കാക്കനാട്: 'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... ഓർമവെച്ച കാലം മുതൽ ശീലിച്ച കവിതാപാരായണത്തിന്റ താളം വിടാതെ ലീലാവതി ടീച്ചർ പാടി. കവിതയെഴുതിയ റഫീക്ക് അഹമ്മദ് മലയാളത്തിന്റെ എഴുത്തമ്മയുടെ ചാരെ നിർവൃതിയോടെ നിന്നു. തന്നെ കണ്ടയുടൻ തന്നെ ടീച്ചർ മരണമെത്തുന്ന നേരത്ത് ചൊല്ലുകയായിരുന്നുവെന്നും കവിത സിനിമാപ്പാട്ടായതൊന്നും ടീച്ചർ അറിഞ്ഞില്ലെന്നും റഫീക്ക് അഹമ്മദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

To advertise here,

 

കഴിഞ്ഞ ദിവസമാണ് ലീലാവതി ടീച്ചറെ സന്ദർശിക്കാനായി റഫീക്ക് അഹമ്മദ് അവർ താമസിക്കുന്ന വീട്ടിലെത്തിയത്. വളരെ സ്വകാര്യമായ ഒരു സന്ദർശനം മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ എന്നദ്ദേഹം പറഞ്ഞു.

 

'ആയുസ്സിന്റെ നൂറാമിതളും വിടർന്ന നിലാവിലാണ് മലയാളത്തിന്റെ എഴുത്തമ്മ ലീലാവതി ടീച്ചർ. ആ സാമീപ്യം മാത്രമേ ആഗ്രഹിച്ചുള്ളൂ. പക്ഷേ, കണ്ടയുടനെ കവിത ഓർത്തുചൊല്ലാൻ തുടങ്ങി. കേൾവിശക്തി മാത്രം ഇത്തിരി കുറഞ്ഞുവെങ്കിലും ഓർമ്മ ഹരിതസ്വച്ഛം, വിസ്മയകരം. മരണമെത്തുന്ന നേരത്ത് എന്ന കവിത സിനിമാപ്പാട്ടായതൊന്നും ടീച്ചർക്ക് അറിയില്ല. വായിച്ച് ഇഷ്ടപ്പെട്ടതിന്റെ ഓർമയിൽ ചൊല്ലുകയാണ്.

സമുദ്രവും പർവ്വതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല നമ്മുടെ നിസ്സാരതയാണെന്ന് ഒരിക്കൽക്കൂടി തിരിച്ചറിയുന്നു. പാദനമസ്‌കാരം'.- റഫീക്ക് അഹമ്മദ് ഫേസ്ബുക്കിൽ കുറിച്ചു.