തിരുവനന്തപുരം: അമ്മയുടെ മടിയിൽക്കിടന്ന് പുരാണകഥകൾ കേട്ടപ്പോൾ കുഞ്ഞുമനസ്സിലുയർന്ന സംശയങ്ങളുടെ ആവർത്തനമാണ് ‘ആത്രേയകം’ വായിച്ചപ്പോൾ അനുഭവിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 50-ാമത് വയലാർ അവാർഡ് എഴുത്തുകാരി ആർ. രാജശ്രീക്കു സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ആത്രേയകം’ എന്ന നോവലിനാണ് അവാർഡ്.

To advertise here,

സീതയെ ലക്ഷ്മണൻ കാട്ടിൽ ഉപേക്ഷിക്കുന്ന കഥ കേട്ടപ്പോൾ, അച്ഛൻ ഉപേക്ഷിച്ചിട്ട് കൊച്ചച്ഛൻ അമ്മയെ കാട്ടിൽ കൊണ്ടുപോയിക്കളഞ്ഞാൽ അമ്മ സമ്മതിക്കുമോ എന്നായിരുന്നു തന്റെ ചോദ്യം. കൊട്ടാരം പണിയാൻ ഖാണ്ഡവവനം ദഹിപ്പിച്ച കഥ കേട്ടപ്പോൾ, വീടിനുമുന്നിലെ സർപ്പക്കാവ് ഓർത്ത് അവിടത്തെ പക്ഷികളും മൃഗങ്ങളും കരിഞ്ഞുപോകില്ലേ, അവയ്ക്ക് കൂടില്ലാതാകില്ലേ എന്നും ചോദിച്ചു.

ഇക്കാര്യം വലുതായശേഷം അമ്മതന്നെയാണ് പറഞ്ഞുതന്നതെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു. അവാർഡ് കൂടുതൽ എഴുതാനുള്ള വലിയ ഉത്തരവാദിത്വം കൂടിയാണെന്നും എഴുത്തിലെ ഇടവേള കുറച്ച് കൂടുതൽ എഴുതണമെന്നും രാജശ്രീയോടു അദ്ദേഹം അഭ്യർഥിച്ചു. മന്ത്രി പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി.
 

‘ആത്രേയകം’ നോവലിനെക്കുറിച്ച് ജൂറി അംഗം ഒ.വി.ഉഷ സംസാരിച്ചു. കവി പ്രഭാവർമ വയലാർവർഷ സമാപനപ്രഭാഷണം നടത്തി. വയലാർ രാമവർമ ട്രസ്റ്റ് അംഗങ്ങളായ ഡോ. വി. രാമൻകുട്ടി, ശാരദാ മുരളീധരൻ, സെക്രട്ടറി അഡ്വ. ബി. സതീശൻ എന്നിവർ പ്രസംഗിച്ചു.

“മരണമില്ലാത്ത വയലാർ” എന്നപേരിൽ 50 കുട്ടികളുടെ ഗാനാഞ്ജലിയുണ്ടായിരുന്നു. മത്സരങ്ങളിൽ ജേതാക്കളായവർക്കുള്ള സമ്മാനങ്ങൾ സമ്മാനിച്ചു.
 

മാതൃഭൂമിക്ക് നന്ദിപറഞ്ഞ് ആർ. രാജശ്രീ

സാമൂഹികമാധ്യമത്തിൽ എഴുതിയത് ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത’ എന്നപേരിൽ നോവലാക്കി പ്രസിദ്ധീകരിക്കാൻ ആർജവം കാട്ടിയ മാതൃഭൂമി ബുക്‌സിനോട് നന്ദിയുണ്ടെന്ന് ആർ. രാജശ്രീ മറുപടിപ്രസംഗത്തിൽ പറഞ്ഞു. ആദ്യപുസ്തകമായി വന്ന അത് സ്വീകരിക്കപ്പെട്ടപ്പോഴുണ്ടായ പ്രചോദനമാണ് ആത്രേയകത്തിന്റെ രചനയിലേക്ക് നയിച്ചതും.

വയലാർ അവാർഡ് നേടിയ എഴുത്തുകാരന് മറുപടിപ്രസംഗം സാഹിത്യനിരീക്ഷണങ്ങളിൽ അവസാനിപ്പിക്കാം. എന്നാൽ, മറ്റെല്ലാ കാര്യത്തിലുമെന്നപോലെ എഴുത്തുകാരിക്ക് ഒരു ഖണ്ഡിക കൂടുതൽ പറയേണ്ടതുണ്ടെന്ന് ആർ. രാജശ്രീ പറഞ്ഞു.
 

സ്ത്രീകളുടെ ചില തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ് ആ ഖണ്ഡിക. ‘ഇത്രയുംകാലം എവിടെയായിരുന്നു’ എന്ന ചോദ്യം നേരിട്ടിട്ടുണ്ട്. എഴുത്തിൽ ഇല്ലാതിരുന്ന ആ കാലം കേരളത്തിലെ ഒരു മധ്യവർഗ വീട്ടമ്മയായാണ് ജീവിച്ചതെന്നായിരുന്നു അതിനുള്ള മറുപടി - രാജശ്രീ പറഞ്ഞു.