-
തൃശൂര്‍: മലയാളത്തിന്റെ പ്രിയകഥാകാരന്‍ സി.വി ശ്രീരാമന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് അയനം-സി.വി ശ്രീരാമന്‍ കഥാപുരസ്‌കാരത്തിന് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ഒരു പാട്ടിന്റെ ദൂരം എന്ന കഥാസമാഹാരം അര്‍ഹമായി.11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വൈശാഖന്‍ ചെയര്‍മാനും ടി. ആര്‍ അജയന്‍,ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി തിരഞ്ഞെടുത്തത്.
മലയാളിയുടെ അശാന്തവും ആകുലവുമായ സാമൂഹികജീവിതപരിച്ഛേദങ്ങള്‍ സൂക്ഷമമായി ഒപ്പിയെടുത്തതാണ് ഒരു പാട്ടിന്റെ ദൂരം എന്ന കഥാസമാഹാരം. മൂല്യവിപര്യയങ്ങളെക്കുറിച്ചുള്ള കടുത്ത ഉത്കണ്ഠയും ഇടത്തരക്കാരന്റെ നിസ്സഹായമായ ചാഞ്ചാട്ടവും ചരിത്രത്തില്‍ നിന്ന് പുറത്താക്കപ്പെട്ടവരുടെ ദീനയാഥാര്‍ഥ്യങ്ങളും കഥാകൃത്ത് ആലേഖനം ചെയ്തിരിക്കുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു. നവീനമലയാളകഥയിലെ ഭാവുകത്വവ്യതിയാനത്തിന്റെ ശക്തനായ പ്രതിനിധിയാണ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവെന്നും ഡിജിറ്റല്‍ സാങ്കേതികവിദ്യ മലയാളിയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന മൂല്യങ്ങളുടെ കുഴമറിച്ചിലും ആഘാതവും ഇത്രയേറെ വൈവിധ്യത്തോടെ കഥയിലേക്ക് കൊണ്ടുവന്നവര്‍ അപൂര്‍വമാണെന്നും ജൂറി വിലയിരുത്തി.
Content Highlights: Malayalam writer Shihabuddin Poythumkadavu won Ayanam C.V Sreeraman Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..