തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മേതിൽ രാധാകൃഷ്ണന്. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മേതിൽ നൽകിയ സംഭാവനകളെ മാനിച്ചുകൊണ്ടാണ് കേരളത്തിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം അദ്ദേഹത്തിന് സമർപ്പിക്കുന്നതെന്ന് സാംസ്‌കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

To advertise here,

അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  വാർത്താസമ്മേളനത്തിൽ സാഹിത്യ അക്കാദമി അധ്യക്ഷൻ കൽപറ്റ നാരായണനും സംബന്ധിച്ചു.

കെ.ജി.എസ് അധ്യക്ഷനും കല്പറ്റ നാരായണൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് എന്നിവർ അംഗങ്ങളും എം.പി സുരേന്ദ്രൻ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

അനന്യമായ ലാവണ്യബോധവും അനിതരമായ വീക്ഷണാശേഷിയും കൊണ്ട് മലയാള സാഹിത്യത്തിൽ നവഭാകുത്വം സൃഷ്ടിച്ച എഴുത്തുകാരനാണ് മേതിൽ എന്ന്  ജൂറി വിലയിരുത്തി. ശാസ്ത്രം, തത്വചിന്ത, മനഃശാസ്ത്രം എന്നിവയെ സർഗാത്മകമായി സമന്വയിപ്പിച്ചുകൊണ്ട് ആധുനികോത്തര കാലഘട്ടത്തിലെ ശ്രദ്ധേയമായ സാന്നിധ്യമായി മാറുവാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌കാരികമന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു.

പൊൻകുന്നം വർക്കിയുടെ ആത്മകഥ 'എന്റെ വഴിത്തിരിവി'നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയിൽ ലേഖനമെഴുതിക്കൊണ്ടാണ് മേതിൽ എഴുത്തിലേക്ക് കടന്നുവരുന്നത്. പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയത്ത് എഴുതിയ ലേഖനം അച്ചടിച്ചുവരുമ്പോൾ മേതിൽ പ്രീയൂണിവേഴ്‌സിറ്റിക്ക് ചേർന്നിരുന്നു. നവയുഗം വളരെ പ്രാധാന്യത്തോടുകൂടി അച്ചടിച്ച ആ വിമർശനത്തിൽ രേഖപ്പെടുത്തപ്പെട്ട മേതിൽ രാധാകൃഷ്ണൻ എന്ന പേര് മലയാളിയുടെ വിവിധ വായനാതലമുറകളിൽ, തുറസ്സുകളിൽ ആർക്കും എത്തിപ്പിടിക്കാനാവാത്ത വിധം ഉയരത്തിൽത്തന്നെയായിരുന്നു.

'ഒക്ടോപ്പസ്സിന്റെ ശവം' എന്ന കഥ ആദ്യമായി എഴുതുമ്പോൾ പ്രായം പതിനെട്ട്. ഒക്ടോപ്പസ്സിന്റെ ശവത്തിലെ ഭാഷയും വക്രോക്തിയും മലയാളസാഹിത്യം ഗൗരവമായി നിരീക്ഷിക്കുന്നവർക്ക് കൗതുകവും പ്രതീക്ഷയും നൽകി. പ്രീ യൂണിവേഴ്‌സിറ്റിയും ഡിഗ്രിയും ചിറ്റൂർ ഗവ.കോളേജിൽ നിന്നും പൂർത്തിയാക്കിയ മേതിൽ ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മലയാളസാഹിത്യത്തിലെ നോവൽ വിസ്മയങ്ങളിലൊന്നായ സൂര്യവംശം എഴുതാൻ തുടങ്ങുന്നത്. എഴുതിയും തഴഞ്ഞും ഉപേക്ഷിച്ചും തുടർന്നും മേതിൽ സൂര്യവംശം പൂർത്തിയാക്കുമ്പോൾ മാസ്‌റ്റേഴ്‌സ് ഡിഗ്രിക്ക് കേരള വർമ കോളേജിൽ എത്തിയിട്ടുണ്ടായിരുന്നു. സൂര്യവംശം മലയാള സാഹിത്യത്തിലെ ഒരുപറ്റം മേതിലിയന്മാരെ സൃഷ്ടിച്ചപ്പോൾ ഭാഷയുടെ അടരുകളിലേക്കും രുചിഭേദങ്ങളിലേക്കും മേതിൽ പലായനം ചെയ്തുകൊണ്ടേയിരുന്നു. കവിതകളായും ഹൈക്കുകളായും പംക്തികളായും ശാസ്ത്രകുതുകികളായ ലേഖനങ്ങളായും മേതിൽ ഇടവേളകളോടെ സാന്നിധ്യമറിയിച്ചു. സാഹിത്യം ഒരു സമയകലയല്ലെന്ന് മേതിൽ എഴുത്തിലൂടെ വിളിച്ചുപറഞ്ഞു. അസ്ഥിരമായതിനെയെല്ലാം മേതിൽ തന്നോടുചേർത്തു. ബ്രാ, സൂര്യമത്സ്യത്തെ വിവരിക്കൽ, ആൽബട്രോസിന്റെ കരച്ചിൽ, ഡിലൻ തോമസ്സിന്റെ പന്ത്്. ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം, മൂന്നുവരകൾ, ദൈവം, മനുഷ്യൻ, യന്ത്രം, മേതിൽ 19, കവിതകളുടെ സമാഹാരങ്ങൾ, കഥകൾ സമ്പൂർണം, ഹൈക്കുകളുടെ സമാഹാരം... തുടങ്ങി പലകാലങ്ങളിൽ മേതിൽ സാഹിത്യം ഭാഷയെയും ഭാവുകത്വത്തെയും പുതുക്കി.

മലയാളസാഹിത്യത്തിലെ ഒറ്റയാൻ, എഴുത്തുകാരുടെ എഴുത്തുകാരൻ തുടങ്ങി മേതിലിനെ വായനക്കാർ പല വിശേഷണങ്ങളാൽ സമ്പന്നമാക്കി. സാഹിത്യം നൽകുന്ന മത്സരപ്പുരസ്‌കാരങ്ങളോട് മേതിൽ എന്നും നിസ്സംഗത പുലർത്തി. ''എഴുത്ത് എനിക്കങ്ങനെ ഒരു മത്സരമായി കാണാൻ പറ്റില്ലായിരുന്നു. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇതൊരു മത്സരമല്ലല്ലോ. ജീവിതത്തിൽ ക്രിയാത്മകമായി മത്സരിക്കുകയല്ലല്ലോ നമ്മൾ. ഇതിൽ നമ്മൾ വൈവിധ്യത്തിലൂടെയാണ് കടന്നുപോകുന്നത്. സത്യം പറഞ്ഞാൽ ഓരോ എഴുത്തുകാരനും ഓരോ വ്യത്യസ്ത കളിയാണ് കളിക്കുന്നത്. ഇതിൽ സമ്മാനമെവിടെ? ഒരാൾ ക്രിക്കറ്റ് കളിക്കുന്നു, ഒരാൾ സോക്കർ കളിക്കുന്നു, ഒരാൾ ഹോക്കി കളിക്കുന്നു. ഏതു ബേസിലാണ് സമ്മാനം കൊടുക്കുന്നത്? അങ്ങനെ ഒരുപാട് ടെക്‌നിക്കലായ പ്രശ്‌നങ്ങൾ ഉണ്ട്. പിന്നെ തീർച്ചയായിട്ടും സമ്മാനം കിട്ടിയ പുസ്തകങ്ങളൊക്കെ ശരിക്കും അത് അർഹിക്കുന്നുണ്ടുവെന്ന് എനിക്ക് തോന്നിയിട്ടില്ല. അപ്പോൾ അതിൽ നിരീക്ഷണത്തിൽ അവർക്കുള്ള ഒരിത്. ഒരു പക്ഷേ ഈ സമ്മാനത്തിൽ പറയുന്നത് എന്റെ പുസ്തകം അത്ര നന്നായിട്ടില്ല എന്നായിരിക്കും. ഏതായാലും ഒരു മത്സരം എന്നുള്ള പരിപാടിയോട് എനിക്ക് വല്യതാത്പര്യമില്ല. എഴുത്തിന് പ്രകൃതിയുമായി വൈവിധ്യം വേണം. അതിൽ താരതമ്യമില്ല. ഉറുമ്പോ മിടുക്കൻ, മുയലോ മിടുക്കൻ എന്ന കംപാരിസൺ ഇല്ല. രണ്ടും രണ്ടാണ്. ഈ കംപാരിസൺ എന്ന സംഭവം എടുത്തുകളയണം ആദ്യം.''-പുരസ്‌കാരപ്പട്ടികകളിൽ നിന്നും മേതിലിന്റെ പേര് അപ്രത്യക്ഷമാകുന്നതിനെക്കുറിച്ച് അദ്ദേഹം മാതൃഭൂമി ഡോട്‌കോമിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.