ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) അതിവേഗ വളർച്ച മനുഷ്യജീവിതത്തെയും സർഗാത്മകതയെയും സ്വാധീനിക്കുന്ന കാലത്ത്, മനുഷ്യൻ എന്ന വാക്കിന് പ്രത്യേക പ്രാധാന്യം നൽകി കേംബ്രിഡ്ജ് നിഘണ്ടു. 2026ലെ വാക്കായി (Word of the Year) 'Human' എന്ന വാക്കിനെയാണ് കേംബ്രിഡ്ജ് തിരഞ്ഞെടുത്തത്.

To advertise here,

മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എന്താണ് മനുഷ്യനെന്ന ചോദ്യവും മനുഷ്യന്റെ തനതായ സവിശേഷതകൾ എന്തൊക്കെയാണെന്ന ചർച്ചകളും ആഗോളതലത്തിൽ സജീവമായതാണ് ഈ തിരഞ്ഞെടുപ്പിന് പിന്നിൽ.

ദൈവങ്ങളിൽനിന്നും മൃഗങ്ങളിൽനിന്നും യന്ത്രങ്ങളിൽനിന്നും വ്യത്യസ്തമായി മനുഷ്യർക്കുള്ള ഗുണങ്ങളും കുറവുകളും വികാരങ്ങളും ഉൾക്കൊള്ളുന്നതാണ് 'Human' എന്ന വാക്കിന്റെ കേംബ്രിഡ്ജ് നിഘണ്ടുവിലെ നിർവചനം.

Read also:സലിൽ ചൗധരി: കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം, നാടകക്കാരനും കവിയും ചിന്തകനും ആയി കൂടെ നടന്ന ഒരാൾ 

നിർമിതബുദ്ധി മനുഷ്യന്റെ ചിന്താശേഷി, സർഗാത്മകത, തൊഴിൽമേഖലകൾ എന്നിവയെ എത്രത്തോളം സ്വാധീനിക്കുമെന്ന ആശങ്കകൾ ശക്തമാകുന്നതിനിടെ 'Human' എന്ന വാക്കിന്റെ ഉപയോഗത്തിലും വർധനയുണ്ടായതായി നിഘണ്ടുവിന്റെ എഡിറ്റർമാർ ചൂണ്ടിക്കാട്ടുന്നു. 'Human-made', 'Human-written', 'Human-generated' തുടങ്ങിയ പ്രയോഗങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. നിർമിതബുദ്ധി സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളിൽനിന്ന് മനുഷ്യൻ സൃഷ്ടിക്കുന്നവയെ വേർതിരിച്ചറിയാനുള്ള താൽപര്യവും ഇത്തരം പ്രയോഗങ്ങളുടെ വർധനയ്ക്ക് കാരണമായി.

മനുഷ്യന്റെ ചിന്തകളെ നിർമിതബുദ്ധിക്ക് എത്രത്തോളം പകരംവെക്കാനാകും എന്ന ആശങ്കയാണ് ഈ വർഷത്തെ പ്രധാന ചർച്ചകളിലൊന്നെന്ന് കേംബ്രിഡ്ജ് നിഘണ്ടുവിലെ ലെക്സിക്കോഗ്രാഫറായ കോളിൻ മക്കിന്റോഷ് അഭിപ്രായപ്പെട്ടു. മനുഷ്യന്റെ സർഗാത്മകതയും ചിന്താശേഷിയും യന്ത്രങ്ങൾക്ക് കൈമാറുമ്പോൾ എന്തൊക്കെയാണ് നമുക്ക് നഷ്ടമാകുന്നതെന്ന പുനർചിന്തയും ഇതിന്റെ ഭാഗമാണ്.

നിർമിതബുദ്ധിയുടെ കാലത്ത് മനുഷ്യന്റെ സവിശേഷതകൾ എന്തൊക്കെയാണെന്ന ചോദ്യം വീണ്ടും പ്രസക്തമാകുകയാണെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ബോധം, സർഗാത്മകത, സഹാനുഭൂതി തുടങ്ങിയവയാണോ മനുഷ്യനെ യന്ത്രങ്ങളിൽനിന്ന് വ്യത്യസ്തനാക്കുന്നതെന്ന ചർച്ചയും ഇതോടൊപ്പം ഉയരുന്നുണ്ട്.

Read also:പൈന്റടിയില്ല; പെയിന്റടി മാത്രം

'Agent', 'Analogue', 'Wholesome' തുടങ്ങിയ വാക്കുകളും 2026ലെ വാക്കിനായുള്ള പരിഗണനയിലുണ്ടായിരുന്നു. മനുഷ്യന്റെ ഇടപെടലില്ലാതെ സങ്കീർണമായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന AI സംവിധാനങ്ങളെയാണ് 'Agent' എന്ന വാക്ക് സൂചിപ്പിക്കുന്നത്. ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതികവിദ്യയും ഒഴിവാക്കിയുള്ള ജീവിതരീതികളോടുള്ള താൽപര്യത്തെയാണ് 'Analogue' എന്ന വാക്കിന്റെ പുതിയ ഉപയോഗം അടയാളപ്പെടുത്തുന്നത്.

സാങ്കേതികവിദ്യ മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുമ്പോൾ മനുഷ്യന്റെ സ്വത്വവും സവിശേഷതകളും വീണ്ടുമൊരു ചർച്ചയാകുന്നു എന്നതിന്റെ ഭാഷാപരമായ അടയാളം കൂടിയാണ് കേംബ്രിഡ്ജ് നിഘണ്ടുവിന്റെ ഈ തിരഞ്ഞെടുപ്പ്.