കല്പറ്റ: നാടകമെന്നാൽ നാടിന്റെ കഥയാണ്...മനുഷ്യജീവിതത്തിന്റെ വൈകാരിക സംഘട്ടനങ്ങളുടെ കഥയാണ്. നാടും മനുഷ്യനും ഉള്ളടിത്തോളം കഥകളുണ്ടാവും, ഓരോ നാടിനും പറയാൻ ഓരോ കഥകളുണ്ടാവും. കഴിഞ്ഞുപോയ കാലങ്ങളെ അനുഭവങ്ങളിലൂടെ അവതരിപ്പിക്കുമ്പോൾ അതൊരു പുതിയ കഥയാവും. ചിലപ്പോൾ പുതിയ കാലത്തിന് പഠിക്കാനുള്ള പാഠവുമാവും. സാന്ദ്രാ കമ്യൂണിക്കേഷന്റെ പുതിയ നാടകത്തിന്റെ പണിപ്പുരയിലിരുന്ന് പഴയകാലം ഓർക്കുകയാണ് പി.സി. സഖറിയാസ്.
പ്രകൃതിയെ ദൈവത്തെപ്പോലെ കണ്ട് മണ്ണിനെ പ്രാർഥിച്ച് വിത്തിറക്കി രാവന്തിയോളം പണിയെടുക്കുന്നൊരു ജനതയുണ്ടായിരുന്നു. അധ്വാനമായിരുന്നു അവർക്കെല്ലാം. എല്ലുമുറിയെ പണിതായിരുന്നു ചോറു തിന്നിരുന്നത്. ഇല്ലായ്മകളുടെയും വല്ലായ്മകളുടെയും കാലമായിരുന്നു അന്ന്. ചെറിയ ഒത്തുചേരലുകളിൽ വരെ വലിയ സന്തോഷമുണ്ടായിരുന്ന കാലം. അന്ന് കൊയ്ത്തു കഴിഞ്ഞാൽ നെൽപ്പാടങ്ങളിൽ പണിയ സമുദായത്തിന്റെ കുറത്തിനാടകങ്ങൾ അരങ്ങേറുമായിരുന്നു. പലപ്പോഴും നാട്ടുകാർ ചേർന്നാണ് അത് സംഘടിപ്പിക്കുന്നത്. ആട്ടവും പാട്ടുമൊക്കെയായി ആഘോഷം ചിലപ്പോൾ പുലർച്ചെവരെ നീളും. മറ്റ് വിനോദമാർഗങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാലാണ് നാടകത്തിന് അത്രയും സ്വീകാര്യത കിട്ടിയത്. കുറത്തി നാടകത്തിൽ അവസരം ചോദിച്ചു വാങ്ങിയാണ് ഞാൻ നാടകത്തിൽ എത്തിയത്. അഭിനയമോഹിയായ എന്റെയും ആദ്യവേദി കൊയ്ത്തുകഴിഞ്ഞ പാടം തന്നെയായിരുന്നു. അഞ്ചുപതിറ്റാണ്ടായി ഇപ്പോൾ നാടകത്തിന്റെ വഴിയേയാണ് സഖറിയാസ്. അമെച്ചർ നാടകങ്ങളിൽനിന്ന് 1985-ൽ പ്രൊഫഷണൽ നാടക ട്രൂപ്പായ കലാനിലയം നാടകവേദിയിലെത്തി. 1997-ൽ സാന്ദ്രാ കമ്യൂണിക്കേഷൻസ് എന്ന പേരിൽ സ്വന്തം നാടകട്രൂപ്പ് തുടങ്ങി. പുതിയ നാടകങ്ങളുമായി ഇപ്പോഴും മുന്നോട്ടുപോവുകയാണ് സാന്ദ്രാ കമ്യൂണിക്കേഷൻസ്.
ഓലപ്പുരകളും ഓർമ്മകളും
പണ്ടൊക്കെ ഓലപ്പുരകളും പുല്ലുപുരകളിലുമായിരുന്നു. ഉള്ളതിൽ സന്തോഷം കണ്ടെത്തി ജീവിച്ചിരുന്ന കാലം. അരിയും മണ്ണെണ്ണയും വരെ പരസ്പരം കൈമാറിയായിരുന്നു. എത്രയോ തവണ അയൽവീടുകളിൽ പോയി അരിയും മണ്ണെണ്ണയും വാങ്ങിയിട്ടുണ്ട്. പരിമിതമായ ജീവിത സാഹചര്യങ്ങളെയുള്ളുവെങ്കിലും ഒത്തൊരുമയും സൗഹൃദങ്ങളും വലുതായിരുന്നു. ഈ ഓർമ്മകളും അനുഭവങ്ങളും നാടകത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്നത്തെപ്പോലെയുള്ള അടിസ്ഥാനസൗകര്യങ്ങൾ അന്ന് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. ആഴ്ചയിലൊരിക്കലാണ് ചന്തയിലൊക്കെ പോവുക. ചൂട്ട് കത്തിച്ച് ഒരുകൂട്ടം ആളുകൾ ഒന്നിച്ചാണ് മടങ്ങുക.
അന്നുണ്ടായിരുന്ന കുറേ കാര്യങ്ങൾ ഇന്ന് അന്യം നിന്നുപോയി. കുറത്തി നാടകങ്ങൾ ഇല്ലാതായെന്നു തന്നെ പറയാം. അമെച്ചർ നാടകങ്ങളും കുറഞ്ഞു. കാലാനുസൃതമായ വികസനത്തിനൊപ്പം പരമ്പരാഗത കലയേയും മൂല്യങ്ങളെയും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
Published: 29 Oct 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented