സാന്‍ ഷ്വേ(can xue) ഹരുകി മുറാകാമി, മാര്‍ഗരറ്റ് അറ്റ്വുഡ്, സല്‍മാന്‍ റുഷ്ദി- 2023 ലെ സാഹിത്യത്തിനുള്ള നൊബേല്‍ ആര്‍ക്കായിരിക്കുമെന്ന ചര്‍ച്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരുന്ന പേരുകള്‍ ഇവയൊക്കെയാണ്. 

To advertise here,

ചൈനയിലെ വിഖ്യാത എഴുത്തുകാരിയായ സാന്‍ ഷ്വേ എഴുത്തുലോകത്തെ തന്റെ ആഖ്യാനചടുലതകൊണ്ട് വിസ്മയിപ്പിച്ച എഴുത്തുകാരിയാണ്. നൊബേല്‍ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ സാഹിത്യത്തിലെ പരമോന്നതശ്രേഷ്ഠപുരസ്‌കാരം ആരുടെ കൈകളിലേക്ക് എന്ന ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. 

എഴുപതുകാരിയായ ഡങ് ഷ്വേഹ്വ എന്ന സാന്‍ ഷ്വേ മുമ്പ് ബുക്കര്‍ സമ്മാനപ്പട്ടികയുടെ സാധ്യതാലിസ്റ്റില്‍ ഇടം നേടിയിരുന്നു. അവരുടെ ലവ് ഇന്‍ ന്യൂ മില്ലേനിയം എന്ന നോവല്‍ ലോകശ്രദ്ധയാകര്‍ഷിക്കുകയും ധാരാളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. ഷ്വേയുടെ ഐ ലിവ് ഇന്‍ സ്ലംസ് എന്ന കഥാസാമാഹാരവും ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. സാഹിത്യമേഖലയില്‍ ഏറ്റവും മികവുറ്റ സംഭാവനകള്‍ നല്കിയ ആള്‍ക്കായിരിക്കണം നൊബേല്‍ സാഹിത്യ സമ്മാനം നല്‍കേണ്ടതെന്ന 1895-ലെ ആള്‍ഫ്രഡ് നൊബേലിന്റെ വില്‍പ്പത്രത്തെ അക്ഷരംപ്രതി അനുസരിക്കുന്ന സ്വീഡിഷ് അക്കാദമി ഇത്തവണ പുരസ്‌കാരത്തുക പതിനൊന്ന് മില്യണ്‍ സ്വീഡിഷ് ക്രോനര്‍ ആക്കി ഉയര്‍ത്തിയിരിക്കുകയാണ് (ഇന്ത്യന്‍ രൂപ 8,31,90,592.20). സാഹിത്യത്തില്‍ ലോകത്ത് ലഭിക്കാവുന്ന ഏറ്റവും ധനമൂല്യമുള്ള പുരസ്‌കാരമായി നൊബേല്‍ സമ്മാനം സ്ഥാപിച്ച കാലം മുതല്‍ക്കേ കണക്കാക്കപ്പെട്ടുവരുന്നു. 

ചൈനയ്ക്കു പിറകേ തന്ന ജപ്പാനും ലോകസാഹിത്യത്തില്‍ ചര്‍ച്ചയാവുന്നത് ഹരുകി മുറാകാമിയുടെ നൊബേല്‍ സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയാണ്.  നോര്‍വീജിയന്‍ വുഡ്, 1Q84, കാഫ്ക ഓണ്‍ ദ ഷോര്‍, ദ വിന്റ് അപ് ബേഡ് ക്രോണിക്കിള്‍, മെന്‍ വിതൗട്ട് വിമന്‍, കില്ലിങ് കമന്റേറ്റര്‍, എ വൈല്‍ഡ് ഷീപ്പ് ചേസ്, തുടങ്ങി മുറാകാമി പടച്ചുവിട്ട ആഖ്യായികകള്‍ ലോകസാഹിത്യത്തില്‍ സൃഷ്ടിച്ച അലയടികള്‍ ചെറുതല്ല. 2013-ലെ നൊബേല്‍ സാധ്യതാപട്ടികയില്‍ ഏറ്റവും കൂടുതല്‍ ആവര്‍ത്തിക്കപ്പെട്ട പേരായിരുന്നു മുറാകാമിയുടേത്. അന്ന് പക്ഷേ ആലീസ് മണ്‍റോയായിരുന്നു നൊബേല്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഓസ്‌ട്രേലിയന്‍ എഴുത്തുകാരനായ ജെറാള്‍ഡ് മര്‍നെയ്ന്‍ സാഹിത്യനിരൂപര്‍ അനൗദ്യോഗികമായി പ്രഖ്യാപിച്ച നൊബേല്‍ സാധ്യതാലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ദ പ്ലെയ്ന്‍സ് ഇന്‍ലാന്റ് എന്ന വിഖ്യാതകൃതിയുടെ സ്രഷ്ടാവാണ് എണ്‍പത്തിനാലുകാരനായ ജെറാള്‍ഡ്. 

ഹംഗേറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്‌നഹര്‍കോയ് 2015-ല്‍ ബുക്കല്‍ സമ്മാനം നേടിയിട്ടുണ്ട്. ദ മെലങ്കൊലി ഓഫ് റെസിസ്റ്റന്‍സ് എന്ന വിഖ്യാതകൃതിയിലൂടെ മോസ്റ്റ് ഡിമാന്റിങ് ഓതര്‍ പട്ടികയില്‍ ഇടം നേടിയ എഴുത്തുകാരനാണ് ലാസ്ലോ. 

കനേഡയിന്‍ കവിയും നോവലിസ്റ്റും നിരൂപകയും അധ്യാപികയും  പരിസ്ഥിതി-സാമൂഹികപ്രവര്‍ത്തകയുമായ മാര്‍ഗരറ്റ് ആറ്റ്‌വുഡ്ഡിലേക്ക് ഇത്തവണത്തെ നൊബേല്‍ എത്തിച്ചേരുമെന്ന് പ്രവചിക്കുന്നവര്‍ വളരെയേറെയുണ്ട്. എണ്‍പത്തിമൂന്നുകാരിയായ ആറ്റ്‌വുഡ് വളരെ ചെറുപ്പത്തില്‍ത്തന്നെ ലോകശ്രദ്ധ പിടിച്ചുപറ്റിയ എഴുത്തുകാരിയാണ്. വിശ്വസാഹിത്യത്തിലെ മുതിര്‍ന്ന മുഖങ്ങളില്‍ ഏറ്റവും ആദരണീയയാണ് മാര്‍ഗരറ്റ ആറ്റ്‌വുഡ്. നിലപാടുകളും നിരൂപണങ്ങളും സാഹിത്യ സിദ്ധാന്തങ്ങളും കൊണ്ട് നിരന്തരം സമൂഹവുമായി സംവദിക്കുന്ന എഴുത്തുകാരിയാണ് ആറ്റ്‌വുഡ്. 

 നോവലിസ്റ്റും ചെറുകഥാകൃത്തുമായ ലിഡ്മില യുലിറ്റ്‌സ്‌കായ ആധുനിക റഷ്യന്‍ സാഹിത്യത്തിലെ ശക്തമായ സാന്നിധ്യമാണ്. ഡാനിയേല്‍ സ്റ്റീന്‍, ഇന്റര്‍പ്രെറ്റര്‍ തുടങ്ങിയ നോവലുകളിലൂടെ ജൂഡെയ്‌സം,ക്രിസ്റ്റിയാനിറ്റി, ഇസ്ലാം തുടങ്ങിയ മതങ്ങളെ എഴുത്തുകാരി വീക്ഷിച്ച കാഴ്ചപ്പാടുകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മതവും വര്‍ഗീയാസിഷ്ണുതയും തന്റെ രചനകളിലെ മുഖ്യ ടൂളായി ഉപയോഗിച്ച എഴുത്തുകാരി കൂടിയാണ് ലിഡ്മില. 

റൊമാനിയന്‍ കവിയും നോവലിസ്റ്റും സാഹിത്യവിമര്‍ശകനുമായ മിര്‍ച്ച കര്‍ത്തെരേസ്‌കുവിനെയും ഇത്തവണ നൊബേല്‍ സാധ്യതയില്‍ സാഹിത്യനിരീക്ഷകര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറുപത്തിയേഴുകാരനായ മിര്‍ച്ച ഫരൂരി, വിട്രിന്‍, ഫോട്ടോഗ്രഫി തുടങ്ങിയ കൃതികളുടെ രചയിതാവാണ്. ഉത്തരാധുനിക ഇതിഹാസകവിതയായി കണക്കാക്കപ്പെടുന്ന ദ ലാവെന്റ് ആണ് മിര്‍ച്ചയെ ലോകോത്തര എഴുത്തുകാരുടെ നിരയിലേക്കുയര്‍ത്തിയത്. 

സ്‌മോള്‍ ലിവ്‌സ് എന്ന നോവല്‍ കണക്കാക്കപ്പെടുന്നത് സമകാലിക ഫ്രഞ്ച് സാഹിത്യത്തിലെ മാസ്റ്റര്‍പീസായിട്ടാണ്. സ്‌മോള്‍ ലൈവ്‌സിനു പിന്നാലെ വന്ന ദ ഒറിജിന്‍ ഓഫ് ദ വേള്‍ഡ് ഫ്രഞ്ച് സാഹിത്യത്തെ ഒന്നുകൂടി ഉയര്‍ത്തി. അനവധി ഭാഷകളിലേക്ക് ദിവസങ്ങള്‍ക്കകം വിവര്‍ത്തനം ചെയ്യപ്പെട്ട കൃതികൂടിയായിരുന്നു ദ ഒറിജിന്‍ ഓഫ് ദ വേള്‍ഡ്. ഫ്രഞ്ച് സാഹിത്യത്തിലെ ആധുനികനായ പിയറി മിഷോണായുടെ രചനകള്‍. മിഷോണോ ആയിരിക്കും ഇത്തവണത്തെ നോബേല്‍ ജേതാവെന്ന് പ്രവചിക്കുന്നവരും കുറവല്ല. 

സല്‍മാന്‍ റുഷ്ദി ഇത്തവണ നൊബേല്‍ സമ്മാനം നേടുകയാണെങ്കില്‍ അത് വര്‍ഗീയതയ്ക്കും ജാതീയതയ്ക്കുമെതിരെയുള്ള റുഷ്ദിയുടെ മറുപടിയായിരിക്കും. കഴിഞ്ഞ തവണ നൊബേല്‍ പ്രഖ്യാപിക്കുന്ന വേളയില്‍ അദ്ദേഹത്തിന് കുത്തേറ്റത്. വധശ്രമത്തെ അതിജീവിച്ചെങ്കിലും പകരം നല്‍കിയത് വലത്തേ കണ്ണായിരുന്നു. ഒരു പക്ഷേ എറ്റവും കൂടുതല്‍ വധശ്രമവും വധഭീഷണിയും നേരിടുന്ന എഴുത്തുകാരന്‍. സാറ്റാനിക് വേഴ്‌സസ്, മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ തുടങ്ങിയ നോവലുകളിലൂടെ യഥാര്‍ഥ ഇന്ത്യയെ ചിത്രീകരിക്കാന്‍ ശ്രമിച്ച എഴുത്തുകാരന്‍. ആവിഷ്‌കാര സ്വാതന്ത്ര്യം തേടി അമേരിക്കയില്‍ കുടിയേറി. ഇന്തോ- ബ്രിട്ടീഷ്- അമേരിക്കന്‍ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റുഷ്ദി നൊബേല്‍ നേടുകയാണെങ്കില്‍ രബീന്ദ്രനാഥ ടഗോറിനുശേഷം ഇന്ത്യ ഒരിക്കല്‍കൂടി തന്റെ സാഹിത്യഭൂമികയെച്ചൊല്ലി അഭിമാനിക്കും.  

1901 മുതലാണ് സാഹിത്യത്തിനുള്ള നൊബേല്‍ ഏര്‍പ്പെടുത്തിയത്. ഇതുവരെ 115 എഴുത്തുകാരാണ് നൊബേല്‍ സമ്മാനിതരായിട്ടുള്ളത്. ഫ്രഞ്ച്  എഴുത്തുകാരിയായ ആനി എര്‍ണ്യൂ ആണ് കഴിഞ്ഞ തവണ സാഹിത്യ നൊബേല്‍ നേടിയത്.