കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ ഇന്റേണൽ മാർക്ക് രേഖപ്പെടുത്തുന്നതിനുള്ള സർവകലാശാലയുടെ ഔദ്യോഗിക പോർട്ടൽ ഹാക്ക്‌ ചെയ്തതിന്‌ തെളിവില്ലെന്ന വിശദീകരണവുമായി സർവകലാശാല.

To advertise here,

നാലുവർഷ ഒാണേഴ്സ് ബിരുദത്തിന്റെ ഭാഗമായി ഓരോ വിദ്യാർഥിയും ആർജിച്ച സി.സി.എ. മാർക്ക് (ഇന്റണൽ ) രേഖപ്പെടുത്തുന്നതിന്‌ എം.ജി.യു. യു.ജി.പി.-ഇ.ഡി.പി. എന്ന ഔദ്യോഗിക പോർട്ടലിൽ ഹാക്കിങ്‌ നടന്നതായി കണ്ടെത്താനിയിട്ടില്ലെന്നാണ്‌ വിശദീകരണം.

പോർട്ടൽ ഹാക്ക്‌ ചെയ്തെന്നാണ്‌ കോൺഗ്രസ് അനുകൂല അധ്യാപകസംഘടന കെ.പി.സി.ടി.എ.യും സിൻഡിക്കേറ്റും ഉന്നയിച്ച ആരോപണം.

ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട്‌ എ.കെ.പി.സി.ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി എ. നിശാന്ത് വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. ഇതിന്‌ മറുപടിയായാണ് രജിസ്‌ട്രാർ വിശദീകരണക്കത്ത്‌ നൽകിയത്‌.

വിദ്യാർഥികളുടെ സി.സി.എ. മാർക്ക്‌ രേഖപ്പെടുത്തുന്നതിന് ഫാക്കൽറ്റി അംഗങ്ങൾക്കായി എ.കെ.പി.സി.ടി.എ. തയ്യാറാക്കിയ സി.സി.എ. ഫോം ജനറേറ്റർ മുഖേന ഔദ്യോഗിക പോർട്ടലിലെ വിവരങ്ങൾ ഹാക്ക്‌ ചെയ്തെന്നായിരുന്നു ആരോപണം.

സി.സി.എ. ഫോം ജനറേറ്റർ എം.ജി.യു. യു.ജി.പി.-ഇ.ഡി.പി പോർട്ടലിന്റെ ഭാഗമല്ലെന്നും ഇത്‌ രണ്ടും വ്യത്യസ്ത പോർട്ടലുകളാണെന്നും കത്തിലുണ്ട്‌. സി.സി.എ. ഫോം ജനറേറ്റർ എന്നത് ഒരു സഹായക സംവിധാനം മാത്രമായിരുന്നു. സ്കോറുകൾ കണക്കാക്കുന്നതിനോ, രേഖപ്പെടുത്തുന്നതിനോ അത് നിർബന്ധമായി ഉപയോഗിക്കേണ്ടതല്ല. എം.ജി.യു. യു.ജി.പി.- ഇ.ഡി.പി. ഇന്റേണൽ മാർക്ക്‌ രേഖപ്പെടുത്തുന്നതിന്റെ ഔദ്യോഗിക പോർട്ടലാണ്‌.

എം.ജി.യു. യു.ജി.പി.-ഇ.ഡി.പി. പോർട്ടലിലേക്ക്‌ അനധികൃതമായി കടന്നുകയറിയതിനോ, സുരക്ഷാ വീഴ്ചയുണ്ടായതിനോ തെളിവായി കണക്കാക്കാൻ കഴിയില്ല. ഇത്‌ കണ്ടെത്തുന്നതിന്‌ കൂടുതൽ സാങ്കേതികത്തെളിവുകൾ ആവശ്യമാണെന്നും കത്തിൽ പറയുന്നു.

ഹാക്കിങ് വിഷയവുമായി ബന്ധപ്പെട്ട് അനാവശ്യമായി എ.കെ.പി.സി.ടി.എ.യുടെ പേര് വലിച്ചിഴച്ച് പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയവർക്കെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന സെക്രട്ടറി പ്രൊഫ. ഡോ. ജേക്കബ് എബ്രഹാം അറിയിച്ചു.