വാഷിങ്ടൺ: എഐ, അത്യാധുനിക സെമികണ്ടക്ടർ ചിപ്പുകൾ തുടങ്ങിയ നിർണായക സാങ്കേതികവിദ്യകളുടെ വിതരണ ശൃംഖല സുരക്ഷിതമാക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിച്ച ആഗോള കൂട്ടായ്മയിൽ പങ്കാളിയായി ഇന്ത്യ. ചൈനയിൽനിന്നുള്ള സുരക്ഷാ വെല്ലുവിളികൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ, ഇസ്രയേൽ, ബ്രിട്ടൻ, ദക്ഷിണ കൊറിയ, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും 'സാൻ ഫ്രാൻസിസ്കോ ഡിക്ലറേഷൻ ഓൺ ദി സെക്യൂർ ഫൗണ്ടേഷൻസ് ഓഫ് എൻഡ്യൂറിങ് പ്രോസ്പെരിറ്റി' എന്ന കരാറിൽ ഒപ്പുവെച്ചത്. ജർമനി, സ്വീഡൻ, നെതർലൻഡ്സ്, യൂറോപ്യൻ കമ്മിഷൻ എന്നിവയും വരുംആഴ്ചകളിൽ കരാറിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

ആഗോള എഐ വ്യവസായത്തിന് ആവശ്യമായ സെമികണ്ടക്ടറുകൾ, നിർണായക ധാതുക്കൾ, അടിസ്ഥാന ഊർജസൗകര്യങ്ങൾ, അത്യാധുനിക ഉൽപ്പാദന സംവിധാനങ്ങൾ, ഡാറ്റാ സെന്ററുകൾ എന്നിവയുടെ സുരക്ഷയും പ്രതിരോധശേഷിയും ഉറപ്പാക്കാൻ അമേരിക്ക രൂപവത്കരിച്ച 'പാക്സ് സിലിക്ക' സംരംഭത്തിന്റെ ഭാഗമായാണ് പുതിയ കരാർ. 2025 ഡിസംബറിൽ അമേരിക്ക തുടക്കമിട്ട ഈ സഖ്യത്തിൽ 2026 ഫെബ്രുവരിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിലാണ് ഇന്ത്യ ഔദ്യോഗികമായി അംഗമായത്.

അമേരിക്കൻ കമ്പനിയായ എൻവിഡിയയുടെ അത്യാധുനിക ചിപ്പുകൾ ചൈനയിലെത്തുന്നത് തടയാൻ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പുതിയ നീക്കം. മൂന്നാം ലോകരാജ്യങ്ങൾ വഴിയും വിദേശ ഡാറ്റാ സെന്ററുകൾ വഴിയും സാങ്കേതികവിദ്യ ചൈനയിലെത്താനുള്ള സാധ്യത അമേരിക്കയ്ക്ക് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

പങ്കാളിത്ത രാജ്യങ്ങളിലെ സാങ്കേതികവിദ്യകളും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള പൊതുവായ ചട്ടക്കൂട് രൂപീകരിക്കുകയാണ് കരാറിന്റെ പ്രധാന ലക്ഷ്യം. ചിപ്പ് രൂപകൽപ്പന, നിർമാണത്തിനാവശ്യമായ യന്ത്രങ്ങൾ, ഷിപ്പിങ് തുറമുഖങ്ങൾ തുടങ്ങിയവ വിവിധ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് യുഎസ് സാമ്പത്തികകാര്യ അണ്ടർ സെക്രട്ടറി ജേക്കബ് ഹെൽബെർഗ് വ്യക്തമാക്കി.

വിതരണ ശൃംഖലയിലെ ദൗർബല്യങ്ങൾ കണ്ടെത്തുക, വിവരങ്ങൾ കൈമാറുക, എഐ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അംഗരാജ്യങ്ങൾ പ്രത്യേക പ്രവർത്തക സംഘങ്ങൾക്കും രൂപംനൽകുമെന്നും അദ്ദേഹം അറിയിച്ചു.