തിരുവനന്തപുരം: പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനസർക്കാരിന്റെ പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ഇന്ന് കവിതയ്ക്ക് രാഷ്ട്രീയം അന്യമല്ല, അത് ഇടതുവിരുദ്ധമെങ്കിൽ ഉത്കൃഷ്ടവും മറിച്ചാണെങ്കിൽ അധമവും എന്നനിലയ്ക്കുള്ള വിലയിരുത്തലിനോട് യോജിക്കാനാകില്ല. ഭാഷയിലും സാഹിത്യത്തിലും സാമൂഹികജീവിതത്തിലും എഴുത്തച്ഛൻ സ്വീകരിച്ചത് വിപ്ലവകരമായ നിലപാടുകളാണ്.

ആ പാതപിന്തുടർന്ന് ആധുനിക മലയാളകവിതയിൽ ഭാവുകത്വപരിണാമം കൊണ്ടുവരാൻ പരിശ്രമിച്ച കവിയാണ് കെ.ജി.എസെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി സജി ചെറിയാൻ അധ്യക്ഷതവഹിച്ചു. മേയർ വി.വി. രാജേഷ്, സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ജോയിന്റ് സെക്രട്ടറി എം. രജനി, കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ സംസാരിച്ചു.

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ഫെബ്രുവരി ഒന്നിന് കെ.ജി. ശങ്കരപ്പിള്ള വായനക്കാരുമായി സംവദിക്കും.

മുട്ടിനുതാഴെ മുറിഞ്ഞുപോയ കാലാണ് എനിക്ക് കവിത

കവിത ചിലപ്പോഴെങ്കിലും മുട്ടിനുതാഴെ മുറിഞ്ഞുപോയ ഒരു കാലാണെന്ന് പുരസ്കാരം സ്വീകരിച്ച് സംസാരിക്കവേ കെ.ജി. ശങ്കരപ്പിള്ള പറഞ്ഞു. ഇനിയൊരിക്കലും പണ്ടേപ്പോലെ ചവിട്ടിനടക്കാനാകാത്ത മണ്ണിനെ ആ മുറിഞ്ഞുതുടങ്ങുന്ന കാല് നോക്കുന്ന നോട്ടം തീക്ഷ്ണമാണ്.

കവിത ഇന്ന് പ്രവചനമല്ല, അനുഭൂതികൾ കൊണ്ടെഴുതപ്പെടുന്ന ചരിത്രമാണ്. നീതിക്കുവേണ്ടി പോരാടിയ ജടായുവിനെ ഒരു സ്വേച്ഛാധിപതിയുടെ വജ്രായുധത്തിന് മുറിച്ചെറിയാനായേക്കും.

എന്നാൽ, ഒരു വജ്രായുധത്തിനും നീതിയെ മുറിവേൽപ്പിക്കാനാകില്ല, നീതിബോധത്തിന്റെ ആഴങ്ങളിൽനിന്നാണ് എന്നിൽ കവിതയുദിക്കുന്നത്. ആ കവിതയാണ് എന്റെ സ്വാതന്ത്ര്യം. മനുഷ്യത്വത്തിനെതിരായ നിന്ദയാണ് ജാതി. വിശ്വാസത്തിനെതിരായ നിന്ദയാണ് വർഗീയത. അവയ്ക്കെതിരേ സമൂഹമുയർത്തുന്ന ധാർമികപ്രതിരോധത്തിന്റെ ഭാഗമാകുമ്പാേഴാണ് നല്ല വാക്കുകൾ പുരസ്കാരങ്ങളാകുന്നത്- കെ.ജി.എസ്. പറഞ്ഞു.