താനൂർ: പഴയകാല നാടക, സിനിമാ നടൻ കെ. പുരം വെളുവിൽപറമ്പ് സുകൃതത്തിൽ പപ്പൻ നെല്ലിക്കോട് (എം.കെ. പത്മനാഭൻ നായർ-96) അന്തരിച്ചു. നാടകകൃത്ത്, കവി, സംവിധായകൻ എന്നീനിലകളിലും അറിയപ്പെട്ടിരുന്നു.

To advertise here,

മധുമാസ്റ്ററുടെ സ്പാർട്ടക്കസ്, അമ്മ, സുരാസുവിന്റെ വിശ്വരൂപം, ആഹ്വാൻ സെബാസ്റ്റ്യന്റെ ദേവസൂത്രം എന്നീ നാടകങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമായി. എം.ടി.യുടെ വളർത്തുമൃഗങ്ങൾ, നഖക്ഷതങ്ങൾ അടക്കം പതിനഞ്ചോളം സിനിമകളിലും അഭിനയിച്ചു.

കഥാപാത്രങ്ങളുടെ പൂർണതയ്ക്കായി എത്ര വിയർപ്പൊഴുക്കാനും പപ്പൻ നെല്ലിക്കോടിന് വിമുഖതയില്ലായിരുന്നു. കോഴിക്കോടൻ നാടകപ്രതിഭകളിലെ ഇന്നലെകളിലെ ഈ പ്രതിനിധി അരങ്ങിൽ കഥാപാത്രമായി ജീവിക്കുകയായിരുന്നു. മധു മാസ്റ്ററുടെ 'അമ്മ' നാടകത്തിൽ പ്രധാനവേഷം നെല്ലിക്കോടിനായിരുന്നു. ക്രൂരനായ പോലീസ് ഇൻസ്‌പെക്ടറുടെ വേഷം കുന്നംകുളത്ത് അരങ്ങുവാഴുമ്പോൾ കാണികളിൽ ചിലർ വേദിയിലേക്ക് ഓടിക്കയറി. ഈ പോലീസുകാരനെ കൂട്ടമായി ചേർന്ന്് തല്ലണമെന്നതായിരുന്നു അവരുടെ ആഗ്രഹം.

ഒരുവേള, ജീവിതവും നാടകവും തമ്മിലുള്ള അന്തരം അവർ മറന്നതിന്റെ ഫലം; കഥാപാത്രത്തിന്റെ സ്വഭാവം അത്രമേൽ പ്രതിഫലിപ്പിക്കാനായ നടന്റെ വിജയവും.

കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം നേടിയ പപ്പൻ നെല്ലിക്കോട് സ്‌കൂൾ വിദ്യാർഥിയായിരിക്കെ 'വെണ്ണിലാവ്' എന്ന നാടകത്തിൽ വൃദ്ധന്റെ വേഷത്തിലാണ് ആദ്യമായി അരങ്ങിലെത്തിയത്. കെ.പി. ഉമ്മർ, ബാലൻ കെ. നായർ, നെല്ലിക്കോട് ഭാസ്‌കരൻ, കുതിരവട്ടം പപ്പു, തിക്കോടിയൻ, പി. ഭാസ്‌കരൻ, എം.എസ്. ബാബുരാജ്, ഉറൂബ് തുടങ്ങിയവരെപ്പോലെ കലാരംഗത്ത് ഉന്നതശീർഷനായിരുന്നു പപ്പൻ. എം.ടി.യുടെ 'വാരിക്കുഴി', 'നഖക്ഷതങ്ങൾ', 'വളർത്തുമൃഗങ്ങൾ' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ കലാലോകത്ത് തിളങ്ങിനിൽക്കുമ്പോഴും നാടകത്തോടുള്ള പ്രതിബദ്ധതയിൽ അദ്ദേഹം അണുവിട പിന്നോട്ടുപോയില്ല.

ആകാശവാണിയിലെ ശബ്ദസാന്നിധ്യമായും അദ്ദേഹത്തിന്റെ നാടകങ്ങൾ ആസ്വാദകരിലേക്കെത്തി. പൂർണിമ, ജയകേരളം, ജനശക്തി മാസികളിലൂടെയാണ് അദ്ദേഹത്തിന്റെ രചനകൾ വെളിച്ചംകണ്ടത്. പിൽക്കാലത്ത് സ്‌നേഹദുഃഖം, കൃഷ്ണായനം, ശിവദം-ഗണേശ്-നവനീത് എന്നീ മൂന്ന് കവിതാസമാഹാരങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കുകയുണ്ടായി. ദേശാഭിമാനി പത്രത്തിൽ അക്കൗണ്ടന്റായി ജോലിചെയ്തിരുന്നു. തുടർന്ന് ആരോഗ്യവകുപ്പിന്റെ വിവിധ മേഖലകളിലെ സേവനത്തിനുശേഷം 1987-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് വിരമിച്ചു.

ഭാര്യ: പരേതയായ പായക്കര മാധവിക്കുട്ടി അമ്മ. മക്കൾ: ഡോ. പി. രഘുപ്രസാദ് (റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ, ആയുർവേദം), പി. സതി (രാമനാട്ടുകര), പി. അനിൽകുമാർ (ഫാർമസിസ്റ്റ്, ചെറുകാവ് മെഡിക്കൽ ഷോപ്പ്, ഐക്കരപ്പടി). മരുമക്കൾ: വി. പ്രേമരാജൻ (റിട്ട. മാനേജർ, എസ്.ബി.ഐ.), ഡോ. ഹേമലത (റിട്ട. സീനിയർ മെഡിക്കൽ ഓഫീർ, ആയുർവേദം), കെ. ജ്യോതി (സ്റ്റെപ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കൊണ്ടോട്ടി). സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.