ആർ.രാജശ്രീയുടെ നിൻ്റെ കഥയുടെ വായന.

To advertise here,

സ്നേഹം.... നമ്മളിൽ ആർദ്രതയും സമാധാനവും നിറയ്ക്കുന്ന വികാരം. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആരാണ് കൊതിക്കാത്തത്?
എന്നാൽ അതിനൊരു മറുവശം കൂടിയുണ്ട്. സ്നേഹം എന്നത് അത്ര നിരുപദ്രവകരമായ വാക്കൊന്നുമല്ല. ചിലപ്പോൾ സ്നേഹം തെറ്റിദ്ധരിക്കപ്പെട്ടേക്കാം. നാളുകൾ കഴിയുന്തോറും ഒരു നവവവധു സ്‌നേഹത്തെ ഭയപ്പെടുന്നുവെങ്കിൽ തീർച്ചയായും സ്‌നേഹം എന്നത് അവൾക്ക് നിരുപദ്രവമായിരിക്കില്ല. അങ്ങനെയൊരു ബോധ്യത്തിൽ നമ്മെക്കൊണ്ടെത്തിക്കുന്ന നിരവധി സംഭവങ്ങളുടെ, അനുഭവങ്ങളുടെ തുറന്നെഴുത്താണ് രാജശ്രീ ടീച്ചറിൻ്റെ 'നിൻ്റെ കഥ'.

പേര് അന്വർത്ഥമാണ്! നിൻ്റെ എന്നത് നമ്മളിൽ ആരുടേതുമാകാം. ഏതൊരു പെൺകുട്ടിയെയും പോലെ സ്വപ്നങ്ങളും പ്രതീക്ഷകളുമായി വിവാഹ ജീവിതത്തിലേക്ക് കടന്ന ആ പെൺകുട്ടി ആദ്യദിനം മുതൽ 16 വർഷം വരെ നേരിട്ട ദുരനുഭവങ്ങളെ നമുക്ക് അത്ര പെട്ടെന്ന് വായിച്ചു മറക്കാൻ സാധിക്കില്ല. കൊച്ചു കൊച്ചു സന്തോഷങ്ങൾ കൊണ്ട്, കടുത്ത വൈഷമ്യങ്ങളെ മറയ്ക്കാൻ ശ്രമിച്ചെങ്കിലും അവളുടെ ജീവിതം കൂടുതൽ സംഘർഷഭരിതമാവുകയായിരുന്നു. ജീവിതം കൈവിട്ടു പോകുന്ന പല അവസ്ഥകളെയും തരണം ചെയ്ത്, കുറ്റപ്പെടുത്തലിൻ്റെയും ഒറ്റപ്പെടുത്തലിൻ്റെയും കയങ്ങളിൽ നിന്ന് അവൾ ഇന്ന് ഏറ്റവും മഹനീയമായ സ്ഥാനത്തെത്തിയിരിക്കുന്നു!

സർഗാത്മകതയും ജീവിതദുരിതങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നടത്തിട്ടുണ്ട്, അനവധിയായ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. ചാർളി ചാപ്ലിൻ സൃഷ്ടിച്ച ചിരിക്ക് പിന്നിലും, മലയാളത്തിൽ രാജലക്ഷ്മിയും കെ. സരസ്വതി അമ്മയും അഭിരമിച്ച സാഹിത്യലോകവും അവരുടെ വ്യക്തിജീവിത ദുരന്തങ്ങളുടെ പ്രതിഫലമായി വേണം കരുതാൻ. മലയാള നോവലിൽ പുതുചലനം മാത്രമല്ല ദിശയും പുനഃ നിർണ്ണയിച്ച കല്യാണിയും ദാക്ഷായണിയും എന്ന് പേരായ രണ്ട് സ്ത്രീകളുടെ കതയും, ആത്രേയകവും രാജശ്രീ എന്ന സ്ത്രീയുടെ ഭൂതകാലാനുഭവങ്ങളിൽ നിന്നുള്ള വിടുതലും ഒരുമാത്ര പലായനവും തന്നെയാണ്. നോവിൻ്റെ ചാലുകളെ നോവലുകളിലേയ്ക്ക് വഴിതിരിച്ച് വിട്ട് അവിടെ നിന്ന് ലഭിക്കുന്ന ചെറു സന്തോഷവും മധുരവും ആവോളം നുണയാൻ ഒരു സ്ത്രീ നടത്തുന്ന ധീര ശ്രമം. ആ പരിശ്രമം വിജയിക്കുകയും നമ്മുടെ ആഖ്യായികാചരിത്രത്തിൽ അത് തലപ്പൊക്കമുള്ള സ്തംഭമായി മാറുകയും ചെയ്തുവെന്നത് രാജശ്രീ എന്ന എഴുത്തുകാരിയുടെ പ്രാധാന്യത്തെ വർദ്ധിപ്പിക്കുന്നു.
അതെ, നിൻ്റെ കഥ ശരിക്കുമൊരു പ്രചോദനമാണ്. പൊരുത്തപ്പെട്ടു പോകാനാകാത്ത സാഹചര്യങ്ങളിൽ ആത്മഹത്യ അവസാന വാക്കല്ലെന്നും അതിനുമപ്പുറം ജീവിതം എത്തിപ്പിടിക്കേണ്ടതുണ്ടെന്നും അങ്ങനെ നേടുന്ന ജീവിതത്തിന് ഒരിക്കലും മങ്ങലേൽക്കില്ലെന്നും ഓരോ പെൺകുട്ടിയെയും പഠിപ്പിക്കുന്ന പുസ്തകം. മണവാട്ടി ആയവരും ആകാൻ പോകുന്നവരും പഠിക്കേണ്ട, കൈയിൽ കരുതേണ്ട ഒന്ന്.