തൃശ്ശൂര്‍: എഴുത്തച്ഛന്‍ എന്ന മലയാളത്തിന്റെ എക്കാലത്തെയും സമകാലീനകവിയുടെ പേരിലുള്ള പുരസ്‌കാരം ഏറെ സന്തോഷം നല്‍കുന്നെന്ന് കെ.ജി. ശങ്കരപ്പിള്ള. നീതിയുടേതായ പാതിപക്ഷത്താണ് തന്റെ എഴുത്തിന്റെ നില്‍പ്പ്. അതിനിയും തുടരും. പുരസ്‌കാരലബ്ധി അത്തരം നിലപാടുകളെ ഒരുവിധത്തിലും ബാധിക്കില്ലെന്നും ബെംഗളൂരുവിലുള്ള അദ്ദേഹം ഫോണില്‍ 'മാതൃഭൂമി'യോട് പറഞ്ഞു.

To advertise here,

''എഴുത്തച്ഛന്റെ കാവ്യപ്രപഞ്ചം കടലാണ്, അവിടെനിന്ന് ആര്‍ക്കും വേണ്ടത് കോരിയെടുക്കാം. മൂന്നു പതിറ്റാണ്ടോളം പഠിപ്പിച്ച ആ എഴുത്തുകളില്‍ പലതരം വ്യാഖ്യാനങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുമുണ്ട്. നീതിയുടെ പര്യായമാണ് ആ കൃതികള്‍. അന്നത്തെ സമൂഹത്തിന്റെ മാനസികവ്യഥ മാറ്റാനുള്ള ശ്രമം അതില്‍ തെളിഞ്ഞുകാണാം, കാരുണ്യവും. ഗാന്ധാരീവിലാപത്തില്‍ ദൈവത്തിന്റെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന സ്ത്രീയെ അക്കാലത്ത് അവതരിപ്പിച്ച എഴുത്തച്ഛന്‍ എനിക്ക് ഏറ്റവും സമകാലീനനാണ്. അതും സന്തോഷം. ആ പുരസ്‌കാരം ഇതുവരെ കിട്ടിയവരും മഹാന്മാരാണ്, അതും ഏറെ സന്തോഷം'' -കെ.ജി.എസ്. പ്രതികരിച്ചു.