കല്പറ്റ: ഈ വർഷത്തെ പത്മപ്രഭാ സാഹിത്യപുരസ്കാരസമർപ്പണം ശനിയാഴ്ച കവിയും എഴുത്തുകാരനും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന് സമർപ്പിക്കും. കല്പറ്റ പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ വൈകീട്ട് 3.30-ന് നടക്കുന്ന പരിപാടിയിൽ കവി വി. മധുസൂദനൻ നായർ പുരസ്കാരം സമർപ്പിക്കും.
പത്മപ്രഭാസ്മാരക ട്രസ്റ്റ് ചെയർമാനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനാകും. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്കാരജേതാവിനെ പൊന്നാടയണിയിക്കും. സിനിമാസംവിധായകൻ സത്യൻ അന്തിക്കാട് പത്മപ്രഭാ സ്മാരകപ്രഭാഷണം നടത്തും. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, എഴുത്തുകാരായ കെ.വി. സജയ്, ഷീജ വക്കം, ഹാരിസ് നെന്മേനി എന്നിവർ സംസാരിക്കും.
വി. മധുസൂദനൻ നായർ അധ്യക്ഷനും നിരൂപകൻ സുനിൽ പി. ഇളയിടം, നോവലിസ്റ്റ് ആർ. രാജശ്രീ എന്നിവർ അംഗങ്ങളുമായ പുരസ്കാരനിർണയസമിതിയാണ് ലീലാകൃഷ്ണനെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. എഴുപത്തയ്യായിരം രൂപയും പ്രശംസാപത്രവും പത്മരാഗക്കല്ല് പതിച്ച ശില്പവും അടങ്ങുന്നതാണ് പത്മപ്രഭാപുരസ്കാരം. ആധുനിക വയനാടിന്റെ ശില്പി എന്നറിയപ്പെടുന്ന പത്മപ്രഭാഗൗഡരുടെ സ്മരണയ്ക്കായി മകൻ എം.പി. വീരേന്ദ്രകുമാർ ഏർപ്പെടുത്തിയ സാഹിത്യസമ്മാനമാണിത്. 1996 മുതൽ തുടർച്ചയായി ഇത് നൽകിവരുന്നുണ്ട്.
പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എ.കെ. ബാബു പ്രസന്നകുമാർ, ജനറൽ കൺവീനർ പി.കെ. സത്താർ, ട്രഷറർ കെ.കെ. ഹംസ, ടി.വി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Published: 26 Sept 2025, 07:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented