2026-ലെ സാമ്പത്തികശാസ്ത്ര നോബൽ പുരസ്‌കാരത്തിന് അമേരിക്കൻ സാമ്പത്തികശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ, മൈക്കിൾ വുഡ്‌ഫോർഡ് എന്നിവർ അർഹരായി. സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള (microeconomic foundations of macroeconomic stabilisation) ഗവേഷണ മികവിനാണ് പുരസ്‌കാരം.

To advertise here,

കേന്ദ്ര ബാങ്കുകളും സർക്കാരുകളും സാമ്പത്തിക പ്രതിസന്ധികളെയും ആഘാതങ്ങളെയും നേരിടാൻ നിലവിൽ ഉപയോഗിക്കുന്ന മാതൃകകൾക്ക് സുസ്ഥിരമായ സിദ്ധാന്ത അടിത്തറ പാകാൻ ഇവരുടെ പഠനങ്ങൾ സഹായിച്ചു. ഊർജ പ്രതിസന്ധി, ഗാർഹിക ഉപഭോഗത്തിലുണ്ടാകുന്ന പെട്ടെന്നുള്ള വ്യതിയാനങ്ങൾ തുടങ്ങിയ അപ്രതീക്ഷിത സാമ്പത്തിക ആഘാതങ്ങളെ കൂടുതൽ ഫലപ്രദമായി നേരിടാൻ രാജ്യങ്ങളെ പ്രാപ്തരാക്കുന്നതിന് പഠനം സഹായിച്ചതായി പുരസ്‌കാര സമിതി വിലയിരുത്തി.

12 ദശലക്ഷം സ്വീഡിഷ് ക്രോണർ (ഏകദേശം 1.2 ദശലക്ഷം യു.എസ്. ഡോളർ) അടങ്ങുന്നതാണ് പുരസ്‌കാരം. 2026 ഒക്ടോബർ 12-ന് സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് സർവകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞനാണ് റോബർട്ട് ഇ. ഹാൾ. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിലെ സാമ്പത്തികശാസ്ത്രജ്ഞനാണ് മൈക്കിൾ വുഡ്‌ഫോർഡ്.