മേതിൽ രാധാകൃഷ്ണന് എഴുത്തച്ഛൻ പുരസ്‌കാരം പ്രഖ്യാപിച്ച വേളയിൽ കേരള സാഹിത്യ അക്കാദമി ചെയർമാൻ കല്പറ്റ നാരായണൻ പ്രതികരിക്കുന്നു.

To advertise here,

'സർവാംഗം കവിയാണ് മേതിൽ. കവിത എഴുതുമ്പോൾ മാത്രമല്ല കഥയോ ഉപന്യാസമോ നോവലോ എന്തിന് ഒരു ചെറിയ കുറിപ്പ് എഴുതുമ്പോൾ പോലും മേതിൽ കവിയാണ്. വിചിത്രവും മൗലികവും എന്നേ മേതിലിന്റെ ഭാഷയെ വിവരിക്കാനാവൂ. ഉരുകിയ മെഴുകുതിരിയിൽ കന്യകയുടെ ശിരോവസ്ത്രവും ഒച്ചിൻ തോടിൽ ബുദ്ധദേവാലയവും ദർശിച്ച അപൂർവ കാളിദാസൻ. 'കരിങ്കല്ലോളം അഭേദ്യമായ നിശബ്ദതയെ തനിക്ക് കവിതകൊണ്ട് ഭേദിക്കാനാവും. കല്ലിൽ ഞാനൊരു കവാടം തിരയുന്നു.' എന്നാണ് മേതിൽ പറഞ്ഞത്.

ചെറുകഥയിലെ ആർക്കിടെക്റ്റാണ് മേതിൽ. മേതിലിനല്ലാതെ പണിയാനാവാത്ത പല നിലകളുള്ള മായാമന്ദിരങ്ങളാണ് മേതിൽകഥകൾ. സംഗീതം ഒരു സമയകല, ഹിച്ച്‌കോക്കിന്റെ ഇടപെടൽ, മെലിഞ്ഞവരുടെ മനശ്ശാസ്ത്രം, കയറിന്റെ അറ്റം, എങ്ങിനെയൊരു പഴുതാരയെ കൊല്ലാം, നായകൻമാർ ശവപേടകത്തിൽ തുടങ്ങി അന്യാദൃശങ്ങളായ കഥകളാണ് മേതിലിന്റേത്. സൂര്യവംശവും ബ്രായും വിദൂഷകരുടെ അഞ്ചാം പത്തിയും പോലെ മുൻപിൻപില്ലാത്ത നോവൽ മാതൃകകൾ. ലോകകവിതയിലും സംഗീതത്തിലും ശാസ്ത്രത്തിലും പരിസ്ഥിതിയിലും നരവംശശാസ്ത്രത്തിലും ഷഡ്പദനിരീക്ഷണത്തിലും കളികളിലും തത്ത്വചിന്തയിലും ചരിത്രത്തിലും ഉള്ള അഗാധമായ താത്പ്പര്യം മേതിലിന്റെ ഉപന്യാസങ്ങളെ വൈവിദ്ധ്യങ്ങളുടെ കോക്ക്‌ടേലുകളാക്കി. കൂടാതെ ആരംഭം മുതൽ സ്ത്രീപക്ഷത്തിന്റെ വക്താവ്.

മലയാളത്തിന്റെ കാവ്യഭാഷാക്രമം രൂപപ്പെടുത്തിയ എഴുത്തച്ഛന്റെ പേരിലുള്ള പുരസ്‌ക്കാരത്തിന് ഇത്തവണ, പതിറ്റാണ്ടുകളായി ഭാഷയിൽ നവക്രമങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന, മേതിൽ രാധാകൃഷ്ണനാണ് സർവഥാ യോഗ്യൻ എന്ന് ജൂറി അംഗങ്ങൾ ഏകകണ്ഠമായി തീരുമാനിക്കുന്നു, നിർദ്ദേശിക്കുന്നു. '