കാക്കനാട് മാതൃഭൂമി ബുക്സ് സ്റ്റോറിൽ ഒരുക്കിയ സംഭാഷണത്തിൽ പങ്കെടുക്കുകയായിരുന്നു ലെന

കൊച്ചി: ഹോർമോൺ കോളിളക്കങ്ങളുടെ കാലം കഴിഞ്ഞ് ഇപ്പോൾ നാല്പത്തഞ്ചാം വയസ്സിൽ താൻ ജീവിതത്തിന്റെ ഏറ്റവും നല്ല നിമിഷത്തിലാണ് ജീവിക്കുന്നതെന്ന് നടിയും എഴുത്തുകാരിയുമായ ലെന. ‘വിമൻ-ഒ-പോസ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കാക്കനാട് മീഡിയ അക്കാദമിക്ക് എതിർവശത്തെ സിവിൽലൈൻ ബൈപ്പാസ് റോഡിലെ മാതൃഭൂമി ബുക്സ് സ്റ്റോറിൽ ഒരുക്കിയ സംഭാഷണത്തിൽ പങ്കെടുക്കുകയായിരുന്നു ലെന.
ലെനയുടെ ‘വിമൻ-ഒ-പോസ്’ എന്ന പുസ്തകം ഓൺലൈനായി വാങ്ങാം
‘‘നടി ആകുന്ന കാര്യം ഒരിക്കലും പ്ലാൻ ചെയ്തതായിരുന്നില്ല. അതുപോലെ തന്നെയാണ് എഴുത്തുകാരിയായതും. തലയിലെ ആശയങ്ങൾ എന്നെ വീർപ്പുമുട്ടിക്കുമ്പോൾ ചിന്തിച്ച് പിന്നാലെ നടക്കും, പിന്നെ എഴുതിത്തുടങ്ങും. അങ്ങനെയാണ് ദ ഓട്ടോ ബയോഗ്രഫി ഓഫ് ഗോഡ് എന്ന പുസ്തകവും എഴുതിയത്.’’-ലെന പറഞ്ഞു.
‘‘നാല്പത്തിമൂന്നാം വയസ്സിൽ ഉണ്ടായ പ്രശ്നങ്ങൾക്ക് രണ്ടുവർഷം കഴിഞ്ഞപ്പോൾ ഉത്തരം കിട്ടിയിരിക്കുന്നു. അതെന്റെ ഏറ്റവും വിഷമകരമായ കാലമായിരുന്നു. സിനിമയിൽനിന്ന് അവധിയെടുത്തു. അമേരിക്കയിലേക്ക് താമസം മാറ്റി. ആഹാരം ഉൾപ്പെടെ പല ശീലങ്ങളിലും മാറ്റമുണ്ടായി. അതിനിടെ ഒരു പെണ്ണിന്റെ ജീവിതത്തിലെ പ്രായപ്പകർച്ചയുടെ പ്രശ്നങ്ങൾ എനിക്കും ഉണ്ടായി. ശരീരത്തിലും മനസ്സിലും മാറ്റങ്ങളുണ്ടായി. അതൊക്കെ എന്തുകൊണ്ടെന്നത് എനിക്കുപോലും അറിയുമായിരുന്നില്ല. അതിനെ കുറിച്ച് ആഴത്തിൽ അന്വേഷിച്ചപ്പോഴാണ് ഉത്തരങ്ങൾ കിട്ടിയത്. അത് പരിഹരിക്കാനാകുമെന്നും ഫങ്ഷണൽ മെഡിസിന് ഇക്കാര്യത്തിൽ കുറേ ചെയ്യാനാകുമെന്നും അനുഭവത്തിലൂടെ അറിഞ്ഞു.’’-ലെന പറഞ്ഞു.
ദൈവത്തിന്റെ ആത്മകഥ (ദ ഓട്ടോ ബയോഗ്രഫി ഓഫ് ഗോഡ്) എന്ന പുസ്തകം ഓൺലൈനായി വാങ്ങാം
‘‘ആ കാലത്ത് സഹിഷ്ണുതയുടെ നെല്ലിപ്പലകയിലാണ് സ്ത്രീകളുടെ ജീവിതം. ഗന്ധങ്ങൾക്ക് തീക്ഷ്ണത കൂടുതൽ തോന്നും. ശബ്ദങ്ങൾ കഠോരമായി തോന്നും. പല സന്ദർഭങ്ങളും അസംബന്ധവും അസഹ്യവുമാകും. ഹോർമോൺ മാറ്റമാണെല്ലാത്തിനും പിന്നിൽ. പക്ഷേ, കുടുംബത്തിന്റെ നട്ടെല്ലായ സ്ത്രീകൾക്ക് ഉള്ളിലുണ്ടാവുന്ന ഉലച്ചിൽ പുരുഷന്മാർക്ക് മനസ്സിലാകില്ല. എന്തിന് അതനുഭവിക്കുന്ന സ്ത്രീകൾക്കുപോലും പിടികിട്ടില്ല. മറ്റുള്ളവർ എന്തുപറയും എന്ന ആശങ്കയാണ് പലർക്കും.’’-ലെന കൂട്ടിച്ചേർത്തു.
‘‘വിവരങ്ങൾ വിരൽത്തുമ്പിലുള്ള കാലമാണ് ഇന്ന്. പക്ഷേ, വിവേകത്തോടെ ആധികാരികമായവ മനസ്സിലാക്കണമെന്നു മാത്രം. ഇന്റർനെറ്റിനെ ഒരു സർവകലാശാലയായാണ് ഞാൻ കണ്ടത്.’’-ലെന പറഞ്ഞു.
ഡോ. ജി. സൈലേഷ്യ സംഭാഷണത്തിൽ പങ്കുചേർന്നു. ചടങ്ങിൽ മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ് സ്വാഗതവും മാനേജർ ഐശ്വര്യ ദാസ് നന്ദിയും പറഞ്ഞു. ലെനയുടെ സംഭാഷണം കേൾക്കാനും പുസ്തകങ്ങൾ എഴുത്തുകാരിയുടെ കൈയൊപ്പോടെ വാങ്ങാനും ബുക്സ് സ്റ്റോറിൽ വായനക്കാരുടെ നല്ല തിരക്കായിരുന്നു.
Content Highlights: Actress and author Lena shared her personal struggles with hormonal changes during the launch of her new book 'Women-O-Pause' in Kochi. She described finding answers through deep research and functional medicine at forty-five.
Published: 16 Jul 2026, 11:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented