprabha Memorial Award. He reflects on the current socio-political climate and his journey.
Published: 28 Sept 2025, 07:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented